തുർക്കി: എർദൊഗാന്റെ എതിരാളി ഇസ്തംബുൾ മേയർ അറസ്റ്റിൽ

Mail This Article
ഇസ്തംബുൾ ∙ തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാന്റെ മുഖ്യ രാഷ്ട്രീയ എതിരാളിയും ഇസ്തംബുൾ മേയറുമായ എക്രം ഇമാമോഗ്ലു അറസ്റ്റിൽ. അഴിമതി, ഭീകരബന്ധം എന്നിവ ആരോപിച്ചാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ‘അടുത്ത പ്രസിഡന്റി’നെ മുൻകൂർ അറസ്റ്റ് ചെയ്തതായി പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) ആരോപിച്ചു. റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി ഞായറാഴ്ച എക്രത്തെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കാനിരിക്കെയാണ് അറസ്റ്റ്.
പ്രതിപക്ഷത്തെ പ്രമുഖരെ കുടുക്കുന്നതിന് ഏറെക്കാലമായി നടന്നുവരുന്ന നടപടികളുടെ ഭാഗമായാണ് എക്രത്തിന്റെ അറസ്റ്റ്. ഏറെ ജനകീയനാണ് 2019 മുതൽ മേയറായ എക്രം ഇമാമോഗ്ലു (54). അഭിപ്രായ വോട്ടെടുപ്പുകളിൽ എർദൊഗാനെക്കാൾ മുന്നിലാണ് എക്രം. മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ എർദൊഗന്റെ എകെ പാർട്ടിക്ക് കനത്ത തോൽവിയാണ് ഉണ്ടായത്.അറസ്റ്റിന്റെ പേരിൽ രാഷ്ട്രീയ പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് എക്രം സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ അറിയിച്ചു.
ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മാധ്യമപ്രവർത്തകർ അടക്കം നൂറോളം പേരെയും അറസ്റ്റ് ചെയ്തു. 4 ദിവസത്തേക്ക് നഗരത്തിൽ പ്രകടനങ്ങൾ നിരോധിച്ചു.തുർക്കിയിൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2028ലാണ്. അതേസമയം, പ്രസിഡന്റ് പദത്തിൽ 2 തവണ എന്ന കാലാവധി പൂർത്തിയാക്കുകയാണ് എർദൊഗൻ. അതിനാൽ അധികാരത്തിൽ തുടരാൻ തിരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്നാണ് സൂചന. അല്ലെങ്കിൽ ഭരണഘടന തിരുത്തേണ്ടിവരും.