‘ഗോധ്ര കലാപം വലിയ ദുരന്തം, എന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിച്ചു; എന്റെ ശക്തി എന്റെ പേരിലല്ല’

Mail This Article
ന്യൂഡൽഹി ∙ വിമർശനമാണു ജനാധിപത്യത്തിന്റെ ആത്മാവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘‘നല്ലരീതിയിലുള്ള വിമർശനങ്ങൾ വേണം. ഇന്ന് നമ്മൾ കാണുന്നത് യഥാർഥ വിമർശനങ്ങളല്ല. യഥാർഥ വിമർശനങ്ങൾ ഉന്നയിക്കാൻ കൃത്യമായ പഠനവും ഗവേഷണവും വേണം. ഇന്ന് ആളുകൾ കുറുക്കുവഴി തേടുകയാണ്. കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാതെ ആരോപണങ്ങളിലേക്ക് എടുത്തുചാടുന്നു’’– മോദി ആരോപിച്ചു. ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണു മോദിയുടെ വിമർശനം.
അഭിമുഖത്തിൽ മോദി പറഞ്ഞ പ്രധാനകാര്യങ്ങൾ
∙ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ലോകം നമ്മെ ശ്രദ്ധിക്കുന്നു. ബുദ്ധന്റെ നാടാണ് ഇന്ത്യ. ഇന്ത്യക്കാർ കലഹങ്ങളും സംഘർഷങ്ങളും പ്രോത്സാഹിപ്പിക്കാറില്ല. ഐക്യമാണ് ആഗ്രഹിക്കുന്നത്. നമ്മൾ സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നു.
∙ എന്റെ ശക്തി എന്റെ പേരിലല്ല, മറിച്ച് 1.4 ബില്യൻ ഇന്ത്യക്കാരുടെയും ആയിരക്കണക്കിനു വർഷത്തെ കാലാതീതമായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും പിന്തുണയാണ്. ഒരു ലോകനേതാവിനു ഞാൻ കൈ കൊടുക്കുമ്പോൾ, അത് മോദിയല്ല, പകരം 1.4 ബില്യൻ ഇന്ത്യക്കാരാണു ചെയ്യുന്നത്.
∙ റഷ്യയുമായും യുക്രെയ്നുമായും ഒരുപോലെ അടുത്ത ബന്ധമുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇരുന്ന് ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് എനിക്ക് പറയാൻ കഴിയും. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയോട് സൗഹൃദപരമായ രീതിയിൽ പറയാനാകും: സഹോദരാ, ലോകത്ത് എത്ര പേർ നിങ്ങളോടൊപ്പം നിന്നാലും യുദ്ധക്കളത്തിൽ ഒരിക്കലും പരിഹാരമുണ്ടാകില്ലെന്ന്. യുക്രെയ്‌നും റഷ്യയും ചർച്ചകളിലേക്കു വരുമ്പോൾ മാത്രമേ പരിഹാരമുണ്ടാകൂ.
∙ ഞാൻ പ്രധാനമന്ത്രിയായപ്പോൾ, പുതിയൊരു തുടക്കം കുറിക്കാൻ വേണ്ടി, സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാക്കിസ്ഥാനെ പ്രത്യേകം ക്ഷണിച്ചു. പക്ഷേ, സമാധാനം പുനഃസ്ഥാപിക്കാനുള്ള ഓരോ ശ്രമത്തിനും ശത്രുതയും വഞ്ചനയും നേരിടേണ്ടിവന്നു. അവർ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുമെന്നു ഞങ്ങൾ ആത്മാർഥമായി പ്രതീക്ഷിക്കുന്നു.
∙ ലോകത്ത് എവിടെ ഭീകരത നടന്നാലും അതിന്റെ പാത എങ്ങനെയോ പാക്കിസ്ഥാനിലേക്ക് നയിക്കുന്നു. സെപ്റ്റംബർ 11ലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ ഒസാമ ബിൻ ലാദൻ എവിടെ നിന്നാണ് ഉയർന്നുവന്നത്? ഭീകരവാദവും തീവ്രവാദ മനോഭാവവും പാക്കിസ്ഥാനിൽ ആഴത്തിൽ വേരൂന്നിയതാണ്. ഇന്ത്യയുമായി സൗഹാർദപരമായ സഹവർത്തിത്വം വളർത്തിയെടുക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചില്ല. അവർ ഇന്ത്യയുമായി സംഘർഷത്തിനു തീരുമാനിച്ചു. അവർ ഇന്ത്യയ്ക്കെതിരെ നിഴൽയുദ്ധം നടത്തുകയാണ്.
∙ പരമമായ ശക്തിയാൽ അയയ്ക്കപ്പെട്ട ഞാൻ, വലിയൊരു ലക്ഷ്യത്തിനായാണ് ഇവിടെയുള്ളത്. ഞാൻ ഒറ്റയ്ക്കല്ല; എന്നെ അയച്ചവൻ എപ്പോഴും ഒപ്പമുണ്ട്. ഈ അചഞ്ചലമായ വിശ്വാസം എപ്പോഴും ഉള്ളിൽ ഉണ്ടായിരിക്കണം. എന്നെ ശക്തനാക്കാനായി പ്രയാസങ്ങൾ നിലനിൽക്കുന്നു.
∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അദ്ദേഹത്തിന്റെ ആദ്യ ടേമിലും ഇപ്പോഴും ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ഇത്തവണ, അദ്ദേഹം മുൻപത്തേക്കാൾ തയാറെടുപ്പ് നടത്തിയതായി തോന്നുന്നു. അദ്ദേഹത്തിന്റെ മനസ്സിൽ വ്യക്തമായ പദ്ധതിയുണ്ട്, അതിനുള്ള ചുവടുകളും.
