ലതിക സുഭാഷ് എൻസിപിയിലേക്ക്; പി.സി.ചാക്കോയുമായി ചർച്ച നടത്തി
Mail This Article
കോട്ടയം ∙ മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ് എൻസിപിയിൽ ചേർന്നേക്കും. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുമായി ലതിക ചർച്ച നടത്തി. ലതിക തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അവർ വ്യക്തമാക്കി.
‘പി.സി.ചാക്കോയുമായി ആശയ വിനിമയം നടത്തിയിരുന്നു. വളരെ ചെറിയ പ്രായം മുതൽ കാണുന്ന കോൺഗ്രസ് നേതാവാണ് അദ്ദേഹം. അത്തരം ചർച്ചകൾ ആലോചിച്ച് വരികയാണ്. വൈകാതെ നിലപാട് വ്യക്തമാക്കും. കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്നതല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാൻ കഴിയില്ല. കോൺഗ്രസിന്റെ പാരമ്പര്യത്തിൽ വന്ന വ്യക്തി എന്ന നിലയിൽ അത്തരം ചില ആലോചനകളുണ്ട്. വളരെ വൈകാതെ മാധ്യമങ്ങളുമായി പങ്കുവയ്ക്കും’– അവർ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ലതിക സുഭാഷ് കോൺഗ്രസുമായി അകന്നത്. തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചെങ്കിലും തോറ്റു. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ടു.
English Summary: Lathika Subhash may join NCP