മുതിര പുഴുക്ക്, കഞ്ഞിക്കും ചോറിനും ഒരു പെർഫെക്റ്റ് കോമ്പിനേഷൻ

Mail This Article
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ധാന്യമാണ് മുതിര. ഇതിലെ ആന്റി ഓക്സിഡന്റ്സ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കാനും കിഡ്നി സംബദ്ധമായ അസുഖങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ധാരാളം അയണും കാൽസ്യവും ഉള്ളതു കൊണ്ടു രക്തക്കുറവിനും എല്ലുകൾക്കു ബലം കിട്ടുന്നതിനും ഇത് ഉപകരിക്കുന്നു. വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ചു മുതിര പുഴുക്ക് തയാറാക്കാം.
ചേരുവകൾ
•മുതിര - 1 കപ്പ്
•കറിവേപ്പില - 4 തണ്ട്
•ഉപ്പ് - ആവശ്യത്തിന്
•വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
•കടുക് - 1 ടീസ്പൂൺ
•ചെറിയ ഉള്ളി - 10 എണ്ണം
•പച്ചമുളക് - 4 എണ്ണം
•മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
•മുളകുപൊടി - 1 ടീസ്പൂൺ
•തേങ്ങ ചിരവിയത് - 1/2 കപ്പ്
തയാറാക്കുന്ന വിധം
•വൃത്തിയാക്കിയ മുതിര നന്നായി കഴുകിയതിനു ശേഷം കുറച്ചു കറിവേപ്പിലയും ഉപ്പും ഇട്ട് ആവശ്യത്തിനു വെള്ളവും ഒഴിച്ചു 3-4 വിസിൽ വരുന്നതുവരെ വേവിക്കുക.
•മറ്റൊരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 1 ടീസ്പൂൺ കടുകു പൊട്ടിക്കുക. അതിനു ശേഷം ചെറിയ ഉള്ളിയും പച്ചമുളകും ചതച്ചത് ഇട്ട് ഒന്നു വഴറ്റുക. തീ ചെറുതാക്കി മഞ്ഞൾപൊടിയും മുളകുപൊടിയും ഇട്ടതിനു ശേഷം തേങ്ങ ചിരവിയതു ചേർത്തു നന്നായി ഇളക്കാം. നേരത്തെ വേവിച്ചു വച്ച മുതിരയും ചേർത്തു വെള്ളം വറ്റി വരുമ്പോൾ വാങ്ങി വയ്ക്കാം. പോഷകമൂല്യം നിറഞ്ഞ മുതിര ഉപ്പേരി തയാർ.
Content Summary : Traditional horse gram recipe by Deepthi.