പെൺപ്രതിമ: ‘ആർട്ടിസ്റ്റ് നമ്പൂതിരിയെ നടൻ അലൻസിയർ അപമാനിച്ചു, 1 കോടി നൽകണം’
Mail This Article
മലപ്പുറം ∙ സംസ്ഥാന ചലച്ചിത്ര പുരസ്കാര ശിൽപത്തിനെതിരായ വിവാദ പരാമർശത്തിൽ നടൻ അലൻസിയർ അധിക്ഷേപിച്ചെന്ന പരാതിയുമായി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം. പരാമർശം പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ വക്കീൽ നോട്ടിസ് അയച്ചു.
ചലച്ചിത്ര അവാർഡ് സമർപ്പണ വേദിയിലെ അലൻസിയറിന്റെ സ്ത്രീവിരുദ്ധ പരാമർശം വിവാദമായിരുന്നു. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമാണ് അലൻസിയർ പറഞ്ഞത്. പുരസ്കാരം സ്വീകരിച്ച ശേഷം സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിലും അലൻസിയർ ‘പെൺപ്രതിമ’യ്ക്കെതിരെ പരാമർശം നടത്തി. പുരസ്കാരത്തിനൊപ്പമുള്ള ശിൽപം ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്തതല്ല. എന്നാൽ, അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചെന്നും ഇതു തന്റെ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കിയെന്നും നോട്ടിസിൽ പറയുന്നു.
സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ അലൻസിയർ ഖേദം പ്രകടിപ്പിക്കണമെന്നു മന്ത്രി ജെ.ചിഞ്ചുറാണി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. മനസ്സിലടിഞ്ഞ പുരുഷാധിപത്യത്തിന്റെ ബഹിർസ്ഫുരണം ആണ് അലൻസിയറിന്റെ പരാമർശമെന്ന് മന്ത്രി ആർ.ബിന്ദുവും പ്രതികരിച്ചു. വിവാദത്തിനു പിന്നാലെ അഭിമുഖത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് അലന്‍സിയറിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.