2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും, 2030 ലെ ടൂർണമെന്റ് മൂന്ന് രാജ്യങ്ങളിൽ

Mail This Article
ജിദ്ദ∙ 2034 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ബുധനാഴ്ചയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030 ലെ ലോകകപ്പ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്താനും തീരുമാനമായി.
2034ലെ ലോകകപ്പ് നടത്താൻ സൗദി അറേബ്യ മാത്രമാണു മുന്നോട്ടുവന്നിരുന്നത്. 2022 ലെ ലോകകപ്പ് ഖത്തറിൽവച്ചായിരുന്നു നടന്നത്. ആതിഥേയരാകാൻ ഏഷ്യ, ഒഷ്യാനിയ മേഖലകളിൽനിന്നു മാത്രമായിരുന്നു ഫിഫ ബിഡുകൾ ക്ഷണിച്ചിരുന്നത്. ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താൽപര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി.
ഇരു രാജ്യങ്ങളും ഒരുമിച്ച് ലോകകപ്പ് നടത്താനായിരുന്നു അലോചിച്ചിരുന്നത്. 2026 ലെ വനിതാ ഏഷ്യൻ കപ്പും 2029 ഫിഫ ക്ലബ്ബ് ലോകകപ്പും നടത്താനാണ് ഓസ്ട്രേലിയയുടെ പുതിയ നീക്കം. 2026ൽ യുഎസിൽ നടക്കേണ്ട അടുത്ത ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കാനും ധാരണയായി. കായിക മേഖലയിൽ രാജ്യാന്തര തലത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി 2027 ലെ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിനും 2034 ഏഷ്യൻ ഗെയിംസിനും ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ തീരുമാനിച്ചിരുന്നു.