∙ ഇന്ത്യയും ചൈനയും ആരോഗ്യകരവും സ്വാഭാവികവുമായ രീതിയിൽ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നു. മത്സരം മോശം കാര്യമല്ല, പക്ഷേ അത് ഒരിക്കലും സംഘർഷത്തിലേക്കു മാറരുത്. ഞങ്ങളുടെ സഹകരണം പ്രയോജനകരം മാത്രമല്ല, ആഗോള സ്ഥിരതയ്ക്കും സമൃദ്ധിക്കും അത്യാവശ്യമാണ്.
∙ ജനാധിപത്യം എനിക്കു വളരെ ഇഷ്ടമാണ്. അമേരിക്കയെ ഞാൻ സ്നേഹിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്. എന്നാൽ ഇന്ത്യയിൽ ജനാധിപത്യം പ്രവർത്തിക്കുമ്പോൾ അതിനെക്കാൾ മനോഹരമായി മറ്റൊന്നില്ല.
∙ സങ്കൽപ്പിക്കാനാവാത്തത്ര വലിയ ദുരന്തമായിരുന്നു ഗോധ്ര കലാപം. ആളുകളെ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. തീർച്ചയായും, ഇത് എല്ലാവർക്കും ദാരുണമായി അനുഭവപ്പെട്ടു. എല്ലാവരും സമാധാനമാണ് ഇഷ്ടപ്പെടുന്നത്. 2002ന് മുൻപുള്ള ഡേറ്റ അവലോകനം ചെയ്താൽ, ഗുജറാത്ത് 250ലേറെ വലിയ കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കലാപത്തിനു ശേഷം ആളുകൾ എന്റെ പ്രതിഛായ കളങ്കപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഒടുവിൽ നീതി ലഭിച്ചു, കോടതികൾ കുറ്റവിമുക്തരാക്കി.
∙ ‘ശക്തൻ’ എന്ന വാക്ക് എന്റെ ജീവിതയാത്രയെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നു കരുതുന്നില്ല. ഒരിക്കലും ശക്തനാണെന്ന് അവകാശപ്പെടാൻ കഴിയില്ല, കാരണം ഞാൻ എളിയ സേവകനാണ്. ഞാൻ എന്നെ പ്രധാനമന്ത്രിയായല്ല, പ്രധാന സേവകനായാണു തിരിച്ചറിയുന്നത്.
∙ ലോകം എഐയുമായി എന്തുതന്നെ ചെയ്താലും, ഇന്ത്യയില്ലാതെ അത് അപൂർണമായിരിക്കും.
∙ കായികരംഗത്തെ സാങ്കേതിക വിദ്യകളുടെ കാര്യത്തിൽ ഞാൻ വിദഗ്ധനല്ല. കുറച്ച് ദിവസം മുൻപ്, ഇന്ത്യയും പാക്കിസ്ഥാനും കളിച്ചു. മത്സരഫലം ഏത് ടീം മികച്ചതാണെന്നു വെളിപ്പെടുത്തുന്നു. അങ്ങനെയാണ് നമുക്കു കാര്യം മനസ്സിലാകുന്നത്.
∙ ആർഎസ്‌എസ് ഞങ്ങളിൽ വളർത്തിയെടുത്ത പ്രധാന മൂല്യമായിരുന്നു, എന്ത് ചെയ്താലും അത് ഒരു ലക്ഷ്യത്തോടെ ചെയ്യുകയെന്നത്. പഠിക്കുമ്പോൾ, രാഷ്ട്രത്തിന് സംഭാവന നൽകാൻ വേണ്ടത്ര പഠിക്കുക. വ്യായാമം ചെയ്യുമ്പോൾ, രാഷ്ട്രത്തെ സേവിക്കുന്നതിനു ശരീരത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അത് ചെയ്യുക. ഇന്ന്, ആർഎസ്‌എസ് വലിയ സംഘടനയാണ്. അത് 100-ാം വാർഷികത്തിലേക്ക് അടുക്കുന്നു. ഇത്രയും വലിയ സന്നദ്ധ സംഘടന ലോകത്ത് മറ്റൊരിടത്തുമില്ല.
∙ ആർഎസ്‌എസിനെ മനസ്സിലാക്കുന്നത് അത്ര ലളിതമല്ല. എല്ലാറ്റിനുമുപരി, ജീവിതത്തിലെ ഒരു ലക്ഷ്യം എന്ന് വിളിക്കാവുന്നതിലേക്ക് ആർഎസ്‌എസ് നിങ്ങൾക്ക് വ്യക്തമായ ദിശ നൽകുന്നു. രണ്ടാമതായി, രാഷ്ട്രമാണ് എല്ലാം, ജനങ്ങളെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിന് തുല്യം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും, അത് സ്ത്രീകളായാലും യുവാക്കളായാലും തൊഴിലാളികളായാലും, ആർഎസ്‌എസ് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
∙ ഞാൻ എവിടെ പോയാലും ആയിരക്കണക്കിനു വർഷത്തെ വേദപാരമ്പര്യത്തിന്റെയും സ്വാമി വിവേകാനന്ദന്റെ കാലാതീതമായ പഠിപ്പിക്കലുകളുടെയും ഇന്ത്യക്കാരുടെ അനുഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും സത്ത ഞാൻ ഒപ്പം കൊണ്ടുപോകുന്നു.