ചൈന തിരുത്തി; വഴങ്ങാതെ ജനം: കുട്ടി ഒന്ന്, പാഠം പലത്
Mail This Article
നികുതിയിളവ്, ധനസഹായം, നീണ്ട പ്രസവാവധി... ആനുകൂല്യങ്ങളും വാഗ്ദാനങ്ങളും സർക്കാർ വാരിക്കോരി നൽകിയിട്ടും ഒരു കുട്ടി മതിയെന്ന നിലപാടിലാണ് ചൈനയിലെ ദമ്പതികൾ. മുൻപു കർശനമായി നടപ്പാക്കിയ ഒറ്റക്കുട്ടിനയം ഇപ്പോൾ രാജ്യത്തിനു തിരിച്ചടിയായിരിക്കുന്നു.
ലോക ജനസംഖ്യ കഴിഞ്ഞ ചൊവ്വാഴ്ച 800 കോടിയിലെത്തി. 1999ൽ ഇത് 600 കോടിയിൽ എത്തിച്ച കുട്ടി ജനിച്ച സമയത്ത് ഞാൻ ഐക്യരാഷ്ട്ര സംഘടനയിൽ ഉണ്ടായിരുന്നു. 12 വർഷത്തിനുശേഷം, 2011ൽ എണ്ണം 700 കോടിയെത്തിച്ച കുഞ്ഞ് പിറന്നു. പിന്നെ വീണ്ടും 11 വർഷത്തിനു ശേഷം ഇപ്പോൾ ലോക ജനസംഖ്യ 800 കോടി എന്നറിയിച്ച് കുട്ടി പിറന്നിരിക്കുന്നു. ഇവ വളരെ ശ്രദ്ധിക്കേണ്ട കണക്കുകളാണ്. കാരണം, നമുക്കെല്ലാം അറിയാവുന്നതുപോലെ, 1974ൽ ആണ് ആഗോള ജനസംഖ്യ 400 കോടി എത്തിയതായ പ്രഖ്യാപനം വന്നത്. അതായത്, അരനൂറ്റാണ്ടാകുന്നതിനിപ്പുറം ജനസംഖ്യ ഇരട്ടിയായി.
1970കളിൽ പലരും ഈ 400 കോടി കണക്കുകണ്ട് ഭയന്നിരുന്നു. അമിത ജനസംഖ്യ ലോകത്തെ മുടിക്കും എന്നായിരുന്നു ഭീതി. ആവശ്യത്തിനു ഭക്ഷണവും വെള്ളവും മറ്റു വിഭവങ്ങളുമില്ലാതെയുള്ള ആഗോള ദുരന്തമായിരുന്നു അവരുടെ പേടിസ്വപ്നത്തിൽ. ഇപ്പോൾ ഈ സംഖ്യ ഇരട്ടിയായിട്ടും ആ പേടി ലോകത്തു യാഥാർഥ്യമായിട്ടില്ല. അടുത്ത വർഷം ചൈനയെ പിന്നിലാക്കി ഇന്ത്യ ലോകജനസംഖ്യയിൽ മുന്നിലെത്തും. നമ്മുടെ രാജ്യത്തെ ചെറുപ്പക്കാരുടെ എണ്ണം വച്ചു നോക്കിയാൽ 2048 ആകുമ്പോഴേക്കും നമ്മൾ 170 കോടിയിൽ എത്തുമെന്നാണു കണക്ക്. എന്നാലോ, 2100 ആകുമ്പോഴേക്കും ഈ ഗ്രാഫ് താഴ്ന്നുവന്ന് 110 കോടിയിൽ എത്തുമെന്നും ജനസംഖ്യാ പഠിതാക്കൾ പറയുന്നു.
ഇതൊക്കെ പ്രകൃതിയുടെ നിയമങ്ങളാണ്; മനുഷ്യന്റെ ഇടപെടലായി കാണേണ്ടതില്ല. എന്നാൽ, ചൈനയുടെ കാര്യം അങ്ങനെയല്ല. ജനസംഖ്യാപ്പെരുപ്പം ഭയന്ന് ചൈനാ സർക്കാർ 1980 മുതൽ 2015 വരെ ഒറ്റക്കുട്ടി നിയമം കർശനമായി നടപ്പാക്കുകയായിരുന്നു. ഈ വർഷം ചൈനയിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണം ഒരു കോടിയായിരിക്കുമെന്നാണു പ്രതീക്ഷ. 2021ൽ അത് ഒരു കോടി 60 ലക്ഷം ആയിരുന്നു. 2020ലേതിനെക്കാൾ ജനനനിരക്ക് ഈ വർഷം 11.5% കുറയുമത്രേ.
