രാഹുൽ പഠിക്കാത്ത പാഠങ്ങൾ; പ്രതിപക്ഷനിരയിലെ നേതൃസ്ഥാനവും നഷ്ടമാകുന്നു
Mail This Article
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തകർന്നടിഞ്ഞ കോൺഗ്രസിനു മുന്നിലുള്ളത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ. പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധി പ്രാപ്തനോ, പുനരുജ്ജീവിപ്പിക്കാൻ പ്രിയങ്ക ഗാന്ധിക്കു കഴിയുമോ എന്നീ ചോദ്യങ്ങൾക്കെല്ലാം നിസ്സംഗമായ മൗനമാണു നേതാക്കളുടെ ഉത്തരം.
സ്വന്തം നിലയിൽ ഒരു സംസ്ഥാനത്ത് കോൺഗ്രസ് ഭരണം പിടിച്ചിട്ട് 3 വർഷവും 3 മാസവും പിന്നിടുന്നു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും 2018 ഡിസംബറിൽ ഭരണത്തിലേറിയ ശേഷം ഇതുവരെ 19 സംസ്ഥാനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടന്നു; ഒരിടത്തു പോലും സ്വന്തം നിലയിൽ ഭരണം പിടിക്കാൻ സാധിച്ചില്ല. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും സഖ്യങ്ങളുണ്ടാക്കി സർക്കാരിന്റെ ഭാഗമായത് ആശ്വസിക്കാൻ വകനൽകുന്നതല്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞശേഷം പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാൻ കോൺഗ്രസ് ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധിയിൽ പാർട്ടിക്കാർക്കു പോലും വിശ്വാസം നഷ്ടപ്പെട്ട സാഹചര്യമാണു നിലവിലുള്ളത്. കോൺഗ്രസ് പ്രസിഡന്റ് ആകാൻ താനില്ലെന്ന് ആവർത്തിക്കുമ്പോഴും പാർട്ടി വിഷയങ്ങളിൽ ഒരു പ്രസിഡന്റിന്റെ എല്ലാ അധികാരത്തോടെയും അണിയറയിലിരുന്നു രാഹുൽ ഇടപെടുന്നു.
ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായി രാഷ്ട്രീയത്തിൽ അവതരിച്ച പ്രിയങ്കയ്ക്ക് പരാജയങ്ങൾ മാത്രമാണ് സമ്പാദ്യം. 2019 ൽ രാഷ്ട്രീയത്തിലിറങ്ങിയ ശേഷം ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുപിയിൽ അവർ കോൺഗ്രസിനെ നയിച്ചു; 2 തവണയും ദയനീയമായി തോറ്റു.
ഗാന്ധി കുടുംബത്തെ വലംവച്ചുള്ള രാഷ്ട്രീയം കോൺഗ്രസ് ഉപേക്ഷിക്കണമെന്നും മറ്റൊരു നേതാവിനെ മുന്നിൽ നിർത്തേണ്ട സമയമായെന്നുമുള്ള അടക്കംപറച്ചിലുകൾ പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ നിരയിലെ നേതൃപദവി നഷ്ടമാകുമോ എന്ന ആശങ്കയും കോൺഗ്രസിനെ അലട്ടുന്നു. അരവിന്ദ് കേജ്‌രിവാളും മമത ബാനർജിയും കളം നിറയുമ്പോൾ പ്രതിപക്ഷത്തെ സ്വാഭാവിക നേതാവെന്ന അവകാശവാദം ഇനി ഉന്നയിക്കുക കോൺഗ്രസിന് എളുപ്പമാവില്ല.
വോട്ടർമാരുടെ മനസ്സറിഞ്ഞ് രാഷ്ട്രീയ തന്ത്രങ്ങളൊരുക്കാനും സഖ്യങ്ങളുണ്ടാക്കാനുമുള്ള കഴിവ് കോൺഗ്രസിനു നഷ്ടമായിരിക്കുന്നുവെന്നു ഫലം വ്യക്തമാക്കുന്നു. അനാരോഗ്യം അലട്ടുന്ന സോണിയ ഗാന്ധി സജീവ രാഷ്ട്രീയം വിടാനൊരുങ്ങുമ്പോൾ, തമ്മിലടിക്കുന്ന ഒരു കൂട്ടം നേതാക്കളും ദുർബലമായ പാർട്ടിയുമാണു ബാക്കിയാകുന്നത്. തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളുമെന്നാണു രാഹുൽ ഇന്നലെ പ്രതികരിച്ചത്. രാഹുലിനെ ‘പാഠം പഠിപ്പിച്ച’ തിരഞ്ഞെടുപ്പുകൾ പലതു കടന്നുപോയി.
കോൺഗ്രസ് പ്രവർത്തക സമിതി ചേരും
ന്യൂഡൽഹി ∙ തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാൻ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രവർത്തകസമിതി യോഗം വിളിക്കും. തീയതി പിന്നീടു തീരുമാനിക്കും. അതേസമയം, പഞ്ചാബിൽ ഹൈക്കമാൻഡ് നടത്തിയ ഇടപെടലുകൾക്കെതിരെ സംസ്ഥാന ഘടകത്തിൽ അമർഷം പുകയുകയാണ്.
English Summary: Assembly elections: Rahul Gandhi