ഈ സ്നേഹപ്രകടനം വെറും ‘ക്രിഞ്ച്’ അല്ല; പങ്കാളിയോട് അടുപ്പം കാണിക്കുമ്പോൾ പരിഹസിക്കപ്പെടുന്നുണ്ടോ?

Mail This Article
അടുക്കളയിൽ ജോലി ചെയ്യുന്ന ഭാര്യയെ അപ്രതീക്ഷിതമായി കെട്ടിപ്പിടിച്ച് ചുംബിക്കുന്ന, ഗർഭിണിയായ ഭാര്യയുടെ കാലുകൾ മടിയിൽ വച്ച് തടവുന്ന ഭർത്താക്കന്മാരെ സിനിമകളിലും ഇൻസ്റ്റഗ്രാം റീൽസിലുമൊക്കെ ധാരാളം കാണാറുണ്ട്. അത്തരം സ്നേഹപ്രകടനങ്ങൾ ക്രിഞ്ച് ആണെന്നും ക്ലീഷേ ആണെന്നും പറഞ്ഞ് ചുച്ഛിച്ച് തള്ളുന്നവരോട് മൈൻഡ് സെറ്റ് ഒന്നു മാറ്റിപ്പിടിക്കാൻ പറയുകയാണ് റിലേഷൻ ഷിപ് വിദഗ്ധർ. പ്രണയം ഒരൽപം പൈങ്കിളിയാകുന്നതിലും സിനിമാറ്റിക് ആകുന്നതിലും തെറ്റില്ലെന്നാണ് അവരുടെ പക്ഷം. പലപ്പോഴും ബന്ധങ്ങളിൽ മനസ്സു തുറന്ന് സ്നേഹപ്രകടനം നടത്തുന്ന പുരുഷന്മാരെ പെൺകോന്തനെന്നും ഭാര്യയെപേടിയുള്ളയാളെന്നുമൊക്കെ പറഞ്ഞ് ചിലർ പരിഹസിക്കാറുണ്ട്. എന്നാൽ മനസ്സിലെ സ്നേഹം അടച്ചു പൂട്ടി വയ്ക്കാതെ തുറന്നു പ്രകടിപ്പിക്കുന്നവരെയാണ് സ്ത്രീകൾക്കേറെയിഷ്ടമെന്ന് എത്രപേർക്കറിയാമെന്നും അവർ ചോദിക്കുന്നു. ഭാര്യയെ ജീവനെപ്പോലെ സ്നേഹിക്കുന്നവർ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് റിലേഷൻഷിപ് വിദഗ്ധർ വിശദീകരിക്കുന്നു.
നീ എന്നും എന്റെ മുത്താണ്
വിവാഹത്തിന് മുൻപും ശേഷവും സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിതത്തിലെ മുൻഗണനകൾ മാറാറുണ്ട്. പക്ഷേ ആരൊക്കെ വന്നാലും പോയാലും പങ്കാളിയുടെ മനസ്സിലെ ആദ്യസ്ഥാനം തങ്ങൾക്കു തന്നെയായിരിക്കണമെന്ന് സ്ത്രീകൾ ആഗ്രഹിക്കാറുണ്ട്. വിവാഹത്തിന്റെ ആദ്യ നാളുകളിൽ മാത്രമല്ല ബന്ധം മുന്നോട്ടു ചെല്ലുമ്പോഴും തങ്ങളെ പങ്കാളി എപ്പോഴും വിലമതിക്കണമെന്നും അവർക്ക് ആശയുണ്ട്. ഭർത്താവിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ സർപ്രൈസ് ആയി ഒരുക്കിയും അയാൾ ഒരുപാട് ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ആരോഗ്യകരമായ അടുപ്പം സൂക്ഷിച്ചുമൊക്കെയാണ് സ്ത്രീകൾ പങ്കാളികളെ സന്തോഷിക്കാൻ ശ്രമിക്കുന്നത്. സ്ത്രീകൾ അവരുടെ വിലപ്പെട്ട സമയവും സന്തോഷവും എല്ലാം ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ചെലവഴിക്കാൻ സദാ തയാറുമാണ്. പങ്കാളിക്കു വേണ്ടി എത്രയൊക്കെ ത്യാഗം സഹിക്കേണ്ടി വന്നാലും അവർ പങ്കാളിയിൽ നിന്ന് ആഗ്രഹിക്കുന്നത് ചെറിയ ചെറിയ കരുതലും സ്നേഹപ്രകടനങ്ങളും ഒക്കെയാണ് . എപ്പോഴും മധുരതരമായി സംസാരിക്കുന്ന പുരുഷനേക്കാൾ സ്ത്രീകൾക്ക് ഇഷ്ടം അവരുടെ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങൾ നടത്തിക്കൊടുക്കുന്ന,അവരോടൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന, ജീവിതത്തിലെ പ്രതിസന്ധികളിൽ അവരെ ചേർത്തുപിടിക്കുന്ന, അവരുടെ വയ്യായ്കകൾ പറയാതെ തന്നെ തിരിച്ചറിഞ്ഞ് വീട്ടുജോലികളിൽ സഹായിക്കുന്ന പങ്കാളികളെയാണ്.
