യുദ്ധമുഖത്ത് എതിരാളിക്ക് ആയുധം നൽകരുത്: സന്ദീപിനെതിരെ കൃഷ്ണകുമാർ; ‘ശോഭ’യിലും ‘ഇ.ശ്രീധരനി’ലും നിലപാട്
Mail This Article
കേരളം ഉറ്റുനോക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായ സി.കൃഷ്ണകുമാറാണ് ഇത്തവണ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ കൃഷ്ണകുമാർ കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പാലക്കാട്ടെ സ്ഥാനാർഥിയായിരുന്നു. മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചു മികച്ച വോട്ടു നേടിയാണ് കൃഷ്ണകുമാർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പാലക്കാട്ടും മലമ്പുഴയിലും പാർട്ടിയുടെ വോട്ട് ഉയർത്തിയ സ്ഥാനാർഥി എന്ന നിലയിലാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് ബിജെപി കൃഷ്ണകുമാറിനെ അവതരിപ്പിച്ചതും. എന്നാൽ സ്ഥാനാർഥിത്വം തൊട്ട് ഒരു പിടി വിവാദങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു. ബിജെപിയുടെ പ്രമുഖ നേതാവായ ശോഭ സുരേന്ദ്രൻ സ്ഥാനാർഥിത്വത്തിനായി സൃഷ്ടിച്ച സമ്മർദം തൊട്ട് കുഴൽപ്പണക്കേസും കടന്ന് സന്ദീപ് വാര്യരുടെ കലാപം വരെ അത് എത്തിനിൽക്കുന്നു. ഈ വിവാദങ്ങളിൽ തനിക്കു പറയാനുള്ളത് എന്തെന്ന് ആദ്യമായി സി.കൃഷ്ണകുമാർ പങ്കുവയ്ക്കുന്നു. മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ (തിരുവനന്തപുരം) സുജിത് നായരുമായി നടത്തിയ സംഭാഷണം.