‘വൈരമുത്തുവിന്റെ കയ്യൊപ്പിനുള്ളിൽ തകർന്നുപോയത് ഒരുപാട് സ്ത്രീകൾ; ഈ തീരുമാനം പുനഃപരിശോധിക്കണം’

Mail This Article
ഒഎൻവി കൾചറൽ അക്കാദമിയുടെ ഒഎൻവി സാഹിത്യ പുരസ്കാരം പ്രശസ്ത തമിഴ് കവി വൈരമുത്തുവിന്. അദ്ദേഹത്തിന്റെ കവിതകൾ കേട്ടിട്ടുണ്ട്, അതിമനോഹരം എന്നേ പറയാനുള്ളൂ. കാവ്യ നീതി വച്ച് നോക്കുമ്പോൾ പുരസ്‌കാരത്തിന് ഏറ്റവും അർഹനായ ഒരാളാണ് വൈരമുത്തു. പക്ഷേ എന്തൊക്കെയാകണം ഒരു വ്യക്തിക്ക് പുരസ്കാരം എന്ന അംഗീകാരം നൽകുമ്പോൾ കാണിക്കേണ്ട അടിസ്ഥാന മര്യാദ?
2018 ൽ ആണ് നൊബേൽ സമ്മാനം നൽകുന്നതിനിടയിൽ ഇത്തരമൊരു സംശയമുയർന്നത്. സാഹിത്യ പുരസ്‌കാരസമിതി അംഗമായിരുന്ന കവയിത്രി കാതറിൻ ഫ്രോസ്റ്റൻസന്റെ ഭർത്താവായ ജീൻ ക്ളോഡ് അർനോൾട്ട് മീ ടൂ ആരോപണ വിധേയനായതിനെത്തുടർന്നാണ് വിവാദമുണ്ടായത്. ലോകം ഉറ്റു നോക്കിയിരിക്കുന്ന ഒരു അംഗീകാരമാണ് നൊബേൽ സമ്മാനം. വിവിധ വിഷയങ്ങളിൽ ആ മേഖലകളിലെ പ്രഗത്ഭർക്കു നൽകുന്ന പുരസ്കാരം. കമ്മിറ്റി അംഗമായ കാതറിന് ഈ ആരോപണത്തിൽ നേരിട്ടുള്ള പങ്കില്ലെങ്കിൽപ്പോലും അവരുടെ ഭർത്താവ് അതിന്റെ ഭാഗമായതുകൊണ്ട് ആ വർഷത്തെ സാഹിത്യ നൊബേൽ അക്കാദമി ഒടുവിൽ വേണ്ടെന്നു വച്ചു. (2018 ലെ പുരസ്കാരം പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്കിന് നൽകുമെന്ന് 2019 ൽ പ്രഖ്യാപിച്ചു). തീർച്ചയായും സ്വീഡിഷ് അക്കാദമിയുടെ അത്ര പ്രശസ്തമല്ലെങ്കിലും നമ്മുടെ സ്വന്തം ഒഎൻവി കുറുപ്പ് എന്ന, ജ്ഞാനപീഠ പുരസ്‌കാരിതനായ എഴുത്തുകാരന്റെ പേരിലുള്ള പുരസ്കാരമാണ്, ഇപ്പോൾ അതുപോലെ ഒരു ആരോപണത്തിന്റെ മുന്നിൽനിന്ന് വിയർക്കുന്നത്.
വൈരമുത്തുവിനെതിരെ പതിനേഴോളം സ്ത്രീകളാണ് മീ ടൂ ആരോപണവുമായി ഇതുവരെ രംഗത്തു വന്നത്. ഗായിക ചിന്മയിയുടെ ആരോപണം ഇപ്പോഴും ഓർക്കുന്നു, പാടുന്നതിനു മുൻപുള്ള സമയത്ത് വരികൾ പറഞ്ഞു കൊടുക്കുന്ന വേളയിൽ തന്നെ കടന്നു പിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് അന്ന് ചിന്മയി പറഞ്ഞത്. അതുപോലെ പല സ്ത്രീകളും തങ്ങൾ അനുഭവിച്ച വൈകാരികമായ അനുഭവത്തെക്കുറിച്ച് തുറന്നെഴുതി. ഒന്നേ ചോദിക്കാനുള്ളൂ, എന്ത് വിശ്വസിച്ചാണ് ഇനിയും ഒരു ഗായിക, അല്ലെങ്കിൽ സംഗീതസംവിധായിക അദ്ദേഹത്തോടൊപ്പം ജോലി ചെയ്യേണ്ടത്? സിനിമാ ലോകത്തോട് അടുത്ത് നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളെന്ന നിലയിൽ എന്തു വിശ്വസിച്ചാണ് എത്ര മഹാനാണെങ്കിലും ഇത്രയധികം ആരോപണങ്ങൾ കേട്ട ഒരാൾക്കൊപ്പം സമാധാനത്തോടെ ജോലി ചെയ്യാനാവുക?