മിടുക്കിയോട് പറയാം നല്ല വാക്കുകൾ
ഔദ്യോഗിക ജീവിതവും സ്വകാര്യ ജീവിതവും ഒരേബാലൻസിൽ കൊണ്ടുപോകാൻ പെടാപ്പാട് പെടുന്ന ഒരുപാട് സ്ത്രീകളുണ്ട്. ചിലപ്പോഴൊക്കെ ജോലിയിലെയും വീട്ടിലെയും ഉത്തരവാദിത്വങ്ങൾ അധികരിക്കുമ്പോൾ സ്ത്രീകൾക്ക് സമ്മർദ്ദം അനുഭവപ്പെടാറുണ്ട്. പക്ഷേ വീട്ടിലുള്ളവരുടെയോ ജോലിസ്ഥലത്തുള്ള മേലധികാരികളുടെയോ ഒരു നല്ല വാക്ക് മതി അവർക്ക് സന്തോഷിക്കാനും കൂടുതൽ ഊർജ്ജത്തോടെ ജോലി ചെയ്യാനും. പക്ഷേ പലപ്പോഴും അവരുടെ ജോലികൾക്ക് അർഹിക്കുന്ന അംഗീകാരം രണ്ടിടത്ത് നിന്നും ലഭിക്കാറില്ല. വീട്ടിൽ എല്ലാവർക്കും വേണ്ടി രുചികരമായ ആഹാരം ഉണ്ടാക്കുമ്പോൾ അല്ലെങ്കിൽ ഓഫിസിലെ ഒരു പ്രോജക്ട് സമയത്ത് ചെയ്തുതീർക്കുമ്പോൾ അവരെ അഭിനന്ദിക്കാൻ തയാറായാൽ സ്ത്രീകളുടെ ജീവിതം കൂടുതൽ സുന്ദരവും സമാധാനപരവുമാകും. ആരോരും സഹായത്തിനില്ലാതെ ഒറ്റയ്ക്ക് അവർ ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നത് അവരുടെ മിടുക്കും സാമർഥ്യവും കൊണ്ടാണ്. അതുകൊണ്ട് ആ മിടുക്കിനെ അഭിനന്ദിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒരിക്കലും പാഴാക്കരുത്.

ജോലിക്കും ജീവിതത്തിനും ഇടയിലുള്ള ഓട്ടപ്പാച്ചിൽനിടയിൽ ധൃതിയിൽ പാചകം ചെയ്യുമ്പോൾ കറിയിൽ ഉപ്പു കൂടിപ്പോയി, എരിവു കൂടിപ്പോയി എന്നൊക്കെ ശകാരിക്കാൻ പലരും മറക്കാറില്ല പക്ഷേ അവർ നല്ലൊരു വിഭവം ഉണ്ടാക്കുമ്പോൾ അതിനെ അംഗീകരിക്കാൻ മനഃപൂർവം അല്ലെങ്കിലും മറക്കാറുണ്ട്. ഈ മനോഭാവമാണ് മാറേണ്ടത്. അടുക്കളയിലും വീട്ടുകാര്യങ്ങളിലും അവരെ ഒപ്പം നിന്നു സഹായിക്കുന്നതിൽ മടി വിചാരിക്കണ്ട. കുറവുകൾ ക്ഷമിക്കാനും ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റുന്നത് മതിക്കാനും പഠിച്ചാൽ നിങ്ങളുടെയും ചുറ്റുമുള്ള സ്ത്രീകളുടെയും ജീവിതത്തിൽ സന്തോഷം നിറയും. ജോലിയില്ലാത്ത സ്ത്രീകൾ വീട്ടിൽ വെറുതെ ഇരിക്കുന്നവരാണെന്ന പുച്ഛത്തോടെ ഒരിക്കലും പെരുമാറരുത്. പങ്കാളിയുടെ അസാന്നിധ്യത്തിൽ വീട്ടിൽ ഒരു കുറവും ഇല്ലാതെ അച്ഛനമ്മമാരെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതും വീട്ടുകാര്യങ്ങൾ എല്ലാം നന്നായി നടത്തുന്നതും അവരുടെ മിടുക്കു കൊണ്ടാണെന്ന് മറക്കാതിരിക്കുകയും അവർ ചെയ്യുന്ന ഉത്തരവാദിത്വങ്ങളുടെ പേരിൽ അവരെ അഭിനന്ദിക്കാൻ തയാറാവുകയും ചെയ്താൽ കുടുംബജീവിതം കൂടുതൽ മനോഹരമാകും.
