ADVERTISEMENT

കൽപറ്റ∙ ചൂരൽമല പുനരധിവാസം പാളിയെന്നും സർക്കാർ അലംഭാവവും വീഴ്ച്ചയും തുടരുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട്ടിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. ‘‘സർക്കാരിന്റെ ഭാഗത്തുനിന്നും നിരുത്തരവാദ സമീപനമാണുള്ളത്. മന്ത്രിസഭ ഉപസമിതി വയനാട്ടിൽനിന്നും സ്ഥലം വിട്ടു. ആദ്യഘട്ടത്തിൽ കാണിച്ച താൽപര്യവും ശുഷ്കാന്തിയും പിന്നീടു കാണിക്കാതെ മന്ത്രിമാർ മുങ്ങി. ഫോട്ടോഷൂട്ടിൽ മാത്രമാണ് അവർ താൽപര്യം കാണിച്ചത്. മന്ത്രി ഒ.ആർ.കേളു മാത്രമാണ് ഇപ്പോൾ വയനാട്ടിലുള്ളത്.

ക്യാംപുകളിൽ താമസിക്കുന്നവർക്കു താൽക്കാലിക പുനരധിവാസ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. പ്രധാനമന്ത്രി വന്നു പോയിട്ട് രണ്ടാഴ്ച കഴിഞ്ഞു. വിശദമായ മെമ്മോറാണ്ടം സമർപ്പിക്കണമെന്ന് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നിട്ടും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് മെമ്മോറാണ്ടം സമർപ്പിക്കാനുള്ള ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല.

പുനരധിവാസത്തിന്റെ കാര്യത്തിൽ ശാസ്ത്രീയമായി ഗൃഹപാഠം നടത്താൻ സർക്കാർ ശ്രമിച്ചിട്ടില്ല. പുത്തുമല പുനരധിവാസത്തിന്റെ കാര്യത്തിൽ സംഭവിച്ച വീഴ്ചകൾ ഇവിടെയും ആവർത്തിക്കുകയാണ്. വാഗ്ദാനങ്ങൾ മാത്രമാണ് പുത്തുമലയിൽ ലഭിച്ചത്. കേന്ദ്രസർക്കാർ കയ്യയച്ച് സഹായിക്കാം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്?’’– സുരേന്ദ്രൻ ചോദിച്ചു. 

കഴിഞ്ഞ രണ്ടു വർഷക്കാലമായി ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കു കേന്ദ്രസർക്കാർ അനുവദിച്ച 600 കോടി രൂപ ഇപ്പോഴും ചെലവഴിക്കാതെ സംസ്ഥാന സർക്കാരിന്റെ പക്കലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

‘‘പുനരധിവാസ പാക്കേജിനെ കുറിച്ച് മന്ത്രിസഭാ ഉപസമിതിയുമായി നേരിട്ട് സംസാരിച്ചിരുന്നു. അവരുടെ പാക്കേജിന് അനുസരിച്ചു ബിജെപിക്കു കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും അറിയിച്ചു. എന്നാൽ വ്യക്തമായ ഉത്തരം ലഭിച്ചില്ല. നിലവിൽ തന്നെ ആയിരത്തോളം വീടുകൾ നിർമിച്ചു നൽകാമെന്നു പലരും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതൊക്കെ എങ്ങനെയാണു സാധ്യമാക്കുക എന്നും മന്ത്രിമാരോടു ചോദിച്ചു. എന്നാൽ അവരുടെ പക്കൽ ഉത്തരം ഇല്ലായിരുന്നു. എന്തുകൊണ്ടാണു പുനരധിവാസ പാക്കേജിന്റെ കാര്യത്തിൽ സർവകക്ഷിയോഗം വിളിക്കാൻ സർക്കാർ തയ്യാറാവാത്തത്’’– സുരേന്ദ്രൻ ചോദിച്ചു.

English Summary:

Chooralmala Rehabilitation Fails: BJP's K. Surendran Slams Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com