യുപി, ഗോവ, ഉത്തരാഖണ്ഡ് ഇന്ന് ബൂത്തിലേക്ക്
Mail This Article
ന്യൂഡൽഹി∙ യുപിയിലെ 55 മണ്ഡലങ്ങൾക്കു പുറമേ ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. യുപിയിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പാണിത്. ഗോവയിലും ഉത്തരാഖണ്ഡിലും ഒറ്റഘട്ടമാണ്. യുപിയിൽ ഈ റൗണ്ടിൽ 9 ജില്ലകളിലായി 586 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
സമാജ്‌വാദി പാർട്ടി നേതാവ് അബ്ദുല്ല അസംഖാൻ, യുപി ധനമന്ത്രി സുരേഷ് കുമാർ ഖന്ന എന്നിവരാണ് ഈ റൗണ്ടിൽ മത്സരിക്കുന്ന പ്രമുഖർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ 55 സീറ്റുകളിൽ 38 എണ്ണവും ബിജെപിയാണ് വിജയിച്ചത്. 15 എണ്ണം എസ്പിയും രണ്ടെണ്ണം കോൺഗ്രസും. സമാജ്‌വാദി പാർട്ടിയിൽ ചേർന്ന ബിജെപി മന്ത്രി ധരം സിങ് സയ്നിയും ജനവിധി തേടുന്നുന്നുണ്ട്.
ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളിലായി 632 സ്ഥാനാർഥികളുണ്ട്. വോട്ടർമാരുടെ എണ്ണം 81 ലക്ഷമാണ്. ഉത്തരാഖണ്ഡ് സംസ്ഥാനം പിറവിയെടുത്ത ശേഷമുള്ള അഞ്ചാമത് സംസ്ഥാന തിരഞ്ഞെടുപ്പാണിത്. മാർച്ച് 10ന് ഫലമറിയാം.
ഗോവയിൽ ബിജെപി–കോൺഗ്രസ് പോരിനിടെ ഒട്ടേറെ സീറ്റുകളിൽ നിർണായകമായി ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും രംഗത്തുണ്ട്. 40 സീറ്റുകളിലേക്ക് 301 സ്ഥാനാർഥികളാണുള്ളത്. ആദ്യമായി 40 സീറ്റുകളിലും ബിജെപി മത്സരിക്കുന്നു. കോൺഗ്രസ് 37ലും സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടി മൂന്നിടത്തുമാണ് മത്സരിക്കുന്നത്. ആം ആദ്മി പാർട്ടി 39 സീറ്റുകളിലും. തൃണമൂൽ 26 ലും സഖ്യകക്ഷിയായ എംജിപി 13 ലും മത്സരിക്കുന്നു. ശിവസേന–എൻസിപി സഖ്യത്തിൽ, സേന 11 എൻസിപി 13. ഗോവ റവല്യൂഷണറി പാർട്ടി 38 സീറ്റുകളിൽ ജനവിധി തേടുന്നു. 68 സ്വതന്ത്രരും കളത്തിലുണ്ട്.
Content Highlight: Assembly Elections 2022