ADVERTISEMENT

ബത്തേരി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നോടിയായി വിപുലമായ കർമപദ്ധതിക്കു (‘മിഷൻ 2024’) കെപിസിസി ലീഡേഴ്സ് മീറ്റ് രൂപം നൽകി. പാർട്ടി പുനഃസംഘടന ജൂൺ 30ന് അകം പൂർത്തിയാക്കും. ഇന്നുതന്നെ ജില്ലാതല പുനഃസംഘടനാസമിതികൾ ചേർന്നു മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടന ഈ മാസം 30ന് അകം പൂർത്തീകരിക്കും.

ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം ജൂൺ 1 മുതൽ 30 വരെ നീളുന്ന ക്യാംപെയ്നിലൂടെ പൂർത്തിയാക്കണം. ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ ബൂത്തുതല കുടുംബസംഗമങ്ങൾ. ഒക്ടോബറിൽ യുഡിഎഫ് നേതൃത്വത്തിൽ നിയോജകമണ്ഡലം, മണ്ഡലം, ബൂത്തുതല തിരഞ്ഞെടുപ്പു കമ്മിറ്റികൾ രൂപീകരിക്കും.

ജനസമ്പർക്കപരിപാടി ജില്ല, മണ്ഡലം തലത്തിൽ നടത്തണം. 8 മേഖലകളിലായി വിവിധ പ്രചാരണപരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. 

സാംസ്കാരിക പ്ലാറ്റ്ഫോമുകൾ രൂപീകരിക്കുക, ഒരു ബൂത്തിൽ 10 സ്ഥിരം ബോർഡുകൾ സ്ഥാപിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുക, പാർട്ടിവിദ്യാഭ്യാസം എല്ലാ തലത്തിലും ഉറപ്പാക്കുക തുടങ്ങിയവയാണു ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്.

പ്രചാരണം വിപുലമാക്കാൻ വിദ്യാർഥി, യുവജനരാഷ്ട്രീയം, പ്രവാസി സംഘടനകൾ, സ്ത്രീപ്രശ്നങ്ങളും ലിംഗനീതിയും, ദലിത്–പിന്നാക്ക സമൂഹങ്ങളുടെ ഉന്നമനം, സർവീസ് സംഘടനകൾ തുടങ്ങിയ വിവിധ മേഖലകളിലൂന്നി കെപിസിസി 15 ഉപസമിതികൾ ഒരാഴ്ചയ്ക്കകം രൂപീകരിക്കുക.

മുരളീധരൻ നെറ്റിപ്പട്ടം കെട്ടിയ ആന: സതീശൻ

ബത്തേരി ∙ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു കെ.മുരളീധരനും ടി.എൻ. പ്രതാപനും ലീഡേഴ്സ് മീറ്റിലും ആവർത്തിച്ചെങ്കിലും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ 'മോട്ടിവേഷനൽ സ്പീച്ചി'നെ തുടർന്നു പിൻവലിച്ചു. പാർട്ടി ഏറെ അവസരങ്ങൾ തന്നെന്നും ഇനി പാർലമെന്ററി രംഗത്തേക്കില്ലെന്നുമായിരുന്നു ചർച്ചയ്ക്കിടെ ഇരുവരുടെയും നിലപാട്. എന്നാൽ ശക്തമായി വിയോജിച്ചു രംഗത്തെത്തിയ സതീശൻ, മുരളീധരനെ പാർട്ടിക്കുള്ളിലെ നെറ്റിപ്പട്ടം കെട്ടിയ ആനയെന്നു വിശേഷിപ്പിച്ചു. ടി.എൻ. പ്രതാപന്റെ തീരുമാനത്തെയും സതീശൻ എതിർത്തു. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടതു പാർട്ടിയാണ്. നേതാക്കന്മാർ ഇത്തരം നിലപാടുകളെടുക്കുന്നതു പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്നും സതീശൻ പറഞ്ഞു. 

ഒന്നിച്ചുപോയാൽ വൻ വിജയമുണ്ടാകുമെന്ന് സമാപനപ്രസംഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. സമാപനസമ്മേളനത്തിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ്, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ എന്നിവർ പ്രസംഗിച്ചു.

മനം നിറഞ്ഞ് രാഹുൽ

ബത്തേരി ∙ എംപിമാരും എംഎൽഎമാരും രാഷ്ട്രീയകാര്യസമിതിയംഗങ്ങളുമെല്ലാമുൾപ്പെട്ട നേതൃസംഗമം കേരളത്തിൽ നടത്തണമെന്ന ആശയം എഐസിസി ജനറൽ കെ.സി.വേണുഗോപാലിന്റേതായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നിലെത്താനും സംസ്ഥാന ഭരണം പിടിച്ചെടുക്കാനും നേതൃനിരയിലെ ഐക്യം അനിവാര്യമാണെന്ന സന്ദേശം കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും അംഗീകരിക്കുകയും ചെയ്തു. യുഎസിലായിരുന്നതിനാൽ യോഗത്തിന് എത്താതിരുന്ന ശശി തരൂർ എംപിയുമായി സുധാകരൻ സംസാരിച്ചിരുന്നു. 

പ്രതിനിധികളെ ഓൺലൈനായി അഭിസംബോധന ചെയ്ത രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും നേതൃസംഗമത്തിന്റെ 'പോസിറ്റീവ് വൈബ്' ഇടംപിടിച്ചു. ഉമ്മൻചാണ്ടിയെ ‘മിസ് ചെയ്യുന്നു’വെന്നു പറഞ്ഞ രാഹുൽ, അദ്ദേഹത്തെ ബെംഗളൂരുവിലെ ആശുപത്രിയിൽ സന്ദർശിച്ച കാര്യവും പങ്കുവച്ചു.

വി.ടി.ബൽറാം, മാത്യു കുഴൽനാടൻ, പഴകുളം മധു, കെ.സി.ജോസഫ്, ഉമാ തോമസ്, സണ്ണി ജോസഫ്, ഷാനിമോൾ ഉസ്മാൻ, കെ.എ‍.തുളസി എന്നിവർ രാഹുലുമായി സംവദിച്ചു. 

English Summary: KPCC leaders meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com