ഏത് കൊമ്പൻ വോട്ട് മെരുക്കും?

Mail This Article
ആനപ്പട്ടണമെന്നായിരുന്നു പ്രശസ്തി. കാട്ടാനകളെ ചട്ടം പഠിപ്പിക്കുന്ന കേന്ദ്രമുണ്ടായിരുന്നു പണ്ട് ഇവിടെ. ഇളയിടത്തു സ്വരൂപത്തെ പിന്നീട് ഇതുപോലെ മെരുക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കാൻ മാർത്താണ്ഡവർമ വരേണ്ടി വന്നു.
ശൈലീവല്ലഭന്മാരാകണം, പിന്നീട് ഇന്നാടിനെ ‘പത്താന പുരം’ എന്നും ‘പത്തനാപുരം’ എന്നും വിളിച്ചത്. പത്തായാലും പതിനഞ്ചായാലും ഏതു കൊമ്പനായാലും പത്തനാപുരത്തെ തോട്ടിമുനയിൽ നിന്നിട്ടുണ്ട്.
മണ്ഡലം കൈവിട്ടു പോയപ്പോഴൊക്കെ ചങ്കു പറിച്ചെടുക്കുന്ന വേദനയോടെ നോക്കി നിന്ന പാർട്ടിയാണ് സിപിഐ. മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ നായർ, കെ. പ്രകാശ്ബാബു തുടങ്ങിയവരെ ഇറക്കി പലതവണ മണ്ഡലം പിടിച്ച പാർട്ടിക്ക് ഇപ്പോൾ ചൂണ്ടിക്കാണിക്കാനുള്ളതു പാരമ്പര്യത്തിന്റെ ഉമ്മറക്കോലായയും ആനക്കഥകളും മാത്രം.
15 തിരഞ്ഞെടുപ്പുകളിൽ 13 ലും മത്സരിച്ച, ഒൻപതിലും ജയിച്ച പാർട്ടിയുടെ സങ്കടമാണു തിരഞ്ഞെടുപ്പിൽ പത്തനാപുരത്തിന്റെ ഹൃദയമിടിപ്പ്. ഗ്രാമപഞ്ചായത്തുകളിൽ ഒന്നാമനായും രണ്ടാമനായും നിന്ന പാർട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വല്ലാതെ ക്ഷീണിക്കുകയും ചെയ്തു.
സിപിഐയെ ഇങ്ങനെ മെരുക്കിയവരിൽ കോൺഗ്രസുണ്ട്, സിപിഎമ്മുണ്ട്, കേരള കോൺഗ്രസുണ്ട്, സാക്ഷാൽ ആർ. ബാലകൃഷ്ണപിള്ളയുണ്ട്, മകൻ കെ.ബി ഗണേഷ്കുമാറുണ്ട്. കേരള കോൺഗ്രസ്-ബി ബാനറിൽ അതേ ഗണേഷ്കുമാർ തുടർച്ചയായ അഞ്ചാം തവണ, എൽഡിഎഫിനായി രണ്ടാം തവണ മത്സരിക്കുന്നു.
യുഡിഎഫ് വിട്ട ഗണേഷ്കുമാർ ഉന്നയിച്ച ആരോപണങ്ങൾക്കൊക്കെ ടിവി ചാനലുകളിലും പത്തനാപുരത്തും അതേ നാണയത്തിൽ മറുപടി പറഞ്ഞ കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഇവിടെ മത്സരം പ്രവചനാതീതമാക്കുന്നു. കോൺഗ്രസിനെയും മുന്നണിയെയും ഒന്നിപ്പിച്ചു നിർത്തി ജ്യോതികുമാർ കളം നിറയുമ്പോൾ അടിയൊഴുക്കുകളിൽ പ്രതീക്ഷയർപ്പിക്കുകയാണു ഗണേഷ്കുമാർ. ജില്ലാ സെക്രട്ടറി ജിതിൻ ദേവിനെ ഇറക്കി കച്ച മുറുക്കുകയാണു ബിജെപി.
ഗണേഷ് മത്സരിക്കുമ്പോഴൊക്കെ, ഒരു ‘താരനിശ’ മണ്ഡലത്തിൽ പതിവായിരുന്നു. കഴിഞ്ഞ തവണ മോഹൻലാലും ദിലീപും കാവ്യ മാധവനുമൊക്കെ വന്നെങ്കിൽ ഇക്കുറി ആരെയും കണ്ടില്ല. ‘അമ്മ’ യിലെ ഭാരവാഹിത്വം രാജിവയ്ക്കുമെന്ന് ഗണേഷ് സങ്കടം പറഞ്ഞെങ്കിലും ‘എറിച്ചില്ല’.
തദ്ദേശ തിരഞ്ഞെടുപ്പിൽ റിബലുകളെ നിർത്തി പാർട്ടി സ്ഥാനാർഥികളെ ഗണേഷ്കുമാറും സംഘവും തോൽപിച്ചെന്നു സിപിഐ നെഞ്ചത്തടിച്ചു പറഞ്ഞതു പട്ടണത്തിൽ പ്രകടനം നടത്തിയാണ്. അതിന്റെ അലയൊലികൾ നേർക്കുനേർ പോർവിളിയായി കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലും കണ്ടു. രണ്ടിനുമിടയിൽ അർഥഗർഭമായൊരു മൗനമാണു സിപിഎമ്മിന്റെ മറുപടി.
പ്രതികൂല കാലാവസ്ഥയെ വോട്ടാക്കി മാറ്റാനുള്ള കരവിരുത് ഗണേഷ്കുമാറിനുണ്ട്. പക്ഷേ, പത്തനാപുരത്തെ കലങ്ങിമറിഞ്ഞ രാഷ്ട്രീയം വോട്ടായി തെളിയുമെന്ന കണക്കു കൂട്ടലിലാണു ജ്യോതികുമാറും സംഘവും. കഴിഞ്ഞതവണ പതിനൊന്നായിരത്തിലേറെ വോട്ടു നേടിയ ബിജെപിക്ക് ആ റെക്കോർഡ് മറികടക്കണം.