ജനസംഖ്യ ഇങ്ങനെ കുറയുന്നതിൽ സർക്കാർ വലിയ ആശങ്കയിലാണ്. ജനസംഖ്യാ നിയന്ത്രണത്തിന്റെ ദശാബ്ദങ്ങൾക്കു ശേഷം, ഇപ്പോൾ അവർ ഭയപ്പെടുന്നത് വയസ്സായവരുടെ സമൂഹമായി തങ്ങളുടെ രാജ്യം മാറുമോ എന്നാണ്. നാലു മുത്തശ്ശി–മുത്തശ്ശൻമാരെ സംരക്ഷിക്കാൻ അവിടെ ഇപ്പോൾത്തന്നെ ഒരു യുവാവ് / യുവതി മാത്രമേയുള്ളൂ എന്നാണു കണക്ക്. അതിനാൽ ഇപ്പോൾ അവർ നയം തലതിരിച്ചിട്ടിരിക്കുകയാണ്– കൂടുതൽ കുട്ടികൾ ജനിക്കണം. ഒറ്റക്കുട്ടി എന്ന നയം മാറ്റി, മൂന്നു കുട്ടികളെ വരെ ജനിപ്പിക്കാനുള്ള അനുമതിയാണ് ചൈന നൽകിയിരിക്കുന്നത്! നികുതിയിളവ്, ധനസഹായം, കൂടുതൽ പ്രസവാവധി തുടങ്ങി പലവിധ ആകർഷണങ്ങളാണ് ചൈനീസ് സർക്കാർ പൗരന്മാർക്കു മുന്നിൽ വയ്ക്കുന്നത്. പക്ഷേ, ഒന്നും ലക്ഷ്യം കാണുന്നില്ല.
വലിയ കുടുംബം എന്ന സങ്കൽപത്തിലേക്കു ചൈനീസ് പൗരൻമാരെ നയിക്കാൻ ഈ പ്രോത്സാഹനമൊന്നും മതിയാകുന്നതല്ല എന്നാണു ജനസംഖ്യാ ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിലുണ്ടായ സാമ്പത്തിക വളർച്ച അവിടുത്തെ സമൂഹത്തിൽ പല മാറ്റങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. വേതനനിരക്ക് വല്ലാതെ കൂടിയതിനാൽ തൊഴിൽ അവസരങ്ങൾ കുറഞ്ഞിരിക്കുന്നു. വിദ്യാഭ്യാസച്ചെലവും വളരെ ഉയർന്നിരിക്കുന്നു. അതിനാൽ, രണ്ടാമതൊരു കുട്ടി എന്ന ചിന്തയിലേക്കു ദമ്പതികളെ നയിക്കാനാവുന്നില്ല. ഇതൊന്നും പോരാഞ്ഞ്, മറ്റൊരു സ്ഥിതികൂടി ഇത്രയും കാലത്തെ നയത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞിരിക്കുന്നു– ജോലിസമയം വല്ലാതെ നീണ്ടതിനാൽ കുട്ടികളെ നോക്കാൻ രക്ഷിതാക്കൾക്കു നേരം കിട്ടുന്നില്ല. ശിശുസംരക്ഷണത്തിന്റെ ചെലവും ഭീമമാണ്. ഇത്രയും കാലത്തെ നിലപാടുമൂലം, ജോലി ചെയ്യുന്ന മാതാപിതാക്കളുടെ കുട്ടികളെ പരിപാലിക്കാൻ ആവശ്യത്തിനു ബന്ധുക്കളില്ലാത്ത തരത്തിലുള്ള ചെറുകുടുംബങ്ങളാണ് ഏറെയും.
ഇതൊക്കയാണു ജനനങ്ങൾ തടയുന്ന ചൈനീസ് സാമൂഹികാവസ്ഥ. നികുതിയിളവും മറ്റുമൊന്നും ഇതിനു മാറ്റമുണ്ടാക്കുന്നില്ല. കണക്കുകൾ നോക്കുക. 2021ലെ ജനനനിരക്ക് 1.16 ആണ്. ജനസംഖ്യാസ്ഥിരതയ്ക്കു വേണ്ടത് 2.1 ആണ്. ( ചൈനയുടേത് ലോകത്തെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണെന്നും കാണണം). ചെറുപ്പക്കാർ ഒരു കുട്ടി മതിയെന്ന നിലപാടിലാണ്, അല്ലെങ്കിൽ വിവാഹം നീട്ടിവയ്ക്കുന്നു. പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ അയവില്ലാത്ത കടുത്ത കോവിഡ് നിയന്ത്രണ നയവും ജനനനിരക്കിനെ ബാധിച്ചു എന്നാണു നിരീക്ഷണം. ഇതൊക്കെക്കണ്ടാണ് 2023 മുതൽ ചൈനയുടെ ജനസംഖ്യ വല്ലാതെ ചുരുങ്ങുമെന്നും ഇന്ത്യ മുന്നിലെത്തുമെന്നും ഐക്യരാഷ്ട്ര സംഘടന കണക്കുകൂട്ടുന്നത്.