ജോലി എന്നത് ജെൻഡർ വ്യത്യാസം പ്രതിഫലിപ്പിക്കുന്ന ഒന്നല്ലെങ്കിലും അത്തരം വേർതിരിവുകൾ എല്ലാ മേഖലയിലുമുണ്ട്. സ്ത്രീകളെ ഉപയോഗിക്കുകയും സ്ത്രീകൾ സ്വയം ഉപയോഗിക്കുകയും ചെയ്യുന്നതും ഒരിടത്തും പുതിയ കാര്യമല്ല. എന്നാൽ ഒരു വ്യക്തിയുടെ ശരീരത്തിൽ സ്പർശിക്കുവാൻ കുറഞ്ഞത് സ്പർശിക്കപ്പെടേണ്ട ആളുടെ സമ്മതം അത്യാവശ്യമാണെന്ന ബോധ്യം ഇല്ലാത്തതാണ് ദുരന്തം. ഇഷ്ടം കൊണ്ടും വെള്ളിവെളിച്ചം കണ്ടു കൊണ്ടുമാണ് സിനിമാ മേഖലയിൽ പലപ്പോഴും സ്ത്രീകളെത്തുന്നത്. എന്നാൽ, സ്ത്രീ എന്നാൽ പുരുഷന് അയാളുടെ താല്പര്യപ്രകാരം ഉപയോഗിക്കാനുള്ള വെറും യന്ത്രം മാത്രമാണെന്ന ധാരണയിൽ ജീവിക്കുന്ന പലരുമുണ്ട്. അത്തരക്കാർക്ക് എന്ത് കൺസന്റ്? അനുവാദം വാങ്ങിയല്ല അവർക്കു പരിചയം, കൈവശപ്പെടുത്തിയാണ്. സത്യത്തിൽ മീ ടൂവിനു വിധേയരായ വേട്ടക്കാരെക്കുറിച്ച് അങ്ങനെയേ പറയാൻ കഴിയുന്നുള്ളൂ. അത്തരത്തിൽ നിരവധി സ്ത്രീകളുടെ ആരോപണത്തിനു മുന്നിൽ നിൽക്കുന്ന ഒരാൾക്കു കേരളം മുഴുവൻ ബഹുമാനിക്കുന്ന സ്നേഹമയനായ ഒരു കവിയുടെ പേരിലുള്ള പുരസ്കാരം നൽകുമ്പോൾ തീർച്ചയായും ബന്ധപ്പെട്ട അക്കാദമി വേണ്ടത്ര ശ്രദ്ധ നൽകേണ്ടിയിരുന്നു.
‘ഒരു വ്യക്തിക്ക് പുരസ്കാരം നൽകുന്നത് അയാളുടെ കഴിവിനാണ് അല്ലാതെ സ്വകാര്യ ജീവിതം നോക്കിയല്ല’ –
വൈരമുത്തുവിനെതിരെ സംസാരിച്ച സ്ത്രീകളുടെയൊക്കെ പോസ്റ്റിന്റെ മറുവാദമായി ഉന്നയിക്കപ്പെടുന്നത് ഇതാണ്. രസകരമായ ഒരു നിരീക്ഷണം, അദ്ദേഹത്തിനുള്ള പിന്തുണയത്രയും പുരുഷന്മാരുടെ ഭാഗത്തു നിന്നാണ് എന്നതാണ്. അല്ലെങ്കിലും പുരുഷന്മാർക്ക് എളുപ്പം അതിനെ ന്യായീകരിക്കാനും ‘ഒന്നു തൊട്ടതല്ലേ ഉള്ളൂ’, ‘ഒന്ന് പിടിച്ചു എന്നല്ലേ ഉള്ളൂ, വേറെ ഒന്നും ഉണ്ടായില്ലല്ലോ’ എന്നൊക്കെ പറയാനും വളരെയെളുപ്പമാണ്. കാരണം ആ "തൊടലിലും", "പിടിക്കലിലും" സ്ത്രീകൾ എങ്ങനെയുള്ള മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന് അവർക്കെങ്ങനെ അറിയാനാകും? അതുവരെ ആ ഒരു വ്യക്തിയിൽ വിശ്വസിച്ചിരുന്ന മനസ്സാണ് അവിടെ നഷ്ടപ്പെട്ടു പോകുന്നത്, ഒപ്പം ആരെയാണ് വിശ്വസിക്കേണ്ടത് എന്നൊരു ബോധ്യമില്ലായ്മയും ആക്രമിക്കപ്പെടുന്ന കുട്ടിക്ക് ഉണ്ടായേക്കും. വൈകാരികമായ ഈ ട്രോമാ അവരെ മനുഷ്യരെയാരെയും വിശ്വാസമില്ലാത്ത ഒരു അവസ്ഥയിലേക്കോ, ഒടുങ്ങാത്ത ഭീതിയിലേക്കോ കൊണ്ടു പോയെന്നും വരാം. ഇനിയൊരിക്കലും, ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ആ ജോലിയുടെ ഭാഗമാകാൻ പോലും അവർ ഭയപ്പെട്ടെന്നും വരാം. ഇതിനൊക്കെ കാരണക്കാരനായ ഒരാൾക്ക് ഒരു സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പുരസ്കാരം നൽകുമ്പോൾ ഒരിക്കൽ കൂടി ആലോചിക്കേണ്ടതല്ലേ?
