ഔഷധഗുണങ്ങൾ നിറഞ്ഞ മാങ്ങയിഞ്ചി കൊണ്ട് കൊതിയൂറും അച്ചാർ
Mail This Article
മഞ്ഞൾ വർഗത്തിൽപെട്ടതും ഇംഗ്ലീഷിൽ വെളുത്ത മഞ്ഞൾ (White turmeric) എന്നറിയപ്പെടുന്നതുമായ ഒരു ചെടിയാണ് മാങ്ങയിഞ്ചി. മഞ്ഞളിനോട് സാമ്യമുള്ള ഇലകളും തണ്ടും ഇഞ്ചി പോലുള്ള കിഴങ്ങും പച്ച മാങ്ങയുടെ മണവും ഇഞ്ചിയുടെ സ്വാദുമുള്ള ഒരു സുഗന്ധവിളയാണ് മാങ്ങയിഞ്ചി. ഔഷധഗുണങ്ങൾ നിറഞ്ഞ മാങ്ങയിഞ്ചി കൊണ്ട് അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
- മാങ്ങയിഞ്ചി - 500 ഗ്രാം
- ഉപ്പ് - ആവശ്യത്തിന്
- എള്ളെണ്ണ - 250 മില്ലി ലിറ്റർ
- കടുക് - 1½ ടീസ്പൂൺ
- വറ്റൽ മുളക് - 2 എണ്ണം
- കറിവേപ്പില - 2 തണ്ട്
- പച്ചമുളക് - 2 എണ്ണം
- വെളുത്തുള്ളി - 30 അല്ലി
- മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
- മുളകുപൊടി - 2 ടേബിൾസ്പൂൺ
- വിനാഗിരി - 4 ടേബിൾസ്പൂൺ
- കായം വറുത്ത് പൊടിച്ചത് - ¾ ടീസ്പൂൺ
- ഉലുവ വറുത്ത് പൊടിച്ചത് - ½ ടീസ്പൂൺ
തയാറാക്കുന്ന വിധം:
മാങ്ങയിഞ്ചി തൊലിയെല്ലാം കളഞ്ഞ് കഴുകി ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് ഉപ്പ് ചേർത്ത് ഇളക്കി അരമണിക്കൂർ മൂടി വയ്ക്കാം.
ഒരു ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം കടുകിട്ട് പൊട്ടിക്കാം, ഇനി വറ്റൽ മുളക്, കറിവേപ്പില, പച്ചമുളക് അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റിയ ശേഷം തീ ഓഫ് ചെയ്യാം.
ഇതിലേക്കു മഞ്ഞൾ പൊടി, മുളകു പൊടി എന്നിവ ചേർത്ത് ഇളക്കിയ ശേഷം അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങയിഞ്ചി ചേർത്തു നന്നായി ഇളക്കി എടുക്കാം. ഇനി വീണ്ടും തീ ഓണാക്കി ഇടത്തരം തീയിൽ രണ്ടുമൂന്ന് മിനിറ്റ് നേരം ഇളക്കി കൊടുക്കാം. ഉപ്പ് കുറവുണ്ടെങ്കിൽ ചേർത്തശേഷം വിനാഗിരി ഒഴിച്ചു കൊടുക്കാം.
ഇതിലേക്കു കായപ്പൊടി ചേർത്ത് ഇളക്കിയശേഷം തീ ഓഫ് ചെയ്തു ഉലുവ പൊടിച്ചത് കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കാം. മാങ്ങയിഞ്ചി തയാറായി കഴിഞ്ഞു. നന്നായി ചൂടാറിയശേഷം വെള്ളമയം ഒട്ടും ഇല്ലാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.
English Summary : Mango ginger pickle recipe.