ഇന്ത്യ അദ്ഭുതകരം; ഉടൻ എത്തും, ബുൽ വിച്ച്മോറും ഒപ്പമുണ്ടാകും: സുനിത വില്യംസ്

Mail This Article
ടെക്സസ് (യുഎസ്)∙ ബഹിരാകാശത്ത് നിന്നു നോക്കുമ്പോൾ ഇന്ത്യയെ എങ്ങനെയാണ് കാണുന്നത്? പതിറ്റാണ്ടുകൾക്ക് മുൻപ് ഈ ചോദ്യം ചോദിച്ചപ്പോൾ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ നൽകിയ മറുപടി ‘സാരെ ജഹാൻ സെ അച്ഛാ’ എന്നാണ്. എന്നാൽ ഇപ്പോഴിതാ ബഹിരാകാശത്ത് നിന്നുകണ്ട ഇന്ത്യൻ കാഴ്ചയെപ്പറ്റി പറയുകയാണ് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഹിമാലയത്തിനു മുകളിലൂടെ കടന്നുപോയത് അവിസ്മരണീയമായ കാഴ്ചയായിരുന്നെന്നാണ് അവർ വ്യക്തമാക്കിയത്.
‘അദ്ഭുതകരം, തികച്ചും അദ്ഭുതകരം’ എന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുനിത നൽകിയ മറുപടി. ‘‘ഇന്ത്യ ശരിക്കും അഭ്ദുതകരമാണ്. ഞങ്ങൾ ഹിമാലയത്തിനു മുകളിലൂടെ പോകുമ്പോഴെല്ലാം ബുച്ചിന് (ബുച്ച് വിൽമോർ) അവിശ്വസനീയമായ ചിത്രങ്ങൾ ലഭിച്ചിരുന്നു’’– സുനിത പറഞ്ഞു.
നാലു ബഹിരാകാശയാത്രികരുമായുള്ള നാസയുടെ പുതിയ ദൗത്യത്തെക്കുറിച്ചും അവർ വാചാലയായി. ഇന്ത്യൻ വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റും ഐഎസ്ആർഒയിലെ ബഹിരാകാശയാത്രികനുമായ സുഭാൻഷു ശുക്ലയും ആ ദൗത്യത്തിലുൾപ്പെടുന്നുണ്ട്. സുഭാൻഷു ജന്മനാടിന്റെ നായകനാകും. രാജ്യാന്തര ബഹിരാകാശ നിലയം എത്ര മനോഹരമാണെന്ന് സംസാരിക്കാൻ അദ്ദേഹത്തിനാകുമെന്നും സുനിത പറഞ്ഞു. ഇന്ത്യയിലേയ്ക്ക് ഒരു യാത്ര നടത്താൻ ആഗ്രഹിക്കുന്നെന്നും ബുച്ച് വിൽമോറിനെ ഒപ്പം കൂട്ടുമെന്നും സുനിത വില്യംസ് പറഞ്ഞു.