ADVERTISEMENT

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയക്കാർക്ക് 3 എന്ന അക്കവും അതിന്റെ പെരുക്കങ്ങളും മാന്ത്രിക സംഖ്യകളായിത്തീർന്നിട്ടുണ്ട്. ഈ അക്കം രാഷ്ട്രീയാധികാരത്തിലേക്കുള്ള വഴിയായി നിലകൊള്ളുന്നു. സൗജന്യ വൈദ്യുതി വാഗ്ദാനവുമായി ബന്ധപ്പെട്ടു കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കും (എസ്പി) ആം ആദ്മി പാർട്ടിക്കും (എഎപി) ഈ സംഖ്യയാണു പ്രിയം.

യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലെല്ലാം മൂന്നു രാഷ്ട്രീയ കക്ഷികളും സൗജന്യ വൈദ്യുതി മാത്രമല്ല, വൈദ്യുതി കുടിശിക എഴുതിത്തള്ളൽ വരെയും പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം, സൗജന്യം നൽകുകയല്ല, 24 മണിക്കൂറും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുകയാണു തങ്ങളുടെ മുഖ്യ ലക്ഷ്യമെന്നു ബിജെപി പറയുന്നു. സമാജ്‌വാദി പാർട്ടി യുപി ഭരിച്ചപ്പോഴും കോൺഗ്രസ് മറ്റു സംസ്ഥാനങ്ങൾ ഭരിച്ചപ്പോഴും സംഭവിച്ചതുപോലെ സംസ്ഥാനത്തെ ഇരുട്ടിലാക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും ബിജെപി വാദിക്കുന്നു. പക്ഷേ, എല്ലാ വീടുകളിലേക്കും തങ്ങളുടെ സ്വരമെത്താനായി വൈദ്യുതക്കാലുകൾ പിടിച്ചുകൊണ്ടാണു എസ്പി മേധാവി അഖിലേഷ് യാദവ്, കോൺഗ്രസ് നേതാക്കളായ ചരൺജിത് സിങ് ഛന്നി, പ്രിയങ്ക ഗാന്ധി, എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ എന്നിവരെല്ലാം നിൽക്കുന്നത്.

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ വാഗ്ദാനം യൂണിറ്റിന് 3 രൂപ വീതം വൈദ്യുതി ഇളവ് 95% ഉപയോക്താക്കൾക്കും നൽകുമെന്നാണ്. അധികാരം ലഭിച്ചാൽ താൻ ആദ്യം ഒപ്പുവയ്ക്കുന്നത് എല്ലാ ഗാർഹിക ഉപയോക്താക്കൾക്കും 300 യൂണിറ്റ് സൗജന്യ വൈദ്യുതി അനുവദിക്കുന്ന ഉത്തരവിലായിരിക്കുമെന്നു എസ്പി മേധാവി അഖിലേഷ് യാദവും പ്രഖ്യാപിച്ചു. എല്ലാവരും തന്റെ പ്രഖ്യാപനങ്ങൾ കോപ്പിയടിക്കുന്നുവെന്നാണു കേജ്‌രിവാളിന്റെ പരാതി. മണിപ്പുരൊഴികെ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി ആദ്യം പ്രഖ്യാപിച്ചതു താനാണെന്ന് അദ്ദേഹം പറയുന്നു.

കേജ്‌രിവാളിന്റെ അവകാശവാദത്തെ ഉത്തർപ്രദേശിൽ കോൺഗ്രസ് പ്രചാരണച്ചുമതലയുള്ള ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ തള്ളുന്നു. 400 യൂണിറ്റ് സൗജന്യ വൈദ്യുതി ഛത്തീസ്ഗഡിൽ നടപ്പാക്കിയ താനാണു സൗജന്യ വൈദ്യുതിയുടെ യഥാർഥ സ്രഷ്ടാവ് എന്ന് അദ്ദേഹം വാദിക്കുമ്പോൾ, 2013ൽ ഡൽഹിയിൽ അധികാരം ലഭിച്ചപ്പോൾ ആം ആദ്മി പാർട്ടിയാണു സൗജന്യ വൈദ്യുതി പ്രഖ്യാപനം ആദ്യം നടത്തിയതെന്നു കേജ്‌രിവാൾ തിരിച്ചടിക്കുന്നു. യുപിയിൽ സൗജന്യ വൈദ്യുതിക്കു പുറമേ, ബിൽ കുടിശിക എഴുതിത്തള്ളുമെന്ന വാഗ്ദാനംകൂടി കോൺഗ്രസ് വച്ചിട്ടുണ്ട്.

