ചൊക്രമുടിയിലെ 4 പട്ടയങ്ങൾ റദ്ദാക്കി; 13.79 ഏക്കർ തിരിച്ചുപിടിച്ചു

Mail This Article
താെടുപുഴ / തിരുവനന്തപുരം ∙ വ്യാപകമായി കയ്യേറ്റവും അനധികൃത നിർമാണവും നടന്ന ഇടുക്കി ചൊക്രമുടിയിൽ ഒടുവിൽ സർക്കാർ നടപടി. ചാെക്രമുടി മലനിരയിലെ സർവേ നമ്പർ 27/1ൽ ഉൾപ്പെട്ട സർക്കാർ ഭൂമിയിൽ നിയമവിരുദ്ധമായി പതിച്ചു നൽകിയ 13 ഏക്കർ 79 സെന്റ് ഭൂമിയുടെ പട്ടയം ദേവികുളം സബ് കലക്ടർ റദ്ദാക്കി. 4 പട്ടയങ്ങൾ റദ്ദാക്കിയാണ് ഇത്രയും ഭൂമി സർക്കാരിലേക്കു തിരിച്ചുപിടിച്ചത്. കയ്യേറ്റക്കാർക്കെതിരെ കൃത്രിമരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യാനും ഉത്തരവുണ്ട്.
റദ്ദാക്കിയ പട്ടയങ്ങൾ നാലും ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ഉൾപ്പെടുന്നതാണ്. ചൊക്രമുടിയിൽ ഭൂമി കയ്യേറ്റം നടക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്, മന്ത്രി കെ.രാജന്റെ നിർദേശപ്രകാരം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. സംഘത്തിന്റെ പരിശോധനയെ തുടർന്നു വ്യാജരേഖകൾ ചമച്ച് ഭൂമി കയ്യേറിയതായി സ്ഥിരീകരിക്കുന്ന റിപ്പോർട്ട് സബ് കലക്ടർ സമർപ്പിച്ചു. അന്വേഷണത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനു പുറമേ കുറ്റാരോപിതരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 1964ലെ കേരള ഭൂപതിവ് ചട്ടത്തിലെ 8 (2), 8 (3) എന്നിവ പ്രകാരം നടപടി സ്വീകരിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സർവേയർ ഉൾപ്പെടെ 4 ഉദ്യോഗസ്ഥർക്കെതിരെ നേരത്തേ അച്ചടക്ക നടപടിയെടുത്തിരുന്നു.