ADVERTISEMENT

കൊച്ചി∙ ആലപ്പുഴയിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച പൊലീസ് നടപടിയെ മുഖ്യമന്ത്രി രക്ഷാപ്രവർത്തനമെന്ന് ന്യായീകരിച്ചതിൽ കേസെടുക്കാൻ ഉത്തരവിട്ട കോടതിയുടെ ഇടപെടൽ പിണറായി വിജയന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്. അക്രമപരമ്പരകളിൽ മുഖ്യമന്ത്രിയുടെ പങ്ക് കോടതിക്കു പോലും മനസ്സിലായിരിക്കുന്നു.

രാഷ്ട്രീയ ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുവാൻ തയാറാകണം.  ഏകാധിപതികളായ ഭരണാധികാരികളുടെ ജനാധിപത്യവിരുദ്ധ സമീപനങ്ങളിൽ സാധാരണക്കാരുടെ പ്രതീക്ഷ കോടതികളാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ ഉണ്ടായ കോടതി ഉത്തരവിനെ ആശ്വാസത്തോടെ കാണുകയാണ്. 

കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ജനാധിപത്യ രീതിയിൽ പ്രതികരിച്ചവർക്കെതിരെ ക്രൂരമായ അതിക്രമമാണ് പൊലീസിന്റെ നേതൃത്വത്തിൽ നടന്നത്. അത്തരം അതിക്രമങ്ങളെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. സത്യവാചകം ചൊല്ലി അധികാരത്തിൽ ഏറിയ ഒരു ഭരണാധികാരിക്ക് ഭൂഷണമായ കാര്യമല്ല മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

പണ്ട് ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അതേ ശൈലിയിൽ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തും എത്തിയപ്പോഴും പിണറായി വിജയന്റെ പ്രവർത്തനം. ഭരണകൂടത്തെ ജനാധിപത്യ രീതിയിൽ ചോദ്യം ചെയ്താൽ അക്രമത്തിലൂടെ അത്തരം പ്രതിഷേധങ്ങളെ  ഇല്ലാതാക്കാമെന്ന് സിപിഎമ്മും മുഖ്യമന്ത്രിയും കരുതുകയാണ്. 

നവകേരള സദസിനിടെ ആസൂത്രിതമായ ആക്രമണമാണ് മിക്കയിടങ്ങളിലും നടന്നത്. അതിനെല്ലാം വഴിവച്ചത് മുഖ്യമന്ത്രിയുടെ വഴിവിട്ട പ്രോത്സാഹനവുമാണ്. അങ്ങേയറ്റം ക്രൂരതയാണ് പ്രതിഷേധിച്ച യുവജന സംഘടന നേതാക്കൾക്കുനേരെ ഉണ്ടായത്. നിയമപരമായും രാഷ്ട്രീയമായും വിഷയത്തിൽ കോൺഗ്രസ് മുന്നോട്ടു പോവുക തന്നെ ചെയ്യും. കോടതി അന്വേഷിക്കുവാൻ പറഞ്ഞിരിക്കുന്നത് പൊലീസിനോട് തന്നെയാണ്. ഈ പൊലീസിൽ നിന്നും നീതി കിട്ടുമെന്ന് കോൺഗ്രസ് കരുതുന്നില്ല. പൊലീസ് ഇനിയും മുഖ്യമന്ത്രിക്കും പിണറായി വിജയനും വേണ്ടി ഇടപെടലുകൾ നടത്തിയാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Court Order is a Setback to Chief Minister's Arrogance, Says Congress Leader muhammed shiyas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com