ജോലി പോയി, ഭാര്യയുടെ ഫോട്ടോ രൂപമാറ്റം വരുത്തിയും ഭീഷണി; പകച്ച് ഈ കുടുംബം
Mail This Article
കോഴിക്കോട്∙ ഓണ്‍ലൈന്‍ വായ്പയെടുത്തതിന്റെ പേരില്‍ കോഴിക്കോട്ട് സ്വദേശിയായ യുവാവിനു നഷ്ടമായത് ഏറെ കഷ്ടപ്പാടിനൊടുവില്‍ തരപ്പെട്ട വിദേശ ജോലി. തിരിച്ചടച്ച പണം പോരെന്ന് ആരോപിച്ച ഓണ്‍ലൈന്‍ വായ്പാ ഇടപാടുകാര്‍ വായ്പയെടുത്തയാളെ തട്ടിപ്പുകാരനായി ചിത്രീകരിച്ചതാണ് കാരണം. ഭാര്യയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന ഭീഷണിയാണ് ഒടുവിലത്തേത്.
നാലായിരം രൂപ വായ്പയെടുത്ത് തുടങ്ങിയ കോഴിക്കോട് ഗോവിന്ദാപുരത്തെ പി.ഹരികൃഷ്ണ ഒടുവില്‍ ഒന്നരലക്ഷത്തിലധികം അടച്ചാണ് ബാധ്യതയൊഴിവാക്കിയത്. കോവിഡുകാലത്തെ പ്രതിസന്ധിയാണ് ഈ ചെറുപ്പക്കാരനെയും ഓണ്‍ലൈന്‍ വായ്പയിലേക്ക് വലിച്ചടുപ്പിച്ചത്. ഒരു ലക്ഷം നല്‍കാമെന്ന് മൊബൈല്‍ ഫോണില്‍ സന്ദേശം. വേഗത്തില്‍ തിരിച്ചടയ്ക്കാമെന്ന് കരുതി അപേക്ഷിച്ചു.
ഒരു ലക്ഷത്തിന്റെ വാഗ്ദാനം പക്ഷേ, അക്കൗണ്ടിലെത്തുമ്പോള്‍ നാലായിരമായി ചുരുങ്ങി. പിന്നെയാണു മനസിലായത്, അടച്ചാലും അടച്ചാലും തീരാത്തതാണ് ഈ തുകയെന്ന്. പലിശനിരക്ക് എന്നൊന്നില്ല, ഓരോ തവണയും ഫോണില്‍ വിളിക്കുന്ന ഏജന്റുമാര്‍ പറയുന്നതാണു പലിശ. അതത്രയും അടയ്ക്കാന്‍ കഴിയാതെ വന്നപ്പോഴാണു വിദേശത്ത് തരപ്പെട്ട ജോലി ഓണ്‍ലൈന്‍ ഇടപാടുകാര്‍ നഷ്ടപ്പെടുത്തിയത്.
അവിടെയൊതുങ്ങിയില്ല ആക്രമണം. കേട്ടാലറയ്ക്കുന്ന ഭീഷണി സ്ത്രീ ശബ്ദത്തിലും എത്തി. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ഫോട്ടോ തന്റെ ഫോണില്‍നിന്നു ചോര്‍ത്തിയെടുത്തത് തിരിച്ചയച്ചപ്പോഴാണ് അപകടം തിരിച്ചറിഞ്ഞത്, അതോടെ തകര്‍ച്ച പൂര്‍ണമായി. കടം വാങ്ങിയും ഭാര്യയുടെ സ്വര്‍ണം പണയംവച്ചും ഒന്നരലക്ഷത്തോളം രൂപ തിരിച്ചടച്ചു തടിയൂരി. അപ്പോഴും, സ്മാർട്ട്ഫോണ്‍ ഹാക്കുചെയ്ത് കയറി സ്വകാര്യ വിവരങ്ങളെല്ലാം ഓണ്‍ലൈന്‍കാര്‍ കൈക്കലാക്കി എന്നതു ഞെട്ടിക്കുന്ന യാഥാർഥ്യമായി തുടരുന്നു.
English Summary: Online Scam Victim from Kozhikode