ADVERTISEMENT

രാജസ്ഥാനിൽ സതി മാത്രമേ നിരോധിച്ചിട്ടുള്ളൂ, ചതി നിരോധിച്ചിട്ടില്ലെന്ന് രാജേന്ദ്രസിങ് ഗുഡ മനസ്സിലാക്കിയത് അടുത്ത കാലത്താണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ രാജസ്ഥാൻ സർക്കാർ ആത്മപരിശോധന നടത്തണമെന്ന സത്യം പറഞ്ഞതിനു മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജേന്ദ്രസിങ് ഗുഡയെ മന്ത്രി പദവിയിൽനിന്നെടുത്തു പുറത്തിട്ടു. പ്രതിസന്ധിഘട്ടത്തിൽ ബിഎസ്പിയിൽ നിന്ന് 5 എംഎൽഎമാരോടൊപ്പം കൂറുമാറി കോൺഗ്രസിലെത്തി ഗെലോട്ട് സർക്കാരിനെ താങ്ങിനിർത്തിയ ആളാണ് ഗുഡ. പ്രത്യുപകാരമായിരുന്നു മന്ത്രി സ്ഥാനം. അന്ന് അദ്ദേഹം വിചാരിച്ചത് ഗെലോട്ടും താനും തമ്മിൽ ആജീവബന്ധമാണെന്നാണ്.

എന്നാൽ പാലം– നാരായണ റിലേഷൻഷിപ്പ് മാത്രമേ ഗെലോട്ട് ഉദ്ദേശിച്ചിരുന്നുള്ളൂ എന്നു മനസ്സിലായതോടെ കയ്യിലുണ്ടായിരുന്ന തുരുപ്പെടുത്തു വെട്ടി. രാജസ്ഥാനിൽ വീശിയടിച്ച ‘ചുവന്ന ഡയറി’ വിവാദത്തിന്റെ തുടക്കം അവിടെനിന്നാണ്. 2020 ജൂലൈയിൽ കോൺഗ്രസ് മുൻമന്ത്രി ധർമന്ദ്ര റാത്തോഡിന്റെ വീട് ആദായനികുതി വകുപ്പ് പരിശോധിച്ചപ്പോൾ മുഖ്യമന്ത്രി ഗെലോട്ട് നിർദേശിച്ചതനുസരിച്ച് താൻ കൈവശപ്പെടുത്തിയതാണ് ഈ ചുവന്ന ഡയറി എന്നും ഗെലോട്ട് അടക്കമുള്ളവരുടെ അഴിമതി സംബന്ധിച്ച വിവരമാണതിൽ ഉള്ളതെന്നുമായിരുന്നു ഗുഡ പറഞ്ഞ കഥ. എന്തായാലും അതോടെ മന്ത്രി സ്ഥാനവും പോയി. ‘മാനനീയ രാജേന്ദ്രജി’ പാർട്ടിക്കും പുറത്തായി.

മണ്ഡലത്തിലെ ‘ബാഹുബലി’

മറ്റൊരു പാർട്ടിയും കൂട്ടത്തിൽ ചേർക്കാത്തതിനാൽ നിലവിൽ ശിവസേനയുടെ ചിഹ്നത്തിലാണ് രാജേന്ദ്രസിങ് ഗുഡ ഉദയ്പൂർവാതി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്. പക്ഷേ, പാർട്ടി ചെറുതായിപ്പോയോ എന്നതൊന്നും ഇവിടെ വിഷയമല്ല. കാരണം ഗുഡ തന്നെ സ്വയമൊരു പ്രസ്ഥാനമാണ്. ‘ബാഹുബലി’ എന്നാണ് നാട്ടുകാർ ഗു‍ഡയെ വിളിക്കുന്നതു തന്നെ. പിന്നിലൊരു സ്ഥിരം പട ആവശ്യമില്ല. അവസരത്തിനൊത്ത് ആളെക്കൂട്ടാൻ ആശാനറിയാം. അതിന്റെ ഉദാഹരണമാണ് ഞങ്ങൾ ഉദയ്പൂർവാതി മണ്ഡലത്തിലെ ഗുഡ അങ്ങാടിയിൽ കണ്ടത്. മുസ്‌ലിം സമുദായത്തിനു സ്വാധീനമുള്ള മേഖലയിൽ ശിവസേനയുടെ കൊടി പാറിപ്പറക്കുന്നു. രാജേന്ദ്രജിയായതു കൊണ്ടുമാത്രമാണ് ശിവസേനയുടെ കൊടി ഇവിടെ കെട്ടാൻ അനുവദിച്ചതെന്ന് പ്രദേശവാസികളിലൊരാൾ ‌പറഞ്ഞു. ഗെലോട്ട് മന്ത്രിസഭയിൽ അംഗമായിരുന്ന കാലത്ത് മണ്ഡലത്തിൽ വികസനം ആവോളമെത്തിച്ചിട്ടുണ്ട്. അതിന്റെ ഉപകാരസ്മരണയാണ് നാട്ടുകാരുടെ ഈ സ്നേഹം.

അധികം താമസിയാതെ പ്രചാരണ വണ്ടി സമ്മേളന സ്ഥലത്തേക്കെത്തി. പുറത്തിറങ്ങിയത് മറ്റൊരു ഗുഡയാണ്. രാജേന്ദ്രസിങ് ഗുഡയുടെ മകൻ ശിവം ഗുഡ. പൊടിമീശക്കാരനായ ശിവം ഗുഡയ്ക്കാണ് മണ്ഡലത്തിലെ പുതിയ വോട്ടർമാരെ ചാക്കിലാക്കുന്നതിന്റെ ചാർജ്. രാജേന്ദ്ര ഗുഡയുടെ ഭാര്യ നിഷ കൻവാർ, മകൾ മാൻസ എന്നിവർ സ്ത്രീ വോട്ടർമാരെ പിടിക്കാൻ മറ്റു ഗ്രാമങ്ങളിൽ പ്രചാരണത്തിലാണ്. മൊത്തത്തിൽ ഒരു കുടുംബശ്രീ മോഡലാണ് ഗുഡ മണ്ഡലത്തിൽ പയറ്റുന്നത്. മകൻ വന്ന് അൽപസമയത്തിനകം അച്ഛനുമെത്തി.

