ADVERTISEMENT

തിരുവനന്തപുരം∙ സാമൂഹികസുരക്ഷാ പെന്‍ഷന്‍ ക്രമക്കേടുകളില്‍ ധനവകുപ്പ് കൂടുതല്‍ കടുത്ത നടപടികളിലേക്ക്. കോട്ടയ്ക്കല്‍ നഗരസഭയില്‍ തട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്കാണു നിര്‍ദേശം നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണം. കോട്ടയ്ക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണം. 

ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച പരിശോധനയില്‍ 38 പേരും അനര്‍ഹരാണെന്നു കണ്ടെത്തിയിരുന്നു. ഒരാള്‍ മരിച്ചു. 50 ലക്ഷത്തിനുമുകളിൽ വിലയുള്ള കാര്‍ ഉടമകള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു എന്നാണു കണ്ടെത്തിയത്. ചില ക്ഷേമ പെന്‍ഷന്‍കാരുടെ വീടുകളില്‍ എസി ഉള്‍പ്പെടെ സുഖ സൗകര്യങ്ങളുമുണ്ട്. ഭാര്യയോ ഭര്‍ത്താവോ സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. മിക്കവരുടെയും വീട് 2000 ചതുരശ്ര അടി തറ വിസ്തൃതിയിലും കൂടുതല്‍ വലുപ്പമുള്ളതാണെന്നും കണ്ടെത്തി. ഒരു വാര്‍ഡില്‍ ഇത്തരത്തില്‍ കൂട്ടത്തോടെ അനര്‍ഹര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനുപിന്നില്‍ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധന വകുപ്പ് പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്

കോട്ടയ്ക്കല്‍ നഗരസഭയിലെ മുഴുവന്‍ സാമൂഹ്യസുരക്ഷാ ഗുണഭോക്താക്കളുടെയും അര്‍ഹത സംബന്ധിച്ച പരിശോധന നടത്താനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് നഗരസഭയ്ക്ക് നിര്‍ദേശം നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇത്തരം പരിശോധന സംസ്ഥാനത്താകെ വ്യാപിപ്പിക്കും. അനര്‍ഹരായ മുഴുവന്‍ പേരെയും പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ധന വകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബാങ്ക് അക്കൗണ്ട് വഴി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച് കൃത്യമായ ഇടവേളകളില്‍ വിലയിരുത്തല്‍ നടത്താന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ധനവകുപ്പ് നിര്‍ദേശം നല്‍കും.

English Summary:

Kerala pension scam: The Finance Department is taking stringent action against those involved in social security pension scams. Finance Minister K.N. Balagopal has ordered a Vigilance probe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com