ഗോവയിൽ എഎപിയുടെ സൗജന്യ വൈദ്യുതി പ്രഖ്യാപനത്തെ ബിജെപി ശക്തമായി എതിർത്തു. ഡൽഹിയിൽ സൗജന്യ വൈദ്യുതി നൽകിയ എഎപി മറ്റു നികുതികൾ ഏർപ്പെടുത്തി ജനങ്ങളെ പിഴിയുന്നുവെന്നാണു ബിജെപി ആരോപണം. എന്നാൽ, പ്രതിപക്ഷം ഇറക്കിയ വൈദ്യുതി കാർഡ് ശക്തമായ ആഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ഈ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കൾ കേന്ദ്ര നേതൃത്വത്തിനു നൽകിയ മുന്നറിയിപ്പ്. മറുപടിയായി മറ്റെന്തെങ്കിലും പ്രഖ്യാപനം വേണമെന്നും.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നരേന്ദ്രമോദി വൈദ്യുതി സബ്സിഡിക്കെതിരാണ്. ന്യായമായ നിരക്കിൽ പൂർണസമയ വൈദ്യുതി വിതരണം ഉറപ്പാക്കുക സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്ന് അദ്ദേഹം പറയുന്നു. ഗുജറാത്തിൽ മണിക്കൂറുകളോളം പവർ കട്ടുണ്ടായിരുന്ന സമയത്താണു മോദി മുഖ്യമന്ത്രിയായത്. അദ്ദേഹം വ്യവസായമേഖലയെയും ഗ്രാമീണ മേഖലയെയും രണ്ടു ഗ്രിഡുകളായി തിരിച്ചു വൈദ്യുതി വിതരണം നവീകരിച്ചതോടെ പവർ കട്ട് ഒഴിവായി. പ്രധാനമന്ത്രിയായപ്പോൾ, വൈദ്യുതി സബ്സിഡി മൂലം ദേശീയതലത്തിലുള്ള ബാധ്യതയാണു മോദിയെ അലട്ടിയത്.

ഈ ബാധ്യത പ്രതിവർഷം 1.1 ലക്ഷം കോടി മുതൽ 1.7 ലക്ഷം കോടി രൂപ വരെയുണ്ടാകുമെന്നാണു കണക്കുകൾ. പുനരുപയോഗ വൈദ്യുതിക്കായി കേന്ദ്രസർക്കാർ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ പരമ്പരാഗത ഊർജത്തെ ആശ്രയിക്കുന്നതിന്റെ തോതു കുറച്ചെങ്കിലും സബ്സിഡി പ്രശ്നത്തിനു പരിഹാരമായില്ല. 2022 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള പദ്ധതിക്കും ഇതിനിടെ കേന്ദ്ര സർക്കാർ തുടക്കമിട്ടു. 2016ൽ ഊർജമന്ത്രി പിയൂഷ് ഗോയൽ, വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ കമ്പനികളുടെ കടബാധ്യതകൾ പരിഹരിച്ച് അവയെ സജീവമാക്കാനുള്ള ദൗത്യത്തിനും തുടക്കമിട്ടു.

മിക്കവാറും സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണ കമ്പനികൾ സർക്കാർ നിയന്ത്രണത്തിലാണ്. അവയിലേറെയും കടബാധ്യതകളിലും. കമ്പനികളുടെ ബാധ്യതകൾ തീർക്കാൻ കേന്ദ്രസഹായം വാഗ്ദാനം ചെയ്തതിനൊപ്പം മറ്റൊരു വ്യവസ്ഥകൂടി വച്ചു, വൈദ്യുതിക്കു ന്യായമായ നിരക്കുകൾ ഈടാക്കണം. വൈദ്യുതി കുടിശിക പിരിച്ചെടുക്കണം. 2020ൽ ധനമന്ത്രി നിർമല സീതാരാമൻ 10 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചപ്പോൾ, ഊർജനയ പരിഷ്കരണം വിജയകരമായി നടപ്പാക്കുകയും സബ്സിഡി നിർത്തലാക്കുകയും ചെയ്ത സംസ്ഥാനങ്ങൾക്കു മാത്രമേ കേന്ദ്ര ഫണ്ട് അനുവദിക്കൂ എന്നും വ്യക്തമാക്കിയിരുന്നു. വൈദ്യുതി ആക്ടിൽ ഭേദഗതി കൊണ്ടുവരാൻ മുൻകയ്യെടുത്തതു നരേന്ദ്ര മോദിയായിരുന്നു. എന്നാൽ, ഒരു വർഷത്തോളം നീണ്ട കർഷക പ്രക്ഷോഭത്തിനൊടുവിൽ, വൈദ്യുതി ആക്ടിൽ വരുത്തിയ ഭേദഗതി പിൻവലിക്കാമെന്നു കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഉത്തരേന്ത്യയിൽ ബിജെപി കോട്ടകൾ സംരക്ഷിക്കാൻ മോദി ശക്തമായ പ്രചാരണത്തിനിറങ്ങുമ്പോൾ, അദ്ദേഹം നേരിടുന്ന പ്രധാനചോദ്യം വൈദ്യുതിയുമായി ബന്ധപ്പെട്ടതാണ്. ഉത്തരാഖണ്ഡിൽ 100 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നോ നാലോ വർഷം ഗാർഹിക വൈദ്യുതി സൗജന്യമാക്കുന്നതും പരിഗണിക്കുന്നു. ക്ഷേമവും പരിഷ്കരണവും ബാലൻസ് ചെയ്തു കൊണ്ടുപോകുമെന്നാണു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞത്. അതേസമയം, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സൗജന്യ വൈദ്യുതിയുടെ പേരിൽ അഖിലേഷ് യാദവിനെ പരിഹസിക്കുകയാണു ചെയ്തത്.

Content Highlights: Electricty, Five States Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com