ADVERTISEMENT

കൊച്ചി∙ വിദേശത്തുനിന്ന് ഓമനമൃഗങ്ങളെ കൊണ്ടുവരാനുള്ള സർട്ടിഫിക്കേഷൻ ഒക്ടോബറിൽ ലഭിച്ചതിനു ശേഷം ആദ്യമായി ഒരു ഓമനമൃഗം കൊച്ചി വിമാനത്താവളത്തിൽ പറന്നിറങ്ങി. സങ്കരയിനത്തിൽപ്പെട്ട ഒരു വയസ്സുകാരി ‘ഇവ’ എന്ന വെളുത്ത പൂച്ചക്കുട്ടിയാണ് വ്യാഴം രാവിലെ 10:17ന് എയർ ഇന്ത്യയുടെ എഐ 954 വിമാനത്തിൽ ദോഹയിൽനിന്നു കൊച്ചിയിലെത്തിയത്. തൃശൂർ ചേലക്കര സ്വദേശി കെ.എ.രാമചന്ദ്രന്റെ ഓമനയാണ് ഇവ. ശനിയാഴ്ച ബെൽജിയത്തിലെ ബ്രസൽസിൽനിന്ന് ഒരു നായ്ക്കുട്ടിയും കൊച്ചി വിമാനത്താവളത്തിലെത്തുന്നുണ്ട്.

“മികച്ച സേവനമാണ് സിയാൽ നൽകിയത്. കസ്റ്റംസ്, ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ആയാസരഹിതമായി, വളരെപ്പെട്ടെന്നു പൂർത്തിയാക്കി പുറത്തിറങ്ങാൻ സാധിച്ചു’’ – ഇവയ്ക്കൊപ്പം കൊച്ചിയിലെത്തിയ രാമചന്ദ്രൻ പറഞ്ഞു.

cat-imported-from-doha-2
കൊച്ചിയിലെത്തിയ ‘ഇവ’ എന്ന പൂച്ചക്കുട്ടി

ഈ വർഷം ജൂലൈയിൽ ഓമന മൃഗങ്ങളെ കൊണ്ടുപോകാനുള്ള പെറ്റ് എക്സ്പോർട്ട് സൗകര്യം സിയാലിൽ നിലവിൽ വന്നിരുന്നു. നിരവധി യാത്രക്കാർ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. ലാസാ അപ്സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’ എന്ന നായയാണ് കൊച്ചിയിൽനിന്നു ദോഹ വഴി ദുബായിലേക്ക് പോയ ആദ്യ മൃഗം. ഇതിനു പിന്നാലെ ഒക്ടോബര്‍ 10 നാണ് കൊച്ചി വിമാനത്താവളത്തിലേക്ക് വിദേശത്തുനിന്ന് മൃഗങ്ങളെ കൊണ്ടുവരുന്നതിനുള്ള അനുമതി നല്‍കുന്ന ക്വാറന്‍റീന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സേവനം തുടങ്ങിയത്.

കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽനിന്ന് അനിമൽ ക്വാറന്റീൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് (എക്യുസിഎസ്) അനുമതി ലഭിച്ചതോടെ, 'പെറ്റ് എക്സ്പോർട്ട് - ഇംപോർട്ട്' സൗകര്യങ്ങളുള്ള  കേരളത്തിലെ ഏക വിമാനത്താവളമായി സിയാൽ മാറി. വിപുലമായ സൗകര്യങ്ങളുള്ള പെറ്റ് സ്റ്റേഷൻ, വെറ്ററിനറി ഡോക്ടറുടെ സേവനം, ക്വാറന്റീൻ സെന്റർ എന്നീ സൗകര്യങ്ങൾ സിയാലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 

വിദേശത്തുനിന്ന് വളർത്തുമൃഗങ്ങളെ കൊണ്ടു വരാനും കൊണ്ടു പോകാനുമുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നതിന് എയർലൈനുകളെയോ കാർഗോ ഹാൻഡ്‍ലിങ് ഏജൻസികളെയോ ആണ് യാത്രക്കാർ ആദ്യം ബന്ധപ്പെടേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് https://aqcsindia.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary:

Kochi Airport welcomes its first pet import –'Eva' the cat's journey from Doha to kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com