ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി: ഇന്നസന്റിനെ ഓർത്ത് സത്യൻ

Mail This Article
മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്നസെന്റിനെ ഓർത്ത് സത്യൻ അന്തിക്കാട്. ശ്രീനിവാസനുമായി കഴിഞ്ഞ ദിവസം ഇന്നസന്റിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും അതിന്റെ ഇടർച്ചയിലാണ് എഴുതുന്നതെന്നും സത്യൻ അന്തിക്കാട് കുറിപ്പിലൂടെ പങ്കുവച്ചു. പണ്ട് സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ സത്യനും ശ്രീനിവാസനും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകുമായിരുന്നു എന്നും ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസന്റിന്റെ കയ്യിലുണ്ടാകുമെന്നും സത്യൻ അന്തിക്കാട് ഓർത്തു. ഇന്നസന്റ് ഓർമയായിട്ട് രണ്ട് വർഷം പൂർത്തിയാകുന്ന വേളയിലാണ് സത്യൻ അന്തിക്കാടിന്റെ കുറിപ്പ്.
‘‘ഇന്നസന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങൾക്കിടയിൽ നിന്ന് ഇന്നസന്റ് വിട്ടുപോയി എന്ന്.
സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാ പ്രതിസന്ധികൾ തരണം ചെയ്യാൻ.
പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മോഹൻലാൽ ചോദിച്ചു -‘‘ഇന്നസന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണമാകും?
‘അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി’, എന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ.
ഇപ്പോഴും അതി രാവിലെ ഫോൺ റിങ് ചെയ്യുമ്പോൾ ഇന്നസന്റ് ആകുമോ എന്ന് തോന്നിപ്പോകും. ആ തോന്നലുകൾക്കും ഇന്ന് രണ്ട് വയസ്സ്.’’