‘ലഹരിക്കാരെ, എല്ലാം മുകളിലൊരാൾ കാണുന്നുണ്ട്’: ആകാശത്ത് ‘ഡ്രോൺ വല’ വീശി വയനാട് പൊലീസ്

Mail This Article
കൽപറ്റ ∙ ലഹരിക്കടത്തും കച്ചവടവും വ്യാജവാറ്റും മറ്റു കുറ്റകൃത്യങ്ങളുമൊന്നും ഇനി വേണ്ട. എല്ലാം മുകളില്‍ നിന്നൊരാള്‍ കാണുന്നുണ്ട്. മറ്റാരുമല്ല, വയനാട് പൊലീസിന്റെ ഡ്രോണ്‍. ആകാശക്കണ്ണൊരുക്കി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾക്ക് തടയിടാനൊരുങ്ങുകയാണു പൊലീസ്.
കൃത്യമായ ദൃശ്യങ്ങളുടെ സഹായത്തോടെ ലഹരിക്കടത്തുകാരെയും ഇടപാടുകാരെയും അതിവേഗം പിടികൂടാന്‍ ഇനി പൊലീസിനാകും. ഡ്രോണിന്റെ സഹായത്തോടെ ഈ ആഴ്ച ലഹരിമരുന്ന് കേസിൽ 5 പേരെ പിടികൂടി. വിവിധ സ്റ്റേഷനുകളിലായി മലപ്പുറം ചെമ്മങ്കോട് സ്വദേശി സൈഫുറഹ്മാൻ (29), അമ്പലവയൽ കിഴക്കയിൽ വീട്ടിൽ ജംഷീർ (28), പെരിക്കല്ലൂർ വെട്ടത്തൂർ ഉന്നതിയിലെ കാർത്തിക് (18), നടവയല്‍ പായ്ക്കമൂല ഉന്നതിയിലെ മഹേഷ് (21), ഉണ്ണി (19) എന്നിവരെ കഞ്ചാവുമായി പിടികൂടിയത് ഡ്രോണിന്റെ സഹായത്തോടെയാണ്.
മദ്യക്കടത്ത്, വ്യാജ വാറ്റ്, ചീട്ടുകളി തുടങ്ങിയ കുറ്റകൃത്യങ്ങളിലുള്‍പ്പെടുന്നവരെ കുരുക്കാൻ ഡ്രോണ്‍ നിരീക്ഷണമുണ്ടാവും. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലേക്ക് ലഹരി ഒഴുകുന്ന സാഹചര്യത്തില്‍ പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാണ്. സംസ്ഥാനത്തേക്ക് ലഹരിമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണികളെ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍നിന്ന് പിടികൂടിയിരുന്നു.