എഎപിക്ക് പുതിയ പോരാട്ടമുഖം; അതിഷിയാണ് താരം
Mail This Article
ന്യൂഡൽഹി ∙ ഡൽഹി സർക്കാരിലെ ഏറ്റവും തിരക്കുള്ള മന്ത്രിയാണ് അതിഷി. ധനം, വിദ്യാഭ്യാസം, റവന്യു തുടങ്ങി 18 വകുപ്പുകൾ. വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നിർദേശിക്കാൻ ഒരു രൂപ പ്രതിഫലത്തിൽ കൺസൽറ്റന്റായി ആം ആദ്മി പാർട്ടിക്കൊപ്പം ചേർന്ന ഓക്സ്ഫഡ് പൂർവ വിദ്യാർഥിയുടെ വളർച്ചയാണിത്. കേജ്‌രിവാൾ, മനീഷ് സിസോദിയ, സഞ്ജയ് സിങ് എംപി എന്നിവർ ജയിലിലായതോടെ സർക്കാരിന്റെ ശബ്ദവും പാർട്ടിയുടെ പോരാട്ടമുഖവുമായി മാറിയിരിക്കുകയാണ് അതിഷി.
കഴിഞ്ഞ വർഷമാദ്യം സിസോദിയ അറസ്റ്റിലായതിനു പിന്നാലെയാണ് അതിഷി മന്ത്രിയായത്. കേജ്‌രിവാൾ ഏതെങ്കിലും ഘട്ടത്തിൽ രാജിവയ്ക്കേണ്ടി വന്നാൽ, മുഖ്യമന്ത്രി പദവും അതിഷിക്കു ലഭിച്ചേക്കാം. അതിഷി മർലേന എന്ന പേരിലൊരു കൗതുകം ഒളിച്ചിരിപ്പുണ്ട്. ഡൽഹി യൂണിവേഴ്സിറ്റി അധ്യാപകരായ മാതാപിതാക്കൾ മാർക്സ്, ലെനിൻ എന്നീ പേരുകളിലെ അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയതാണ് ‘മർലേന’.
സെന്റ് സ്റ്റീഫൻസ് കോളജിലെ ബിരുദ പഠനശേഷം അതിഷി ചീവ്നിങ് സ്കോളർഷിപ്പോടെ ഓക്സ്ഫഡിൽ ചരിത്രത്തിൽ മാസ്റ്റേഴ്സ് നേടി. തുടർന്ന് റോഡ്സ് സ്കോളർഷിപ്പോടെ അവിടെനിന്നു വിദ്യാഭ്യാസത്തിലും മാസ്റ്റേഴ്സ്. രാഷ്ട്രീയത്തിന്റെ പ്രായോഗികപാഠങ്ങളിലെ മിടുക്കാണ് ഇനി തെളിയിക്കാനുള്ളത്.