കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ വൻ കഞ്ചാവു വേട്ട; അറസ്റ്റിലായ 3 വിദ്യാർഥികൾക്കു സസ്പെൻഷൻ

Mail This Article
കൊച്ചി ∙ കളമശ്ശേരി പോളിടെക്നിക് കോളജിന്റെ മെൻസ് ഹോസ്റ്റലിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 2 കിലോ കഞ്ചാവ് പിടിച്ച സംഭവത്തിൽ പ്രതികളായ മൂന്നു വിദ്യാർഥികളെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം.ആകാശ് (21), ഹരിപ്പാട് വെട്ടുവേണി സ്വദേശി ആദിത്യൻ (20), കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി ആർ.അഭിരാജ് (21) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർ ഇന്നലെ അറസ്റ്റിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ ആകാശിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിട്ടുണ്ട്. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നു. എസ്എഫ്ഐ നേതാവും ക്യാംപസ് യൂണിയൻ ജനറൽ സെക്രട്ടറിയുമാണ് അഭിരാജ്. ഹോളി ആഘോഷത്തിനായാണു കഞ്ചാവ് എത്തിച്ചതെന്നു വിദ്യാർഥികൾ മൊഴി നൽകി.
ഇന്നലെ രാത്രി പോളിടെക്നിക്കിന്റെ പെരിയാർ ഹോസ്റ്റലിൽ നാർക്കോട്ടിക് സെൽ, ഡാൻസാഫ്, തൃക്കാക്കരയിലെയും കളമശേരിയിലെയും പൊലീസ് തുടങ്ങിയവരാണ് റെയ്ഡ് നടത്തിയത്. ഒന്നാം നിലയിൽ ആകാശിന്റെ ജി–11 മുറിയിൽ നിന്ന് 1.909 കിലോഗ്രാമും രണ്ടാം നിലയിലെ എഫ്–39 മുറിയിൽനിന്ന് 9.70 ഗ്രാമും വീതമാണ് പിടിച്ചെടുത്തത്. ജി–11 മുറിയിൽ കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപനയ്ക്ക് തയാറാക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്. ഇലക്ട്രോണിക് ത്രാസും അവിടെനിന്നു പിടിച്ചെടുത്തു.
ആദിത്യന്റെയും അഭിരാജിന്റെയും മുറിയിൽനിന്നു പിടിച്ച കഞ്ചാവ് വാണിജ്യ അളവിലല്ല എന്നതിനാൽ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. മുറികളിൽനിന്ന് മദ്യക്കുപ്പികൾ, ഗർഭനിരോധന ഉറകൾ എന്നിവയും കണ്ടെടുത്തു. 7 മണിക്കൂറോളം പൊലീസ് പരിശോധന നീണ്ടു. ഇന്നലെ രാത്രി 9 മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ നാലിനാണ് അവസാനിച്ചത്.