തലച്ചോറിന്റെ ഒരു വശം ചുരുങ്ങി പോകുന്ന രോഗം: സുമനസ്സുകളുടെ സഹായം തേടി 4 വയസ്സുകാരൻ
Mail This Article
പാലാ∙ കളിചിരികളുമായി ഓടി നടക്കേണ്ട പ്രായത്തിൽ ആദം എന്ന നാലു വയസ്സുകാരൻ കട്ടിലിൽ തന്നെ കഴിഞ്ഞ് കൂടുകയാണ്. ജന്മനായുണ്ടായ രോഗത്തെ തുടർന്നു മരുന്നുകളിലൂടെ മാത്രമാണ് ആദത്തിന്റെ ജീവിതം. തലച്ചോറിന്റെ ഒരു വശം ചുരുങ്ങി പോകുന്ന രോഗമായതിനാൽ ദിനവും വേണ്ടത് 4000ത്തോളം രൂപയുടെ മരുന്നുകളാണ്. ഇത്രയും തുകയുടെ മരുന്നുകൾ വാങ്ങുന്നതിനു വേണ്ടി കടം കയറി കിടപ്പാടം വരെ വീട്ടുകാർക്ക് വിൽക്കേണ്ടി വന്നു.
ആംബുലൻസ് ഡ്രൈവറായ പിതാവ് മേവട പുതുപ്പറമ്പിൽ സാനും ഭാര്യയും പ്രായമായ മാതാപിതാക്കളുമായി ചേർപ്പുങ്കലിനു സമീപം വാടക വീട്ടിൽ കഴിയുകയാണിപ്പോൾ. വീട്ടാനുള്ള കടങ്ങളും ഇനി എറെയാണ്. കുഞ്ഞിന് പനി വന്നാൽ ഉടൻ അപസ്മാരം കൂടി വരുമെന്നതിനാൽ എറെ ശ്രദ്ധയോടെ വേണം ഓരോ ദിനവും ഇവർക്ക് തള്ളി നിക്കാൻ.
ജനിച്ച് ഏതാനും മാസം കഴിഞ്ഞിട്ടും തല ഉയർത്താത്തതിനെ തുടർന്ന് ഒട്ടേറെ ചികിത്സകൾക്കു ശേഷമാണ് ആദത്തിന്റെ രോഗം കണ്ടെത്താനായത്. തലച്ചോറിലേക്ക് വേണ്ടത്ര രക്തപ്രവാഹം ഇല്ലാത്തതാണ് ചുരുങ്ങുന്നതിന് കാരണമാകുന്നത്. ഈ പ്രശ്നം മരുന്നുകൊണ്ട് മാറിയാൽ നടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ വളരെ അപകട സാധ്യതയുള്ളതിനാൽ അതിനും സാധിക്കാത്ത സാഹചര്യമാണ്.
എന്ത് വില നൽകിയും ആദത്തിനെ രക്ഷപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് പിതാവ് സാൻ. സന്നദ്ധരായ ആളുകളുടെ സഹായം ഇടയ്ക്ക് ലഭിക്കുന്നതാണ് ഏക ആശ്വാസം. ഇവരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന വിലാസത്തിൽ ബന്ധപ്പെടാം.
സാനിന്റെ മൊബൈൽ നമ്പർ - 9061245883
ബാങ്ക് അക്കൗണ്ട് നമ്പർ – San Jose, 42282164033
എസ്ബിഐ, പാലാ ബ്രാഞ്ച്
ഐഎഫ്എസ്‌സി കോഡ് – SBIN0070120
ഗൂഗിൾപേ നമ്പർ – 9061245883