ബനഡിക്ട് മാർപാപ്പ ഇനി നിത്യതയിൽ
Mail This Article
വത്തിക്കാൻ∙ ക്രൈസ്തവവിശ്വാസത്തിന്റെ മഹനീയതയും ദൈവസ്നേഹത്തിന്റെ ആഴവും പഠിപ്പിച്ച, സ്ഥാനത്യാഗത്തിലൂടെ എല്ലാവർക്കും മാതൃകയായ പ്രിയപ്പെട്ട ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് വിശ്വാസിസമൂഹം വിടചൊല്ലി. അറുപതിനായിരത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ കബറടക്ക ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതത്വം നൽകി.
അന്ത്യാഞ്ജലി അർപ്പിക്കുവാനും കബറടക്ക ശുശ്രൂഷകളിൽ പങ്കെടുത്തു പ്രാർഥിക്കുവാനും ആയിരങ്ങളാണ് വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെത്തിയത്. മൂടൽ മഞ്ഞിന്റെ ആവൃതിയിലായിരുന്ന വത്തിക്കാനിലേക്ക് ‘എത്രയും വേഗം വിശുദ്ധനാക്കണം’ എന്ന് ഇറ്റാലിയൻ ഭാഷയിലും ‘ബനഡിക്ട് പാപ്പായ്ക്ക് നന്ദി’ എന്ന് ജർമൻ ഭാഷയിലും എഴുതിയ പ്ലക്കാർഡുകളും ബാനറുകളുമായാണ് അവരെത്തിയത്.
9 മണിക്ക് വത്തിക്കാനിലെ മണികൾ മുഴങ്ങിയപ്പോൾ ബനഡിക്ട് മാർപാപ്പയുടെ ഭൗതികശരീരം ചത്വരത്തിലേക്ക് കൊണ്ടുവന്നു. ഹർഷാരവത്തോടെ ‘എത്രയും വേഗം വിശുദ്ധനാക്കണം’ എന്ന് പറഞ്ഞുകൊണ്ടാണ് വിശ്വാസികൾ സ്വീകരിച്ചത്. കബറടക്ക ശുശ്രൂഷകൾക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ച ഇറ്റലി പ്രസിഡന്റ് സെർജോ മത്തെറെല്ലായും പ്രധാനമന്ത്രി ജോർജിയ മെലോണിയും ജർമൻ ചാൻസലർ ഒലാഫ് ഷോൾസും ജർമനിയിൽ നിന്നുളള മറ്റു പ്രതിനിധികളും സന്നിഹിതരായിരുന്നു. ബൽജിയത്തിലെ ഫിലിപ്പ് രാജാവ്, പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബെലോ ഡിസൂസ എന്നിവരും വത്തിക്കാനിലെത്തി ശുശ്രൂഷകളിൽ പങ്കെടുത്തു.
English Summary: Pope Emeritus Benedict XVI now in eternity