മീ ടൂ ആരോപണങ്ങൾ പറയുക എന്നാൽ എന്നോ ഒരിക്കൽ സംഭവിച്ച, അല്ലെങ്കിൽ കടന്നു പോയ ഒരു മാനസിക അവസ്ഥയെക്കുറിച്ചു തുറന്നു പറയുക എന്നാണ്. ആ അനുഭവത്തിനു തൊട്ടുപിന്നാലെ, അവർ അനുഭവിക്കുന്ന ട്രോമയിൽനിന്നു കൊണ്ട് സ്വന്തം മാതാപിതാക്കളോടു പോലും അതു തുറന്നു പറയാൻ അവർക്കു ധൈര്യമുണ്ടായില്ലെന്നു വരും. എന്നു കരുതി, ഒരിക്കലും പറയരുത് അല്ലെങ്കിൽ മിണ്ടരുത് എന്നല്ല അതിന്റെ അർഥം. പറഞ്ഞു തീർത്താൽ മാനസിക സംഘർഷം തെല്ലൊന്ന് അടങ്ങുമെന്നുള്ളവർ അത് ഉറക്കെ പറയുക തന്നെ വേണം. ഒരാൾക്ക് അതിനുള്ള ധൈര്യം കിട്ടുകയേ വേണ്ടൂ ആ വ്യക്തിയിൽനിന്നു സമാന അനുഭവമുള്ളവർ വീണ്ടും ആരോപണങ്ങൾ ഉയർത്തിയേക്കാം, തുടക്കത്തിലേ ഒരാൾ നൽകുന്ന ധൈര്യത്തിൽ നിന്നാണ് ബാക്കിയുള്ളവരുടെ വെളിപ്പെടുത്തൽ നടക്കുന്നത്. വർഷങ്ങൾ കഴിഞ്ഞു കേസ് കൊടുക്കണമെന്ന് പറയുന്നതിൽ ലോജിക് ഇല്ലായ്മയുമുണ്ട്.
ലോക പ്രശസ്തമായ സ്വീഡിഷ് അക്കാദമിക്ക് അവരുടെ ഒരു അംഗത്തിന്റെ ഭർത്താവ് ചെയ്ത കുറ്റത്തിന്റെ പേരിൽ, ഒരു തീരുമാനം സ്വയം തിരുത്താൻ കഴിയുമെങ്കിൽ ഒഎൻവി എന്ന പ്രിയപ്പെട്ട കവിയുടെ പേരിലുള്ള അക്കാദമിക്ക് ഈ തീരുമാനത്തെയും പുനഃപരിശോധിക്കാനുള്ള ധൈര്യമുണ്ടാകണം. ഒരു പുരസ്കാരം നൽകുക എന്നതിൽക്കവിഞ്ഞ് അന്യ ഭാഷയിലുള്ള ഒരു കവിക്ക് അംഗീകാരം നൽകുമ്പോൾ അതു നമ്മുടെ ഭാഷയെയും കൂടി പ്രതിനിധാനം ചെയ്യുന്നുണ്ട്. ഭാഷ കൊണ്ടു ജീവിക്കുന്ന ഒരുപാടു സ്ത്രീകൾ ഈ തീരുമാനത്തിനെതിരാണ്. വൈരമുത്തുവിന്റെ ഒരു കവിതയ്ക്കല്ലല്ലോ പുരസ്കാരം. അദ്ദേഹം കാവ്യ ലോകത്തിനു നൽകിയ എല്ലാ വാക്കുകൾക്കുമല്ലേ. ആ കയ്യൊപ്പിനുള്ളിൽ തകർന്നു പോയ ഒരുപാട് സ്ത്രീകളുണ്ട്, അവരുടെ ആവലാതികളും ഭീതികളുമുണ്ട്. ചർച്ചയുണ്ടാകട്ടെ, ന്യായമാണ് പ്രതീക്ഷിക്കുന്നത്.