എന്തിനായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും ആ വഴക്ക്; വൈറലായി വിഡിയോ
Mail This Article
ജീവിതത്തിലും സിനിമയിലും ഫഹദ്-നസ്രിയ ദമ്പതികൾക്കിടയിലുള്ള രസതന്ത്രം ആസ്വദിക്കുന്നവരാണ് മലയാളികൾ. ഇരുവരും ഒന്നിച്ച് അഭിനയിച്ചപ്പോഴെല്ലാം ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിട്ടുമുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ മുഴുവൻ ഈ താര ദമ്പതികൾക്ക് ആരാധകർ ഏറെയാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച പുതിയ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സംസാര വിഷയം. ‘ലൗവ് ഹാസ് മെനി ഫ്ലേവേഴ്സ്’ എന്ന ടാഗ്-ലൈനോടെ പുറത്തിറങ്ങിയ വിഡിയോ വൈറലായി കഴിഞ്ഞു. ‘ട്രാൻസ്’ സിനിമയ്ക്കു ശേഷം ഫഹദും നസ്രിയയും സ്ക്രീനിൽ വീണ്ടും ഒന്നിച്ചപ്പോൾ ആവേശത്തോടെയാണ് ആരാധകർ അതിനെ ഏറ്റെടുത്തിരിക്കുന്നത്.
ഇരുവരും ഒന്നിച്ചു അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ബാംഗ്ലൂർ ഡേയ്സിലെ ദിവ്യ-ശിവ കഥാപാത്രങ്ങളോടു താരതമ്യപ്പെടുത്തിയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു. ഇത് സിനിമയാണോ ഷോർട്ട് ഫിലിമാണോ വെബ് സീരിയസാണോ പരസ്യചിത്രമാണോ എന്ന കൺഫ്യൂഷനിലാണ് ആരാധകർ. സെപ്റ്റംബർ 21 നു പുറത്തിറങ്ങിയ ആദ്യ വിഡിയോ ഇതിനോടകം ഒരു മില്യൻ കാഴ്ചക്കാരുമായി ട്രെൻഡിങ്ങായി തുടരുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘കോൾഡ് വാർ’ എന്ന രണ്ടാമാത്തെ വിഡിയോയ്ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യ വിഡിയോയിൽ ഇരുവരും ദേഷ്യത്തിലാണെങ്കിൽ രണ്ടാമാത്തെ വിഡിയോയിൽ ദേഷ്യം അലിഞ്ഞു ശീതസമരത്തിലേക്കു വഴിമാറുന്നുണ്ട്. അടുത്ത വിഡിയോയ്ക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്തായാലും താര ജോഡികളെ ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം സ്ക്രീനിൽ ഒരിമിച്ചു കാണാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ചലച്ചിത്ര പ്രേമികൾ.