‘എല്ലാം ‘ബോസ്’ പറഞ്ഞിട്ട്, യുഎസും ഉത്തര കൊറിയയും ഒഴികെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചു’; ഇടപാടുകാരിൽ ‘താലിബാൻ’ മുതൽ ‘ദൈവം’ വരെ

Mail This Article
തിരുവനന്തപുരം ∙ ക്രിപ്റ്റോകറൻസി തട്ടിപ്പു കേസിൽ ഇന്റർപോൾ നിർദേശപ്രകാരം വർക്കല പൊലീസ് അറസ്റ്റ് ചെയ്ത ലിത്വാനിയൻ പൗരൻ അലക്സേജ് ബെസിക്കോവ് (46) പൊലീസ് വലയിലാകും മുൻപു കടക്കാൻ ശ്രമിച്ചത് ഗോവയിലേക്ക്. ഗോവയിലുള്ള സുഹൃത്തായ റഷ്യൻ പൗരന്റെ വീട്ടിലേക്കു പോകാനൊരുങ്ങവെയാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇയാൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണു പൊലീസിന്റെ നിഗമനം.
അലക്സേജ് പ്രവർത്തിക്കുന്ന ‘ഗാരന്റെക്സ്’ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിനെക്കുറിച്ചു ബിബിസി നൽകിയ വാർത്ത ശ്രദ്ധയിൽപെട്ടപ്പോഴാണു വർക്കലയിൽനിന്നു കടക്കാൻ ശ്രമിച്ചതെന്നു വെളിപ്പെടുത്തിയതായി തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗം പറഞ്ഞു. വർക്കലയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യയെയും 10 വയസ്സുള്ള മകനെയും ബുധനാഴ്ച രാവിലെയുള്ള വിമാനത്തിൽ റഷ്യയിലെ മോസ്കോയിലേക്ക് അയച്ചു.
15 വർഷമായി കേരളത്തിൽ വരാറുണ്ടെന്നാണ് അലക്സേജ് പറഞ്ഞതെങ്കിലും പാസ്പോർട്ടിലെ വിവരങ്ങൾ പ്രകാരം 5 വർഷം മുൻപാണ് ആദ്യ സന്ദർശനം നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ വർക്കലയ്ക്കു പുറമേ മൂന്നാറും കൊച്ചിയും സന്ദർശിച്ചു. ബെംഗളൂരു, ഗോവ, ചെന്നൈ എന്നിവിടങ്ങളിലേക്കും പതിവായി പോയി. യുഎസും ഉത്തര കൊറിയയും ഒഴികെ ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തി.
ഞാൻ ജീവനക്കാരൻ; എല്ലാം ബോസ് പറഞ്ഞിട്ട്
കള്ളപ്പണ ഇടപാടിൽ പങ്കില്ലെന്നും ഗാരന്റെക്സിലെ ജീവനക്കാരൻ മാത്രമാണും അലക്സേജ് ചോദ്യംചെയ്യലിൽ ആവർത്തിച്ചു. ‘ബോസി’ന്റെ നിർദേശപ്രകാരമാണ് എക്സ്ചേഞ്ചിലെ ഇടപാടുകൾ നടത്തിയതെന്നാണ് ഇയാളുടെ വാദം. ബിസിനസ് പാർട്നറായ റഷ്യൻ പൗരൻ അലക്സാണ്ടർ മിറ സെർദയെ ആണ് ബോസ് എന്ന് വിശേഷിപ്പിക്കുന്നത്. ജീവനക്കാരനാണെന്നാണു വാദമെങ്കിലും ഗാരന്റെക്സിലെ ഭരണപരമായ അധികാരങ്ങൾ ഇയാൾക്കുണ്ടെന്നു പൊലീസ് ചൂണ്ടിക്കാട്ടി. വെബ്സൈറ്റ് സെർവറുകൾ ഹാക്ക് ചെയ്തുള്ള സൈബർ ആക്രമണങ്ങൾ, കുട്ടികളുടെ അശ്ലീല വിഡിയോകളുടെ പ്രചാരണം എന്നിവ സംബന്ധിച്ച് ഇയാൾക്കു വ്യക്തമായ അറിവുണ്ടെന്നും പൊലീസിനു ബോധ്യമായിട്ടുണ്ട്.
