നെല്ലുസംഭരണം: ധനവകുപ്പ് 352.5 കോടി അനുവദിച്ചു

Mail This Article
തിരുവനന്തപുരം ∙ കർഷകരിൽനിന്നു സംഭരിച്ച നെല്ലിന്റെ വിലയുടെ സംസ്ഥാനവിഹിതമായി 352.50 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. നേരത്തേ 2 തവണയായി 225 കോടി അനുവദിച്ചതുകൂടി ചേരുന്നതോടെ ഈയിനത്തിൽ ഈ സാമ്പത്തികവർഷം ബജറ്റിൽ വകയിരുത്തിയ 577.50 കോടിയും അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ താങ്ങുവില കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണു സംസ്ഥാനം അടിയന്തരമായി തുക നൽകിയത്. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായം എന്നീ ഇനങ്ങളിൽ 2017 മുതൽ 835 കോടി കുടിശികയാണ്. കേന്ദ്രവിഹിതത്തിനു കാത്തുനിൽക്കാതെ, നെല്ലു സംഭരിക്കുമ്പോൾത്തന്നെ കർഷകർക്കു വില നൽകുന്നതാണു കേരളത്തിലെ രീതി. സംസ്ഥാന സബ്സിഡിയും ചേർത്ത് നെല്ലിന് ഏറ്റവും ഉയർന്ന തുക നൽകുന്നതും കേരളത്തിലാണ്.
കേരളത്തിൽ പിആർഎസ് വായ്പാ പദ്ധതിയിൽ കർഷകന് നെല്ലുവില ബാങ്കിൽനിന്നു ലഭിക്കും. പലിശയും മുതലും ചേർത്തു സർക്കാർ തിരിച്ചടയ്ക്കും. കർഷകനു നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്പ പലിശയുടെയും ബാധ്യത സർക്കാരാണു തീർക്കുന്നത്. കേരളത്തിൽ മാത്രമാണ് ഇത്തരമൊരു പദ്ധതിയുള്ളതെന്നും മന്ത്രി പറഞ്ഞു.
മിൽ ഉടമകളുമായുള്ള ചർച്ചയിൽ തീരുമാനമായില്ല
തിരുവനന്തപുരം ∙ നെല്ലുസംഭരണത്തിലെ പ്രശ്നങ്ങൾ സംബന്ധിച്ചു മിൽ ഉടമകളും സപ്ലൈകോ എംഡിയും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. മന്ത്രിയുമായി ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്ന് എംഡി അശ്വതി ശ്രീനിവാസ് അറിയിച്ചു. ഈർപ്പമുള്ള നെല്ല് ഏറ്റെടുക്കുമ്പോൾ അരിയിൽ കുറവുണ്ടാകുമെന്നതിനാൽ ഔട്ട് ടേൺ റേഷ്യോയിൽ കുറവു വരുത്തണമെന്ന് കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ പ്രതിനിധികൾ ആവശ്യപ്പെട്ടു.
മുൻപ് കൈകാര്യച്ചെലവിലും കർഷകർക്കു ചാക്കു നൽകിയ ചെലവിലും തുക കുടിശികയാണ്. 2017 മുതൽ 2021 വരെയുള്ള കൈകാര്യച്ചെലവിനു മുഴുവൻ ജിഎസ്ടി അടയ്ക്കണമെന്ന വിഷയവും മിൽ ഉടമകൾ ഉന്നയിച്ചു. 2 മില്ലുകളുടെ ബാങ്ക് ഗാരന്റിയും സെക്യൂരിറ്റി ഡിപ്പോസിറ്റും സപ്ലൈകോ കണ്ടുകെട്ടിയെന്നും 28 കോടി രൂപയാണ് ഈ മില്ലുകൾക്കു സപ്ലൈകോ നിശ്ചയിച്ചിരിക്കുന്ന ബാധ്യതയെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി വർക്കി പീറ്റർ പറഞ്ഞു.