പാട്ട് പാടി ബാല, ഡ്രംസ് വായിച്ച് എലിസബത്ത്; വൈറല്‍ വിഡിയോ
Mail This Article
തന്റെ പാട്ടിനൊപ്പം ഡ്രംസിൽ താളം പിടിക്കുന്ന ഭാര്യ എലിസബത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് നടൻ ബാല. ഡ്രംസ് വായിക്കുന്നതിലുള്ള എലിസബത്തിന്റെ പ്രാവീണ്യം പരിചയപ്പെടുത്തുകയാണെന്ന് താരം. തന്റെ കൂടെ അസാധാരണ കഴിവുള്ള ഒരു സംഗീതപ്രതിഭ ഉണ്ടെന്നും അവൾ ഇപ്പോൾ മികച്ച ഒരു പ്രകടനം കാഴ്ചവയ്ക്കാന്‍ പോവുകയാണെന്നും പറഞ്ഞുകൊണ്ടാണ് ബാലയുടെ വിഡിയോ ആരംഭിക്കുന്നത്.
ബാലയുടെ പാട്ടിനൊപ്പമാണ് എലിസബത്തിന്റെ ഡ്രംസ് താളം. തേവർ മകൻ ചിത്രത്തിലെ ‘പോട്രി പാടെടി പെണ്ണേ’ എന്ന പാട്ടാണ് താരം പാടുന്നത്. ബാലയുടെ താളത്തിനൊത്ത് ഡ്രംസ് കൊട്ടാൻ എലിസബത്ത് അൽപം പ്രയാസപ്പെടുന്നതും കാണാം. ബാല സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനോടകം നിരവധി പ്രേക്ഷകരെയും നേടിക്കഴിഞ്ഞു. എലിസബത്തിനൊപ്പമുള്ള ചിത്രങ്ങൾ കൂടി കോർത്തിണക്കിയാണ് താരം വിഡിയോ ഒരുക്കിയിരിക്കുന്നത്.
ഈ മാസം 5നാണ് ബാലയും എലിസബത്തും വിവാഹിതരായത്. വിവാഹശേഷമുള്ള ഓരോ ചെറിയ സന്തോഷങ്ങളും താരം സമൂഹമാധ്യമങ്ങിലൂടെ ആരാധകരെ അറിയിക്കുന്നുണ്ട്. എലിസബത്തിനായി ബാലയും അമ്മയും കരുതിവച്ച സമ്മാനങ്ങൾ കൈമാറുന്നതിന്റെ വിഡിയോകൾ വൈറലായിരുന്നു. ഇക്കഴിഞ്ഞ ദിവസം എലിസബത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വിമർശനങ്ങളോടു ശക്തമായ ഭാഷയിലാണ് ബാല പ്രതികരിച്ചത്.