രാത്രി പ്രചാരണത്തിന് കർഫ്യൂ
Mail This Article
ന്യൂഡൽഹി ∙ ആൾപ്പെരുപ്പംകൊണ്ട് ആശങ്ക നൽകുന്ന യുപി ഉൾപ്പെടെ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ കോവിഡ് കാലത്തു നടന്ന മറ്റു വോട്ടെടുപ്പുകളെക്കാൾ കനത്ത ജാഗ്രത വേണമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. 15 വരെ റോഡ് ഷോ, പദയാത്രകൾ, സൈക്കിൾ – ബൈക്ക് റാലികൾ, ഘോഷയാത്രകൾ എന്നിവ നിരോധിച്ചു. കോവിഡുമായി ബന്ധപ്പെട്ടു കമ്മിഷൻ പ്രഖ്യാപിച്ച മറ്റു നിബന്ധനകൾ ഇങ്ങനെ:
∙ നേരിട്ടുള്ള റാലികൾക്ക് അനുമതി നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീടു തീരുമാനിക്കും. ഓരോ സംസ്ഥാനത്തെയും കോവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരിക്കും യോഗങ്ങളിലെ ആളെണ്ണം.
∙ ബന്ധപ്പെട്ട പൊതുപരിപാടികൾക്കു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ മുൻകൂറായി സ്ഥലങ്ങൾ മാർക്ക് ചെയ്യണം. ഇവിടേക്ക് എത്താനും പോകാനും പ്രത്യേക കവാടങ്ങൾ ഉറപ്പാക്കണം.
∙ രാത്രി 8 മുതൽ രാവിലെ 8 വരെ പ്രചാരണ കർഫ്യൂ ഉണ്ടാകും.
∙ നിയന്ത്രണങ്ങൾ ലംഘിച്ചാൽ സ്ഥാനാർഥികൾക്കു പിന്നീടു ചെറുയോഗങ്ങൾക്കു പോലും അനുമതി നൽകില്ല.
∙ പൊതുറോഡുകളിലും ജംക്‌ഷനുകളിലും യോഗം വിളിക്കാൻ അനുവദിക്കില്ല.
∙ വീടു കയറിയുള്ള പ്രചാരണത്തിനു സ്ഥാനാർഥി അടക്കം 5 പേർക്കു മാത്രമാണ് അനുമതി.
∙ യോഗങ്ങളിൽ മാസ്ക്, സാനിറ്റൈസർ, തെർമൽ സ്ക്രീനിങ് സൗകര്യങ്ങളും ഉണ്ടാകണം.
∙ വോട്ടെടുപ്പിനു ശേഷമുള്ള വിജയാഘോഷ യാത്രയ്ക്കു നിയന്ത്രണം ഉണ്ടാകും.
English Summary: Night curfew during election campaign