എൻഎച്ച്എം: 380 കോടി കൂടി തരാമെന്ന് കേന്ദ്രം

Mail This Article
തിരുവനന്തപുരം ∙ ആശാ വർക്കർമാർക്ക് ഇൻസെന്റീവ് നൽകുന്നതിനടക്കം ദേശീയ ആരോഗ്യ മിഷന്റെ (എൻഎച്ച്എം) വാർഷിക ഫണ്ടിൽ 380 കോടി രൂപയുടെ വർധന വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചു. 2025–26 ലെ ഫണ്ടിലാണ് വർധന. എന്നാൽ 2023–24 ലെ കുടിശികയായ 636.88 കോടി അനുവദിക്കണമെന്ന ആവശ്യത്തോട് എൻഎച്ച്എം ദേശീയ മിഷൻ ഡയറക്ടർ ആരാധന പട്നായിക്കോ മറ്റുദ്യോഗസ്ഥരോ പ്രതികരിച്ചില്ല. ഡൽഹിയിലെ ഉദ്യോഗസ്ഥ യോഗത്തിൽ കേരളത്തിൽനിന്ന് ആരോഗ്യ അഡിഷനൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെയും എൻഎച്ച്എം കേരള മിഷൻ ഡയറക്ടർ വിനയ് ഗോയലുമാണ് പങ്കെടുത്തത്.
2023–24 ൽ 826.02 കോടി രൂപ നൽകാമെന്നായിരുന്നു കേന്ദ്രത്തിന്റെ ഉറപ്പ്. ആദ്യ ഗഡുവായി 189.14 കോടി രൂപ അനുവദിച്ചു. എന്നാൽ ജനകീയ, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്നു ബ്രാൻഡ് ചെയ്യണമെന്ന ആവശ്യം നടപ്പാക്കാത്തതിന്റെ പേരിൽ ബാക്കി 636.88 കോടി അനുവദിച്ചില്ല. 2024–25 ൽ കേന്ദ്രം ഉറപ്പുനൽകിയ 943.84 കോടി ഗഡുക്കളായി ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇൻസെന്റീവ് വർധന വൈകില്ലെന്ന് കേന്ദ്രം
∙ ആശാ വർക്കർമാരുടെ ഇൻസെന്റീവ് വർധന വൈകാതെ നടപ്പാക്കുമെന്ന് എൻഎച്ച്എം കേന്ദ്ര ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആശമാരുടെ ഓണറേറിയം പൂർണമായി സംസ്ഥാനമാണു നൽകുന്നതെങ്കിലും കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തിൽ ചെലവഴിക്കുന്ന എൻ എച്ച്എം ഫണ്ടിൽനിന്നാണ് ഇൻസെന്റീവ് നൽകുന്നത്.