സ്വന്തം ജനസംഖ്യാനയം തിരിച്ചടിക്കുന്ന അവസ്ഥയാണു ചൈനയിൽ. ഇപ്പോൾതന്നെ അറുപത്തഞ്ചിനു മുകളിൽ പ്രായമുള്ളവർ 13 ശതമാനത്തിലേറെയാണ്. അത് ഇനിയും കൂടുകയും ജോലിചെയ്യാൻ ശേഷിയുള്ളവരുടെ എണ്ണം കുറയുകയും ചെയ്യും. ജോലിക്കാരുടെ എണ്ണം കുറയുമ്പോൾ വേതനത്തിൽ വർധനയുണ്ടാകും. അതു കണക്കിലെടുക്കുമ്പോൾ, അതിവേഗം വളരുന്ന സാമ്പത്തികശക്തി എന്ന ചൈനയുടെ പദവിപോലും ചോദ്യചിഹ്നത്തിലാണ്. ഇപ്പോൾതന്നെ ജോലി ചെയ്യുന്നവരുടെ എണ്ണം കുറവ്, അവർ സംരക്ഷിക്കേണ്ട മുതിർന്നവരുടെ എണ്ണം കൂടുതൽ എന്ന സ്ഥിതിയാണ്. ലോക സമ്പദ്‌വ്യവസ്ഥയുടെ എൻജിൻ എന്ന ഒരു കാലത്തെ അവസ്ഥയിൽനിന്ന്, ജപ്പാനെപ്പോലെ ഒരു വൃദ്ധസദനമായി ചൈന മാറുമോ എന്നാണ് ആശങ്ക.
ചൈനയിൽനിന്ന് ഇന്ത്യയും പാഠം പഠിക്കേണ്ടതുണ്ട്. ചൈനയിലെ സ്ഥിതിവിശേഷം ഹിമാലയം കടന്ന് ഇന്ത്യയിലേക്ക് എത്തരുത്.
വാൽക്കഷണം
ഇന്തൊനീഷ്യയിലെ ബാലിയിൽ നടക്കുന്ന ജി–20 സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റിനു ഹസ്തദാനം ചെയ്തും കുറച്ചുനേരം സൗഹൃദ സംഭാഷണം നടത്തിയും നിരീക്ഷകരെ അതിശയിപ്പിച്ചു. ഇരുനേതാക്കളും തമ്മിൽ ഔദ്യോഗിക കൂടിക്കാഴ്ചയൊന്നും തീരുമാനിച്ചിരുന്നില്ലെങ്കിലും ഈ നീക്കം പുതുമയുള്ളതായിരുന്നു. 2020 ജൂണിൽ ഗാൽവനിൽ 20 ഇന്ത്യൻ സൈനികരെ ചൈനക്കാർ കുരുതി ചെയ്തതിനുശേഷം, ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന മൂടൽമഞ്ഞ് ഉരുക്കാൻ തയാറാണെന്ന സന്ദേശമാണോ മോദി നൽകിയത്?
ഒരുപക്ഷേ, അടുത്ത ജി 20 പ്രസിഡന്റ് എന്ന നിലയിൽ എല്ലാ രാജ്യങ്ങളുമായും സൗഹൃദത്തിൽ പോകാൻ ഇന്ത്യ ആഗ്രഹിക്കുന്നു എന്ന സൂചനയാവാം. അതോ, ചൈനയുമായി സംഭാഷണത്തിനു തയാർ എന്ന സൂചനയാണോ എന്നും വ്യക്തമല്ല. രണ്ടാമത്തെ കാര്യം അത്ര എളുപ്പമല്ല. ഇരുരാജ്യങ്ങളും അംഗീകരിച്ച അതിർത്തിപ്രദേശത്ത് 2020 മേയിൽ ചൈന പ്രകോപനമില്ലാതെ കടന്നുകയറുകയും നിർമാണങ്ങൾ നടത്തുകയുമായിരുന്നു. ഈ നിലയിൽനിന്നു പിൻവാങ്ങുകയും തൽസ്ഥിതി നിലനിർത്തുകയും ചെയ്തില്ലെങ്കിൽ ചൈനയുമായുള്ള സ്വാഭാവിക ബന്ധത്തിന് അടിസ്ഥാനമില്ല എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. അതിൽനിന്നു പിന്നോട്ടു പോകുകയാണെങ്കിൽ ജനങ്ങളോടു വിശദീകരിക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയിലെ സർക്കാരിനുണ്ട്.
English Summary: One child policy in China