സ്തനാർബുദ ബോധവൽക്കരണം: നിഷ ജോസ് കെ.മാണി നയിക്കുന്ന കാരുണ്യ സന്ദേശയാത്ര തുടങ്ങി

Mail This Article
തിരുവനന്തപുരം ∙ സ്തനാർബുദ ബോധവൽക്കരണത്തിന്റെ ഭാഗമായി സാമൂഹിക പ്രവർത്തക നിഷ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ നടത്തുന്ന കാരുണ്യ സന്ദേശയാത്ര ഗവ.വിമൻസ് കോളജിൽ മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു. നല്ല ആരോഗ്യ സൂചകങ്ങളുണ്ടെങ്കിലും കാൻസർ ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ കേരളത്തിൽ വർധിക്കുകയാണെന്നു മന്ത്രി പറഞ്ഞു. സ്തനാർബുദം ആദ്യഘട്ടത്തിൽ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ കഴിയും.
എന്നാൽ പരിശോധനയ്ക്കു പലരും തയാറല്ല. കാൻസർ വരാൻ സാധ്യതയുള്ള 9 ലക്ഷം പേരെ കണ്ടെത്തിയെങ്കിലും പരിശോധനയ്ക്കു ഒന്നര ലക്ഷം പേരാണു മുന്നോട്ടു വന്നത്. ബാക്കിയുള്ളവരെ കൂടി പരിശോധനയ്ക്കു വിധേയമാക്കാനുള്ള പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കാൻസർ അതിജീവിതയായ നിഷ, സ്ത്രീകളിലെ സ്തനാർബുദം നേരത്തേ കണ്ടെത്തുക എന്ന സന്ദേശവുമായാണു യാത്ര നടത്തുന്നത്. മാമോഗ്രാം പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണമാണു പ്രധാന ലക്ഷ്യമെന്നു നിഷ പറഞ്ഞു. ക്യാംപെയ്ൻ ബ്രോഷർ ജയാ ചന്ദ്രഹാസൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ഉമാ ജ്യോതിക്ക് നൽകി പ്രകാശനം ചെയ്തു. ഇ–ബ്രോഷർ ഷൈലജ പങ്കജ് പ്രകാശിപ്പിച്ചു. സന്ധ്യ പ്രദീപ്, ഡോ.ഗോഡ്‌വിൻ തുടങ്ങിയവർ പങ്കെടുത്തു.