ഇന്ത്യയ്ക്കു ശരിയായ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ: മോഹൻ ഭാഗവത്
Mail This Article
ഇൻഡോർ ∙ അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്ന വിവാദ പ്രസ്താവനയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പ്രാണപ്രതിഷ്ഠ നടത്തിയ തീയതി ‘പ്രതിഷ്ഠ ദ്വാദശി’ എന്ന പേരിൽ ആഘോഷിക്കണം. വിദേശ ആധിപത്യത്തിനുമേൽ ഭാരതത്തിന്റെ പരമാധികാരം വിജയം നേടിയതിന്റെ പ്രതീകമാണിതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
2024 ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടന്നത്. ‘‘രാമക്ഷേത്രത്തിനായി നടത്തിയ ശ്രമങ്ങൾ ആർക്കും എതിരെയുള്ളതായിരുന്നില്ല. മറിച്ച് ഇന്ത്യയുടെ സ്വത്വത്തെ ഉയർത്തെഴുന്നേൽപ്പിക്കാനും ലോകത്തെ നയിച്ചുകൊണ്ട് സ്വതന്ത്രമായി നിലനിൽക്കാൻ രാജ്യത്തെ പ്രാപ്തരാക്കാനും വേണ്ടിയുള്ളതായിരുന്നു’’– മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
റാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ്ക്ക് ദേശീയ ദേവി അഹല്യ അവാർഡ് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം.