‘യുവാക്കളുടെ മനസ്സിൽ പ്രതീക്ഷ നിറയ്ക്കണം, ഇല്ലെങ്കിൽ അവർ സിരകളിൽ ലഹരി നിറയ്ക്കും; ചോദ്യം ചോദിക്കാൻ പഠിപ്പിക്കൂ ’

Mail This Article
ന്യൂഡൽഹി∙ യുവാക്കളുടെ മനസ്സുകളിൽ പ്രതീക്ഷ നിറച്ചില്ലെങ്കിൽ അവർ സിരകളിൽ ലഹരിമരുന്ന് നിറയ്ക്കുമെന്നും ജീവിതത്തിൽ പ്രതീക്ഷയില്ലാത്തതാണ് യുവാക്കളിൽ ലഹരി ഉപയോഗം വർധിക്കുന്നതിനു കാരണമെന്നും ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് യുവാക്കളെ വഴിതെറ്റിക്കുന്നത്. കേരളത്തിൽ കുട്ടികളിലെ ലഹരി ഉപയോഗത്തെ കുറിച്ച് സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാർ, ഡോക്ടർമാർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
‘‘സമൂഹത്തിൽ ഐക്യം കുറഞ്ഞു. കുട്ടികൾക്ക് ജീവിക്കാൻ ഏറെ പ്രയാസമുള്ള ഇടമായി ഇവിടം മാറി. സമൂഹത്തിൽ അക്രമങ്ങളുണ്ട്, തൊഴിലില്ലായ്മയുണ്ട്. ആർക്കും ഭാവിയെ പറ്റി കൃത്യമായ കാഴ്ചപ്പാടുകളില്ല. അതുകൊണ്ടാണ് ലഹരിയും മദ്യവുമെല്ലാം യുവാക്കൾക്കിടയിലേക്ക് എത്തുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനും ഇതിൽ ഒരുപാട് പങ്കുണ്ട്. അതും മാറ്റേണ്ടതുണ്ട്. ചോദ്യം ചോദിക്കാൻ ഇന്ന് എവിടെയും പഠിപ്പിക്കുന്നില്ല. അത് ചെയ്യു, ഇത് ചെയ്യു എന്നുമാത്രമാണ് പഠിപ്പിക്കുന്നത്.
സമ്മർദത്തിന്റെ ഭാരത്തിൽ വലയുന്ന യുവാക്കൾ ലഹരി മരുന്നിലേക്ക് തിരിയുകയാണ്. അവർക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യവും നൽകാൻ നാം കൂടുതൽ കാര്യങ്ങൾ ചെയ്യണം, ലഹരിമരുന്നിന്റെ അപകടങ്ങളിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം’’– രാഹുൽ ഗാന്ധി പറഞ്ഞു.