ഇതുരണ്ടും മതി! ഉഴുന്ന് ഇല്ലാതെയും നല്ല പഞ്ഞി പോലുള്ള ഇഡ്ഡലിയും ദോശയും തയാറാക്കാം
Mail This Article
പൂവ് പോലെയുളള ഇഡ്‌ഡലി ആർക്കാ ഇഷ്ടമില്ലാത്തത് ? കൂടെ നല്ല അടിപൊളി സാമ്പാറും ഉണ്ടെങ്കിൽ കിടു. ഉഴുന്ന് അരച്ചാലും ദോശയ്ക്കും ഇഡ്ഡലിയ്ക്കും മയമില്ലെന്ന് ചിലർ പറയാറുണ്ട്. കൃത്യമായ അളവിൽ അരയ്ക്കുമ്പോൾ നല്ല പഞ്ഞി പോലുള്ള ഇഡ്ഡലി തായാറാക്കാനും സാധിക്കും. ഉഴുന്ന് ഇല്ലെങ്കിലും പൂവ് പോലെ മൃദുവായ ഇഡ്ഡലിയും മൊരിഞ്ഞ ദോശയും തയാറാക്കാം. എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
•പച്ചരി - 2 കപ്പ്
•കപ്പലണ്ടി - 1 കപ്പ്
•വെളുത്ത അവൽ - 1 കപ്പ്
•ഉലുവ - 1/4 ടീസ്പൂൺ
•ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പച്ചരിയും കപ്പലണ്ടിയും അവലും ഉലുവയും ഒന്നിച്ചാക്കി നന്നായി കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ചു 4 മണിക്കൂർ കുതിർത്തു വയ്ക്കുക. ശേഷം ഇത് തരിയില്ലാതെ അരച്ചെടുത്തു 8 മണിക്കൂർ പൊങ്ങാനായി വെക്കുക. പുളിച്ചു പൊങ്ങിയ മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു യോജിപ്പിച്ച് എടുക്കാം.
ഇഡ്ഡലി തട്ടിൽ കുറച്ച് എണ്ണ തേച്ച്, മാവ് ഒഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിക്കുക.10 മിനിറ്റ് കഴിഞ്ഞ് ഇഡ്ഡലി തട്ട് പുറത്ത് എടുത്ത് കുറച്ച് തണുത്തതിന് ശേഷം ഇഡ്ഡലി ഇളക്കി എടുക്കാം. നല്ല പഞ്ഞി പോലുള്ള ഇഡ്ഡലി റെഡി. ഇതേ മാവ് കൊണ്ട് തന്നെ നല്ല മൊരിഞ്ഞ ദോശയും ചുട്ടെടുക്കാം. സാമ്പാറും ചമ്മന്തിയും കൂട്ടി കഴിക്കാം.
English Summary: Idli without Urad Dal Easy Breakfast