ഇഡ്ഡലി മാവ് ബാക്കി വന്നോ? വെറൈറ്റിയായി ഒരു ഐറ്റം ഉണ്ടാക്കാം
Mail This Article
ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയ ഒരു വിഭവമാണ് ശക്ഷുക. വടക്കേ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും ഉടനീളം പ്രശസ്തമായ ഇത്, തക്കാളി, ഒലിവ് ഓയിൽ, കുരുമുളക്, സവാള, വെളുത്തുള്ളി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഒരു മുട്ട വിഭവമാണ്. മുട്ടയ്ക്ക് പകരം ടോഫു, ചിക്കന്‍, ബീഫ്, ആട്ടിറച്ചി എന്നിവയുമെല്ലാം ചേര്‍ത്ത് ഇത് ഉണ്ടാക്കാറുണ്ട്. വളരെ ജനപ്രിയമായ ഒരു പ്രഭാതഭക്ഷണമാണ് ഇത്.
ശക്ഷുകയുടെ ഇന്ത്യന്‍ വെറൈറ്റി എന്ന പേരില്‍ ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഭവമാണ് ഇഡ്‌ലി സാമ്പാർ ശക്ഷുക. ഇന്ത്യൻ, മെഡിറ്ററേനിയൻ പാചകരീതികൾ സമന്വയിപ്പിക്കുന്ന ഒരു ഫ്യൂഷൻ വിഭവമാണ് ഇത്. പ്രഭാതഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ അനുയോജ്യമായ ഈ വിഭവം രുചികരവും പോഷകപ്രദവുമാണ്.
ഷെഫ് നേഹ ദീപക് ഷാ ആണ് തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ഈ വിഭവം പങ്കുവെച്ചത്.
ഇഡ്‌ഡലി സാമ്പാർ ശക്ഷുക ഉണ്ടാക്കുന്ന വിധം
വേണ്ട സാധനങ്ങള്‍
2 ടീസ്പൂണ്‍ എണ്ണ
അര ടീസ്പൂണ്‍ കടുക്
കറിവേപ്പില
അര സവാള
7-8 ചെറിയ ഉള്ളി
1 ചെറിയ തക്കാളി
സാമ്പാർ മസാല -രുചിക്കനുസരിച്ച്
1 കപ്പ് ബീൻസ്, മത്തങ്ങ, മുരിങ്ങക്കായ, കാരറ്റ് തുടങ്ങിയ അരിഞ്ഞ പച്ചക്കറികൾ
75 ഗ്രാം തുവരപരിപ്പ്
പുളി, ശര്‍ക്കര എന്നിവ ആവശ്യത്തിന്
ചിരവിയ തേങ്ങ
ഉണ്ടാക്കുന്ന വിധം
- ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ചേർക്കുക. കടുക് പൊട്ടട്ടെ.
- ഇതിലേക്ക് അരിഞ്ഞ സവാളയും ചെറിയ ഉള്ളിയും ചേർത്ത് മൃദുവാകുന്നത് വരെ വേവിക്കുക.
- ഇതിലേക്ക് ഉപ്പ്, തക്കാളി, സാമ്പാർ മസാല, പച്ചക്കറികൾ എന്നിവ ചേർക്കുക. പച്ചക്കറികൾ മൃദുവാകുന്നതുവരെ വേവിക്കുക.
- ഇതിലേക്ക് മുന്നേ പ്രഷർ കുക്കറില്‍ വേവിച്ച തുവരപരിപ്പ് ചേർത്ത് നന്നായി ഇളക്കുക.
- ശേഷം, ആവശ്യത്തിന് പുളി പേസ്റ്റും ശർക്കരയും ചേർക്കുക.
- പാനിൻ്റെ നാല് മൂലകളിലേക്ക് ഇഡ്ഡലി മാവ് ഒഴിക്കുക.
- ഇടത്തരം തീയിൽ 10 മിനിറ്റ് വേവിക്കുക.
- കറിവേപ്പില, തേങ്ങ, മല്ലിയില എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക.
- ചൂടോടെ വിളമ്പുക