ഗോവയിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ ഇടിവ്; വില്ലൻ ഇഡ്ഡലിയും സാമ്പാറുമെന്ന് ബിജെപി എംഎൽഎ

Mail This Article
പനജി∙ ഗോവയിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ ഇടിവിനു പിന്നിൽ ഇഡ്ഡലിയും സാമ്പാറുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ മൈക്കിൾ ലോബോ. ഗോവയിലെ ബീച്ചുകൾക്കു സമീപമുള്ള ചെറിയ കടകളിൽ (ഷാക്ക്) ഇഡ്ഡലിയും സാമ്പാറും വിൽക്കുന്നതാണു സഞ്ചാരികളെ പിന്നോട്ടുവലിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നോർത്ത് ഗോവയിലെ കലംഗൂട്ട് ബീച്ചിൽ നടന്ന വാർത്താസമ്മേളനത്തിലാണു വിവാദ പരാമർശം.
‘‘ടൂറിസത്തിന്റെ ഭാഗമായി ഗോവയിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറയുന്നതിൽ സർക്കാരിനു മാത്രമല്ല, എല്ലാവർക്കും തുല്യ ഉത്തരവാദിത്തമാണുള്ളത്. തദ്ദേശീയർ തങ്ങളുടെ ഷാക്കുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്കു വാടകയ്ക്കു നൽകിയിരിക്കുകയാണ്. ബെംഗളൂരുവിൽനിന്നുള്ള ചിലർ വാടാപാവും മറ്റു ചിലർ ഇഡ്ഡലിയും സാമ്പാറും ഷാക്കുകളിൽ വിൽക്കുകയാണ്’’ – അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വിഭവങ്ങൾ എങ്ങനെയാണു സംസ്ഥാനത്തെ വിനോദസഞ്ചാരത്തെ ബാധിച്ചതെന്നു പറയാൻ ലോബോ തയാറായില്ല.
‘‘അവധിക്കാലത്ത് സ്ഥിരമായി ഗോവ സന്ദർശിക്കാൻ എത്തുന്നവർ ഉണ്ടെങ്കിലും വിദേശരാജ്യങ്ങളിലെ യുവതലമുറ സംസ്ഥാനത്തേക്കെത്തുന്നില്ല. ടൂറിസം വകുപ്പും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും കൂടിയാലോചിച്ച് എന്തുകൊണ്ടാണു സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതെന്നു കണ്ടെത്തണം. റഷ്യ– യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് യുഎസ്എസ്ആർ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾ ഗോവയിലേക്ക് എത്തുന്നില്ല. പ്രദേശത്ത് ടാക്സി ഓടിക്കുന്നവരും ക്യാബുകളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുമുണ്ട്. ഒരു സംവിധാനം ഉണ്ടാക്കിയില്ലെങ്കിൽ വിനോദസഞ്ചാരമേഖലയിൽ ഇനി കറുത്ത ദിനങ്ങളാകും വരിക’’ – അദ്ദേഹം പറഞ്ഞു.
അതേസമയം, ഗോവയെ ആരും മോശമാക്കുന്നില്ലെന്നും തന്റെ പ്രസ്താവനയെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു. ‘‘ഗോവയുടെ പ്രതിച്ഛായ മോശമാകുന്നില്ല. അധികാരത്തിലിരിക്കുന്ന നമ്മളാണ് ഗോവയെ മോശമാക്കുന്നത്. ഇഡ്ഡലിയും സാമ്പാറും ബീച്ചിൽ വിൽക്കുന്നത് തെറ്റാണെന്ന് നമ്മൾ അംഗീകരിക്കണം, ഇതിന്റെ വിൽപന തടയണം’’ – ലോബോ പറഞ്ഞു.