‘റിസോൾ’ ബാങ്കിന്റെ 500 രൂപ നോട്ട്, ഗാന്ധിജിയായി അനുപം ഖേർ
Mail This Article
അഹമ്മദാബാദിലെ സ്വർണ വ്യാപാരി മെഹുൽ താക്കറിനൊരു ഫോൺ കോൾ. പരിചയക്കാരനായ ജ്വല്ലറി ഉടമ പ്രശാന്ത് പട്ടേലിന് 2.1 കിലോ സ്വർണക്കട്ടി വേണം. 1.6 കോടി രൂപയ്ക്ക് ഇടപാടുറപ്പിച്ച് സ്വർണം കൈമാറിക്കഴിഞ്ഞപ്പോഴാണ് താക്കറിന്റെ സഹായികൾ ആ സത്യം മനസ്സിലാക്കിയത്: 500 രൂപ നോട്ടിനൊരു വശപ്പിശക്.
ഗാന്ധിജിയെ കാണാനില്ല; പകരം ബോളിവുഡ് നടൻ അനുപം ഖേറിന്റെ ചിരിമുഖം. തിരിച്ചും മറിച്ചും പരിശോധിച്ചു. തട്ടിപ്പിനൊരു തമാശക്കുറി പോലെ അച്ചടിച്ചിരിക്കുകയാണ്: ‘റിസോൾ ബാങ്ക്’; റിസർവ് ബാങ്കിനു പകരം! കഴിഞ്ഞ 24നാണ് ബോളിവുഡ് സിനിമ തോൽക്കുന്ന തകർപ്പൻ കോമഡി സീനുകൾ. താക്കറിന്റെയും പട്ടേലിന്റെയും സഹായികൾ ഒരു പണമിടപാടു കേന്ദ്രത്തിൽ തമ്മിൽക്കണ്ടായിരുന്നു കച്ചവടം.
അഞ്ഞൂറിന്റെ 26 കെട്ടുകൾ കൈമാറി, ബാക്കി 30 ലക്ഷം ഇപ്പോൾ കൊണ്ടുവരാമെന്നു പറഞ്ഞ് മൂന്നംഗ സംഘത്തിലെ 2 പേർ സ്വർണക്കട്ടിയുമായി മുങ്ങി. താക്കറിന്റെ ആളുകൾ നോട്ടുകെട്ടുകൾ പൊട്ടിച്ചു നോക്കിയതും ഞെട്ടിയതും അപ്പോഴാണ്.
ആ പണമിടപാട് ഓഫിസ് ഈ തട്ടിപ്പിനുവേണ്ടി മാത്രം 2 ദിവസം മുൻപു പ്രവർത്തനം തുടങ്ങിയതായിരുന്നെന്നും കേസന്വേഷിക്കുന്ന നവ്‌രംഗ്പുര പൊലീസ് കണ്ടെത്തി. സംഭവമറിഞ്ഞ് അനുപം ഖേറും ഞെട്ടി. ‘ഗാന്ധിജിയുടെ ഫോട്ടോയ്ക്കു പകരം എന്റെ ഫോട്ടോയോ? എന്തും സംഭവിക്കാം!’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.