ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ ദളുകൾ ഒന്നാകാമെന്ന ആശയം നിരാകരിച്ച് ജനതാദൾ (എസ്). എച്ച്.ഡി.ദേവെഗൗഡയുടെ നേതൃത്വത്തിൽ ദേശീയ നേതൃത്വം ബിജെപി സഖ്യത്തിന്റെ ഭാഗമായതോടെ ഇവിടെ വെട്ടിലായ സാഹചര്യത്തിലാണ് ലോക് താന്ത്രിക് ജനതാദളും  ജനതാദളും (എസ്) ഒരുമിച്ചുകൂടേ എന്ന ആശയം വീണ്ടും ഉടലെടുത്തത്. എൽ‍ഡിഎഫിലുള്ള ഈ രണ്ടു പാർട്ടികളും  ലയിക്കണമെന്ന അഭിപ്രായം സിപിഎം നേരത്തേ പങ്കുവച്ചിരുന്നു. ലയനസാധ്യത സംബന്ധിച്ച എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാറിന്റെ നിർദേശം സ്വീകാര്യമല്ലെന്ന് ദൾ (എസ്) സംസ് ഥാന നേതൃത്വം മറുപടി നൽകി. 

എൽജെഡി, ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡിയിൽ ഈ മാസം 12ന് ലയിക്കുകയാണ്.  ‌മറ്റൊരു പാർട്ടിയിൽ ലയിക്കാനിരിക്കുന്ന എൽജെഡിയുമായി അതിനുമുൻപു  ലയിക്കാമെന്ന നിർദേശം യുക്തിസഹമല്ലെന്നാണു ദൾ സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് ഉൾപ്പെടെയുള്ളവരുടെ നിലപാട്. ലാലുവിന്റെ അഴിമതിക്കേസുകളും അവർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ഇപ്പോൾ ആർജെഡിയുടെ ഘടകം യുഡിഎഫിന്റെ ഭാഗമാണെന്നും അവർ പറയുന്നു. എൽജെഡി ലയിച്ചാൽ അവരാകും ഔദ്യോഗിക ആർജെഡി ഘടകം എന്ന വാഗ്ദാനം ദേശീയ നേതൃത്വം നൽകിയെന്ന  വിശദീകരണം ദളിന് തൃപ്തികരമല്ല. എന്നാൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ലയനത്തെ അനുകൂലിക്കുന്നവരാണ്.

ജനതാദൾ (യു), സമാജ് വാദി പാർട്ടി തുടങ്ങിയ ദേശീയകക്ഷികളിൽ ഏതെങ്കിലുമായി ലയിച്ചു കൂടേ എന്ന അഭിപ്രായം ദളിലെ(എസ്) ചില നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. ബിജെപി വിരുദ്ധ നിലപാട് ഉയർത്തിപ്പിടിച്ചു തന്നെ ജനതാദൾ(എസ്) സംസ്ഥാന ഘടകമായി തുടരാമെന്ന വാദഗതി പങ്കുവയ്ക്കുന്നവരുമുണ്ട്.  എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎയിലെ സഖ്യകക്ഷി എൽഡിഎഫിൽ തുടരുന്നത് കേരളത്തിൽ പ്രതിപക്ഷം ഇതിനകം ആയുധമാക്കിയതു സിപിഎമ്മിനു ‌കണക്കിലെടുക്കേണ്ടി വരും.

സി.എം.ഇബ്രാഹിമും ദൾ വിട്ടേക്കും

ബെംഗളൂരു ∙ എൻഡിഎ മുന്നണിയുടെ ഭാഗമായതിൽ പ്രതിഷേധിച്ച് ജനതാദൾ (എസ്) കർണാടക സംസ്ഥാന പ്രസിഡന്റ് സി.എം.ഇബ്രാഹിം പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുമെന്ന് സൂചന. ബിജെപിയുമായി സഖ്യം രൂപീകരിച്ചതു മുതൽ ഇബ്രാഹിം പാർട്ടിയിൽനിന്ന് അകന്നുനിൽക്കുകയാണെന്ന് നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി പറഞ്ഞു. നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ദൾ 19 സീറ്റീൽ ഒതുങ്ങിയതോടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇബ്രാഹിം പ്രസിഡന്റ് സ്ഥാനം രാജിവച്ചെങ്കിലും നേതൃത്വം അംഗീകരിച്ചിരുന്നില്ല. നേരത്തേ ദൾ വിട്ട് കോൺഗ്രസിൽ ചേർന്ന ഇബ്രാഹിം കഴിഞ്ഞ വർഷമാണ് പാർട്ടിയിൽ തിരിച്ചെത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് സയദ് സൈഫുള്ളയും ന്യൂനപക്ഷ വിഭാഗം തലവൻ നാസിർ ഹുസൈനും ഉൾപ്പെടെ ഒട്ടേറെ മുസ്‌ലിം നേതാക്കൾ ബിജെപി ബന്ധത്തെ എതിർത്ത് കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു. സഖ്യത്തെ എതിർക്കുന്ന പത്തോളം എംഎൽഎമാരും പാർട്ടി വിടുമെന്നാണു സൂചന.

English Summary : Janata Dal rejects LJD's merger proposal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com