ADVERTISEMENT

ചെന്നൈ ∙ വായ്പ ആപ്പുകള്‍ വഴി വന്‍തോതില്‍ പണം തട്ടിയെടുത്ത കേസില്‍ ചെന്നൈയിലെ ഐടി കമ്പനി ഉടമകളടക്കം നാലുപേര്‍ അറസ്റ്റില്‍. കേരളത്തില്‍നിന്നടക്കം വന്‍തോതില്‍ പണം കവര്‍ന്ന എട്ട് ആപ്പുകളുടെ നിര്‍മാതാക്കളായ ഐടി കമ്പനിയുടെ ഉടമകളാണ് പിടിയിലായത്. ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നതിനായി കോള്‍ സെന്റര്‍ സ്ഥാപിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ഇതേ കേസില്‍ ചൈനീസ് സ്വദേശികളടക്കം നാലുപേര്‍ നേരത്തെ പിടിയിലായിരുന്നു.

മൈ ക്യാഷ്, ഒറോറ ലോണ്‍, ക്വിക്ക് ലോണ്‍, ഡിമണി, റാപ്പിഡ് ലോണ്‍, ഈസി ക്യാഷ്, ന്യൂ റൂപ്പി തുടങ്ങി എട്ട് ആപ്പുകള്‍ക്കാണു പിടിവീണത്. ഈ ആപ്പുകള്‍ നിര്‍മിച്ച അസാക്കസ് ടെക്നോ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയുടെ ഉടമകളായ എസ്.മനോജ് കുമാര്‍, എസ്.കെ.മുത്തുകുമാര്‍, പ്രമുഖ മൊബൈല്‍ കമ്പനിയുടെ മാനേജര്‍ സിജാഹുദ്ദീന്‍, വിതരണക്കാരന്‍ ജഗദീഷ് എന്നിവരെയാണു ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.

ഈ കേസില്‍ ചൈനീസ് പൗരന്മാരായ ഷിയാവോ യാമോ, ഷിവൂ യുന്‍ലു, ആപ്പ് നടത്തിപ്പുകാരായ ബെംഗളൂരു സ്വദേശികളായ പ്രമോദ്, സി.പി.പവന്‍ എന്നിവര്‍ ശനിയാഴ്ച പിടിയിലായിരുന്നു. സംഘത്തിന് രേഖകളില്ലാതെ ആയിരത്തിലധികം സിം കാര്‍ഡുകള്‍ നല്‍കിയതിനാണ് മൊബൈല്‍ കമ്പനി ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ലോണ്‍ എടുത്തവരെ ഭീഷണിപ്പെടുത്തുന്നതിനായി സംഘം ബെംഗളൂരുവില്‍ 110 പേരുള്ള വമ്പന്‍ കോള്‍ സെന്ററും നടത്തിയിരുന്നു.

ഇവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ചൈനീസ് പൗരന്‍മാര്‍ക്കു ചൈനയില്‍നിന്നു നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായും ഇതിനെ കുറിച്ചു വിശദമായ അന്വേഷണം തുടങ്ങിയതായും സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. 5000 രൂപ വായ്പയെടുത്ത് നാലര ലക്ഷം രൂപയുടെ കടക്കാരനായ ചെന്നൈ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റുകള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍പേർ പിടിയിലാകുമെന്നാണു സൂചന.

Content Highlights: Instant Loan App, Instant Loan, Loan App

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com