‘അഫ്ഗാന് ബഹിഷ്കരണം’: പെയ്നെതിരെ വിമർശനവുമായി അസ്ഗർ അഫ്ഗാൻ
Mail This Article
ന്യൂഡൽഹി∙ 2020 ലോകകപ്പ് അടുത്ത മാസം തുടങ്ങാനിരിക്കെ ‘എല്ലാ ടീമുകളും അഫ്ഗാനിസ്ഥാനെ ബഹിഷ്കരിക്കണ’മെന്ന ഓസീസ് ടെസ്റ്റ് ടീം ക്യാപ്റ്റൻ ടിം പെയ്‌നിന്റെ അഭിപ്രായ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് അഫ്ഗാനിസ്ഥാൻ മുൻ നായകൻ അസ്ഗർ അഫ്ഗാൻ.
താലിബാൻ അധികാരം ഏറ്റതിനു പിന്നാലെ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാകുകയും താലിബാൻ വനിതാ ക്രിക്കറ്റിനെതിരെ മുഖം തിരിക്കുകയും ചെയ്തതോടെയായിരുന്നു പെയ്‌നിന്റെ അഭിപ്രായ പ്രകടനം. പകുതിയിലധികം വരുന്ന ജനസംഖ്യയുടെ അവകാശങ്ങൾ ഹനിക്കുന്ന രാജ്യത്തിനെതിരെ കളിക്കാൻ ഒരു ടീമും ഇഷ്ടപ്പെടില്ലെന്നും ഐസിസി ഇക്കാര്യത്തിൽ മിണ്ടുന്നില്ലെന്നുമാണു പെയ്ൻ പ്രതികരിച്ചത്. ഇതിനെയാണ് മുൻ അഫ്ഗാൻ നായകനും ഓൾറൗണ്ടറുമായ അസ്ഗർ വിമർശിച്ചത്.
‘അഫ്ഗാനിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കാൻ മറ്റു രാജ്യങ്ങൾ തയാറാകാതിരിക്കുകയോ അഫ്ഗാനിസ്ഥാനിലേക്കു ടീമുകളെ അയയ്ക്കാൻ മറ്റു രാജ്യങ്ങളിലെ സർക്കാരുകൾ തയാറാകാതിരിക്കുകയോ ചെയ്താൽ ക്രിക്കറ്റിൽ തുടരാൻ ഞങ്ങൾക്കു കഴിയില്ല. ഇത്തരത്തിലുള്ള ഒരു ടീമിന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകൃത ടൂർണമെന്റുകളിൽ പങ്കെടുക്കാൻ തന്നെ കഴിയില്ല’– അസ്ഗർ പറഞ്ഞു.
ഇത്തരം അഭിപ്രായ പ്രകടനങ്ങളിൽനിന്ന് പെയ്‌നെപ്പോലുള്ളവർ ഒഴിഞ്ഞു നിൽക്കണമെന്നും കാര്യങ്ങളുടെ വസ്തുത മനസ്സിലാക്കാതെ പ്രതികരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണു ട്വന്റി20 ലോകകപ്പ് ടീമിനെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. എന്നാൽ താനുമായി കൂടിയാലോചന നടത്താതെയായിരുന്നു ടീം പ്രഖ്യാപനം എന്ന് ആരോപിച്ച് അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ ഇതിനു പിന്നാലെ ക്യാപ്റ്റൻ സ്ഥാനവും രാജി വച്ചിരുന്നു.
English Summary: Asghar Afghan slams Tim Paine for “Boycott Afghanistan” comments