ADVERTISEMENT

ഉയരവും ഉത്തരവാദിത്തമില്ലായ്മയും പ്രണയത്തെ ബാധിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് ‘ലിറ്റിൽ മിസ് റാവുത്തർ’ വരുന്നത്. യഥാർഥ ജീവിതത്തിലെ പ്രണയവും സിനിമയിലെ പ്രണയവും തമ്മിലുള്ള അന്തരവും ക്യാംപസ് സൗഹൃദത്തിന്റെ ഊഷ്മളതയുമാണ് വിഷ്ണു ദേവ് തന്റെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

സിനിമയാണ് ജീവിതം എന്ന് കരുതി ജീവിച്ച ഒരു അച്ഛൻറെ മകനാണ് അഭിജിത്ത് ചന്ദ്രദാസ്. ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട അഭിജിത്തിനെ അമ്മ ശോഭന കഷ്ടപ്പെട്ടാണ് വളർത്തുന്നത്. സംവിധായകനാവണം എന്ന അഭിജിത്തിന്റെ ആഗ്രഹത്തിന് അമ്മ വലിയ പിന്തുണയാണ് നൽകുന്നത്. അഭിജിത്തിനുണ്ടാകുന്ന റൈറ്റേഴ്സ് ബ്ലോക്കിൽ നിന്നാണ് സിനിമയുടെ തുടക്കം. പിന്നീട് റൊമാന്റിക് ട്രാക്കിലേക്ക് മാറുകയാണ്.

കോളജിൽ വച്ചാണ് അഭിജിത്തും നൈനയും പരിചയപ്പെടുന്നത്. ഉയരം കൂടിയ അഭിജിത്തിന് ഉയരം കുറഞ്ഞ നൈനയോട് തോന്നുന്ന ഇഷ്ടം പ്രണയമായി മാറുന്നതും തുടർന്ന് അവർക്കിടയിൽ ഉണ്ടാകുന്ന ഇണക്കങ്ങളും പിണക്കങ്ങളും അഭിജിത്ത് സിനിമാറ്റിക് ആയി നോക്കി കാണുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമയല്ല ജീവിതം എന്ന് നല്ല ബോധ്യമുള്ള അഭിജിത്ത് യഥാർഥ ജീവിതവുമായി വളരെയധികം കണക്ട് ചെയ്യുന്ന തരത്തിലാണ് തന്റെ പ്രണയത്തെയും സിനിമയെയും നോക്കി കാണുന്നത്. ഒരു സിനിമ പ്രേമിയുടെ ആംഗിളിൽ പറഞ്ഞു പോയിരിക്കുന്നു ഒരു റൊമാൻറിക് എന്റടെയ്നർ ചിത്രമാണ് ലിറ്റിൽ മിസ് റാവുത്തർ.

ഉയരത്തിലെ വ്യത്യാസം ഒന്നും പ്രണയത്തെ ബാധിക്കുകയില്ലെന്നും എന്നാൽ അത് ചുറ്റുമുള്ള മനുഷ്യരിൽ ചിലപ്പോൾ അസ്വസ്ഥത ഉണ്ടാക്കാമെന്നും ഈ ചിത്രം പറയുന്നു. ക്യാംപസ് പ്രണയം കഥ എന്നതിലുപരി ക്യാമ്പസ് സൗഹൃദത്തിന്റെ മനോഹരമായ ഏടുകളും ഈ ചിത്രം പങ്കുവയ്ക്കുന്നു. 

96 എന്ന തമിഴ് ചിത്രത്തിലൂടെ ജനപ്രീതി നേടിയ ഗൗരി കിഷൻ ആണ് നൈന റാവുത്തർ ആയി പ്രേക്ഷക ഹൃദയം കീഴടക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്ന ഷെർഷായാണ് ഉയരം കൂടിയ അഭിജിത്ത് ആയി എത്തുന്നത്. ഇരുവരുടെയും പ്രകടനം തന്നെയാണ് ചിത്രത്തിൻറെ നട്ടെല്ല് എന്ന് ഉറപ്പിച്ചു പറയാം. പ്രണയം എന്നാൽ സന്തോഷം മാത്രമല്ല ഓർമകൾ കൂടിയാണ് എന്ന് ഈ ചിത്രം പറയുന്നു. ഓരോ നിമിഷവും ആഘോഷമാക്കുന്ന യുവത്വത്തിൻറെ നല്ല ഓർമകളും ഈ ചിത്രം പങ്കുവയ്ക്കുന്നു. ഒപ്പം കുടുംബ ബന്ധത്തിൻറെ ആഴവും ഒരു മനുഷ്യൻറെ വൈകാരികതയെ അത് എത്രമാത്രം ബാധിക്കുന്നുവെന്നും ലിറ്റിൽ മിസ് റാവുത്തറിലൂടെ പറയുന്നു. അഭിജിത്തിന്റെ അമ്മ ശോഭനയായി നന്ദിനിയും നൈനയുടെ അച്ഛനായി കെ.യു. മനോജ് കുമാറും എത്തുന്നു.

ടൈറ്റിൽ കാർഡിൽ തുടങ്ങി അതിമനോഹരമായ ഫ്രെയിമുകളാൽ സമ്പന്നമാണ് ഈ കൊച്ചു ചിത്രം. ഗോവിന്ദ് വസന്തയുടെ മ്യൂസിക് ആണ് ചിത്രത്തിന്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. മനോഹരമായ ഗാനങ്ങളാലും അതിനൊത്ത ദൃശ്യ ചാരുതയാലും ഒരുക്കിയ ഈ കൊച്ചു ചിത്രം ക്യാംപസ് മനസ്സുകളെ കീഴടക്കുമെന്നത് ഉറപ്പാണ്. യഥാർഥ പ്രണയം എന്നാൽ വിട്ടുകൊടുക്കൽ കൂടിയാണ് എന്ന സ്ഥിരം ക്ലീഷേ പല്ലവി മാറ്റി ഉത്തരവാദിത്തമില്ലായ്മയൊന്നും ചിലപ്പോൾ പ്രണയത്തെ ബാധിക്കാനിടയില്ലെന്നും, പകരം തിരഞ്ഞെടുക്കുന്ന വഴിയിലൂടെ മുന്നേറാനുള്ള ഊർജം പകരാനും പ്രണയത്തിന് കഴിയുമെന്നും ഈ ചിത്രം പറയുന്നു.

English Summary:

Little Miss Rawther is a 2023 Indian Malayalam-language musical romantic comedy film directed by Vishnu Dev. Starring Gouri G Kishan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com