ബെളഗാവിയിൽ വീട്ടമ്മയെ നഗ്നയാക്കിയ സംഭവം ; അന്വേഷണത്തിന് 5 അംഗ വനിതാ സംഘം, രാഷ്ട്രീയ ആയുധമാക്കാൻ കേന്ദ്രം

Mail This Article
ബെംഗളൂരു ∙ ബെളഗാവിയിൽ 55 വയസ്സുള്ള ദലിത് വീട്ടമ്മയെ നഗ്നയാക്കി നടത്തിച്ച ശേഷം പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ച സംഭവത്തെ, ബിജെപി കേന്ദ്ര നേതൃത്വം സിദ്ധരാമയ്യ സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റാനൊരുങ്ങുന്നു. സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ അഞ്ചംഗ സമിതിക്ക് രൂപം നൽകി. 4 എംപിമാരും ഒരു ദേശീയ സെക്രട്ടറിയും ഉൾപ്പെടെ 5 വനിതാ സംഘത്തെയാണു നിയോഗിച്ചിരിക്കുന്നതെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് അറിയിച്ചു.
കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയ ശേഷം സ്ത്രീകൾക്കെതിരെ ഇത്തരം ഹീനകൃത്യങ്ങൾ വർധിച്ചതായി നഡ്ഡ ആരോപിച്ചു. കുറ്റക്കാർക്കെതിരെ കേസെടുത്ത സിദ്ധരാമയ്യ സർക്കാർ കർശന നിയമനടപടി സ്വീകരിച്ചു വരുന്നതിനിടെയാണ് ബിജെപി പ്രതിഷേധം ശക്തമാക്കുന്നത്. സംഭവത്തിൽ 8 പേരെ അറസ്റ്റ് ചെയ്തതിനു പുറമേ ഒളിവിലുള്ള 8 പേർക്കെതിരെ തിരച്ചിൽ ഊർജിതമാക്കി.
കർണാടകയിൽ നിന്നുള്ള ബിജെപി എംപിമാർ ഇന്നലെ പാർലമെന്ററിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഭവത്തെ അപലപിച്ച് ഇന്നു സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര അറിയിച്ചു.
കഴിഞ്ഞ 11ന് ബെളഗാവിയിലെ വണ്ടമുറിയിലാണ് കേസിന് ആസ്പദമായ സംഭവം. 24 വയസ്സുള്ള മകനൊപ്പം ഒളിച്ചോടിയ 18 വയസ്സുകാരിയുടെ ബന്ധുക്കളാണ് അക്രമത്തിനു പിന്നിൽ. യുവാവിന്റെ വീടും അക്രമികൾ തകർത്തിരുന്നു. സംഭവത്തിൽ സ്വമേധയാ ഇടപെട്ട ഹൈക്കോടതി മഹാഭാരതത്തിലെ ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തേക്കാൾ ഹീനകൃത്യമാണു ബെളഗാവിയിൽ നടന്നതെന്ന് വിലയിരുത്തി. 18ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോടു നിർദേശിച്ചിട്ടുണ്ട്.