അലക്സേജിന്റെ പേരിൽ ഇന്ത്യയിലും വിദേശത്തുമുള്ള 7 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും പൊലീസിനു ലഭിച്ചു. യൂറോപ്യൻ രാജ്യങ്ങളിലായി രണ്ടും റഷ്യയിൽ നാലും അക്കൗണ്ടുകളാണുള്ളത്. വർക്കലയിൽ താമസിച്ചിരുന്ന ഇയാളുടെ പക്കൽ 4 ബൈക്കുകളുണ്ടായിരുന്നു. ഇവയെല്ലാം വാങ്ങിയതാണെന്നാണ് പറഞ്ഞതെങ്കിലും മറ്റു ചിലരുടെ പേരുകളിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെയും സിം കാർഡ് ഉൾപ്പെടെ നൽകിയവരെയും തിരിച്ചറിഞ്ഞു. ഇവർക്കു കുറ്റകൃത്യങ്ങളിൽ പങ്കില്ലെന്നാണു പൊലീസിന്റെ നിഗമനം. പാസ്‌വേഡ് നൽകാത്തതിനാൽ ഇയാളുടെ ലാപ്ടോപ് പരിശോധിക്കാനായില്ല.
ഇടപാടുകാരിൽ ‘താലിബാൻ’ മുതൽ ‘ദൈവം’ വരെ
അലക്സേജും യുഎഇയിൽ താമസിക്കുന്ന റഷ്യൻ പൗരൻ അലക്സാണ്ടർ മിറ സെർദ (40)യും ചേർന്നു യുഎസിൽ സ്ഥാപിച്ച ഗാരന്റെക്സ് എന്ന ക്രിപ്റ്റോ കറൻസി സ്ഥാപനം വഴി 2019 മുതൽ 9600 കോടി യുഎസ് ഡോളറിന്റെ ഇടപാടുകൾ നടത്തിയതായാണു യുഎസിലെ വെർജീനിയ കോടതിയിലുള്ള കേസ്.
ഉത്തര കൊറിയൻ സർക്കാരിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൈബർ കുറ്റകൃത്യ സംഘമായ ലാസറസ് ഗ്രൂപ്പ് 2023 ജൂലൈ വരെ ഗാരന്റെക്സിലൂടെ ഇടപാട് നടത്തി. ഇടപാടുകാരുടെ യഥാർഥ വിവരങ്ങൾ പരിശോധിക്കാതെയാണ് ഗാരന്റെക്സിൽ അക്കൗണ്ടുകൾ തുടങ്ങാൻ അലക്സേജും സെർദയും അനുമതി നൽകിയത്. ഗാരന്റെക്സിൽ അക്കൗണ്ടുള്ള ചിലർ ഇടപാടുകൾക്കായി ഉപയോഗിച്ച പേരുകൾ ഇങ്ങനെ – താലിബാൻ, ഗോഡ്, ഡ്രഗ്.
തിഹാറിൽ റിമാൻഡിൽ
ന്യൂഡൽഹി ∙ കേരള പൊലീസ് ഡൽഹിയിലെത്തിച്ച അലക്സേജ് ബെസിക്കോവിനെ പട്യാല കോടതി റിമാൻഡ് ചെയ്ത് തിഹാർ ജയിലിലേക്കയച്ചു. ഇന്റർപോളിന്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായ സിബിഐ ചോദ്യം ചെയ്ത ശേഷം ഇയാളെ യുഎസിനു കൈമാറും. ഇയാൾക്കെതിരെ ഇന്ത്യയിൽ കേസില്ല.