ഡോ. മാത്യൂസ് മാർ സേവേറിയോസ് നിയുക്ത കാതോലിക്കാ ബാവാ
Mail This Article
കോട്ടയം ∙ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്തയെ ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സിനഡ് നിയുക്ത കാതോലിക്കാ ബാവാ ആയി ഐകകണ്ഠ്യേന നാമനിർദ്ദേശം ചെയ്തു. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മലങ്കര അസോസിയേഷന്‍ യോഗത്തിനു മുന്നോടിയായി സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് ചേർന്ന സിനഡിൽ സഭയിലെ 24 മെത്രാപ്പൊലീത്തമാർ പങ്കെടുത്തു. വെള്ളിയാഴ്ച മാനേജിങ് കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.
ഒക്ടോബർ 14 ന് പരുമലയിൽ ചേരുന്ന മലങ്കര അസോസിയേഷൻ യോഗം സിനഡ് നിർദ്ദേശം അംഗീകരിക്കുന്നതോടെ അടുത്ത കാതോലിക്ക ബാവായും മലങ്കര മെത്രാപ്പൊലീത്തയുമായി ഡോ.മാത്യൂസ് മാർ സേവേറിയോസ് അവരോധിക്കപ്പെടും. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ മുന്‍ സെക്രട്ടറിയും വര്‍ക്കിങ് കമ്മിറ്റിയംഗവുമാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത. കാലം ചെയ്ത കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റായും സേവനമനുഷ്ഠിച്ചു. കോട്ടയം വാഴൂർ സ്വദേശിയാണ്.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തതോടെയാണ് പുതിയ കാതോലിക്ക ബാവായെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്. പരിശുദ്ധ കാതോലിക്കാ ബാവാ കാലം ചെയ്തതിനെത്തുടർന്ന് രൂപീകരിച്ച അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ അധ്യക്ഷൻ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമ്മിസ് സിനഡിൽ അധ്യക്ഷത വഹിച്ചു.
English Summary: Dr Mathews Mar Severios elected as Catholica Bava