ആറടിയിലധികം ഉയരമുള്ള ആരോഗ്യവാനാണ് ഗുഡ. വന്നപാടെ സഹായിയിൽനിന്ന് ഒരു മുസ്‍‌ലിം തൊപ്പി വാങ്ങി തലയിൽ വച്ചു. മുതിർന്ന മുസ്‌ലിം പണ്ഡിതർ അണിയും പോലുള്ള ഷാൾ വാങ്ങി പുതച്ചു. സമ്മേളന നഗരിയിൽ നിർത്താത്ത കയ്യടി. കക്ഷിക്ക് കളിയറിയാം. കോൺഗ്രസിന്റെ ഭഗ്‌വാൻ രാം സൈനി, ബിജെപിയുടെ ശുഭ്കരൺ ചൗധരി എന്നിവരാണ് പ്രധാന എതിരാളികൾ.

ഡയറി തുറന്നുവിട്ട ഭൂതം

ഓങ്ങി നിന്നിരുന്ന ബിജെപിക്ക് ഈ തിരഞ്ഞെടുപ്പിൽ അടിക്കാൻ പറ്റുന്ന വടിയായിരുന്നു രാജേന്ദ്ര ഗുഡ ഉയർത്തിക്കാണിച്ച ചുവന്ന ഡയറി. കോൺഗ്രസിന്റെ അഴിമതിക്കടയിലെ ഏറ്റവും പുതിയ ഉൽപന്നമാണ് ഈ ചുവന്ന ഡയറി എന്നായിരുന്നു ഒരു തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ നരേന്ദ്ര മോദി പറഞ്ഞത്. സ്വന്തമായി ഡയറി എഴുതിയാലും ഇല്ലെങ്കിലും ചുവന്ന ഡയറിയെക്കുറിച്ച് പ്രസംഗിക്കാതെ ബിജെപി നേതാക്കളുടെ ഒരു ദിവസം പോലും കടന്നു പോകാറില്ല എന്നതാണ് നിലവിലെ അവസ്ഥ. ഇല്ലാത്ത ചുവന്ന ഡയറിയെക്കുറിച്ചു പറഞ്ഞു സമയം കളയാതെ ചുവന്ന തക്കാളിയെക്കുറിച്ചും ചുവന്ന ഗ്യാസ് കുറ്റിയെക്കുറിച്ചും ബിജെപി സംസാരിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്.

തിരഞ്ഞെടുപ്പ് സമ്മേളനങ്ങളിൽ പ്രസംഗിക്കെ വി.പി.സിങ് പോക്കറ്റിൽ നിന്നെടുക്കുന്ന കടലാസുകഷ്ണവും പറഞ്ഞ ഒരു കഥയുമാണ് 1989 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയെ നിലംപരിശാക്കിയത്. ബൊഫോഴ്സ് അഴിമതി സംബന്ധിച്ച വിവരങ്ങളാണ് ആ കടലാസിൽ എന്നായിരുന്നു വയ്പ്. കഥ ഇങ്ങനെയും.

‘സർക്കസ് കൂടാരത്തിൽ  ‘ഒരു സിംഹം, പൂച്ച, കുതിര, കാള’ എന്നിവ തൊട്ടടുത്ത കൂടുകളിൽ കഴിഞ്ഞിരുന്നു. ഒരുദിവസം രാത്രി ആരോ ഈ കൂടെല്ലാം തുറന്നുവിട്ടു. കുതിരയെയും കാളയെയും കൊന്നുതിന്ന നിലയിലാണ് പിറ്റേന്നു കാണപ്പെട്ടത്.നിങ്ങളിലാരെങ്കിലും വിചാരിക്കുന്നുണ്ടോ പൂച്ചയായിരിക്കും കാളയെയും കുതിരയെയും തിന്നതെന്ന്?’ തുടർന്ന് സമ്മേളനസ്ഥലത്തിനു സമീപമുള്ള രാജീവ് ഗാന്ധിയുടെ ചിരിക്കുന്ന പോസ്റ്റർ നോക്കി. വി.പി.സങ് പറയും. ‘മുജെ നഹീ പത്താ വോ കിസ് പർ ഹസ് രഹാ ഹെ. അപ്നീ ചാൽ പർ, ഹമാരേ ഹാൽ പർ, യാ സ്വിറ്റ്സർലാൻഡ് കേ മാൽ പർ’ (എന്തിനാണ് അദ്ദേഹം ചിരിക്കുന്നത് എന്നെനിക്കറിയില്ല. തന്റെ തന്നെ കൗശലം കണ്ടാണോ, നമ്മുടെയെല്ലാം അവസ്ഥ കണ്ടാണോ അതോ സ്വിറ്റസർലൻഡിലിരിക്കുന്ന പണം കണ്ടാണോ).

അത് വി.പി.സിങ്, ഇത് രാജേന്ദ്ര സിങ്. വ്യത്യാസം വലുതാണ്. ചുവന്ന ഡയറിക്കഥയിൽ ജനം വിശ്വസിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യവും.

English Summary:

Rajendra singh gudha shiv sena candidate campaign in Rajasthan assembly election 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com