നീയല്ലാതാരുണ്ട്!
ചിലസമയത്ത് ശാരീരിക പ്രശ്നങ്ങൾ കൊണ്ടോ വൈകാരിക പ്രശ്നങ്ങൾ കൊണ്ടോ സ്ത്രീകൾ വളരെയേറെ തളർന്നു പോകാറുണ്ട്. അവരുടെ സ്വഭാവമാറ്റത്തിന് പിന്നിലെ യഥാർഥ കാരണം മനസ്സിലാക്കാതെ കുടുംബത്തിലെ ആളുകൾ പലപ്പോഴും സ്ത്രീകളോട് തട്ടി കയറുകയും മോശമായി പെരുമാറുകയും ചെയ്യാറുണ്ട്. ഇത് അവരുടെ അവസ്ഥ വളരെ പരിതാപകരമാക്കും. സ്ത്രീകളെ ക്ഷമയോടെ കേൾക്കാനും അവരുടെ ആവശ്യങ്ങൾ പരിഗണിക്കാനും കുടുംബത്തിൽ എല്ലാവരും ശ്രദ്ധ കാട്ടണം തങ്ങൾക്ക് കരുതലും ബഹുമാനവും വീട്ടിൽ നിന്ന് കിട്ടുന്നുണ്ടെന്ന ബോധ്യം തന്നെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടാൻ അവരെ സഹായിക്കും. സ്ത്രീകൾ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ്സിലായാൽ ശാന്തമായ മനസ്സോടെ അവരെ കേൾക്കാൻ തയാറാകണം. അവരുടെ ആശങ്കകൾക്ക് സംയമനത്തോടെ മറുപടി പറയണം. നിങ്ങളുടെ ജീവിതത്തിൽ അവർ എത്ര പ്രധാനപ്പെട്ട ആളാണെന്ന് ആ സംസാരത്തിലൂടെ അവരെ ബോധ്യപ്പെടുത്തണം. അവർക്കൊപ്പം ഗുണപരമായ സമയം ചെലവഴിക്കുന്നത് തീർച്ചയായും അവരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും.

നീയല്ലേ ചങ്കും ചങ്കിടിപ്പും
പ്രണയിച്ചു വിവാഹം കഴിച്ചവരിൽ പോലും കാലം ചെല്ലുമ്പോൾ ഒരു മടുപ്പ് അനുഭവപ്പെടാറുണ്ട്. പക്ഷേ ഇത്തരം കാര്യങ്ങൾ കൂടുതൽ ബാധിക്കുക സ്ത്രീകളെയാണ്. വിവാഹത്തോടെ പല സ്ത്രീകളുടെയും സാമൂഹിക ജീവിതത്തിൽ അറിയാതെ തന്നെ ചില നിയന്ത്രണങ്ങൾ വന്നുചേരും. വിവാഹത്തിനുശേഷം അവർ അവരുടെ ഏറ്റവും വലിയ സുഹൃത്തായി കാണുന്നത് അവരുടെ പങ്കാളിയെ തന്നെയാണ്. അതുകൊണ്ടുതന്നെ തിരിച്ചും അത്തരം ഒരു പരിഗണന അവർ ആഗ്രഹിക്കുന്നുണ്ട്. സ്ത്രീകളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും മറകൂടാതെ പറയാൻ സാധിക്കുന്ന ഒരു പങ്കാളിയായി മാറിയാൽ ബന്ധം കൂടുതൽ മെച്ചപ്പെടും. ഒരുമിച്ച് തമാശകൾ പറയാനും വീട്ടുകാര്യങ്ങൾ ചെയ്യാനും ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടാനും വ്യായാമം ചെയ്യാനുമൊക്കെ സമയം കണ്ടെത്തുന്നത് ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനുപകരിക്കും.
നീ സൂപ്പറല്ലേ, ഞാൻ ഒപ്പമുണ്ട്
കുഞ്ഞിനെ നോക്കാൻ, പ്രായമായ അച്ഛനമ്മമാരെ നോക്കാൻ ഒക്കെ സ്ത്രീകൾ ജോലിയിൽ നിന്ന് ഇടവേളകൾ എടുക്കാറുണ്ട്. പക്ഷേ പലപ്പോഴും അതോടുകൂടി അവരുടെ കരിയർ മോഹങ്ങൾക്ക് മേൽ തിരശ്ശീല വീഴാറുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ വേണ്ടി പങ്കാളി ജോലി ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ മറ്റൊരു അവസരത്തിൽ അവർക്ക് മെച്ചപ്പെട്ട ഒരു ജോലി നേടാൻ വേണ്ട പിന്തുണയും സഹായവും ഉറപ്പായും ചെയ്യണം. പുരുഷന്മാരെ പോലെ തന്നെ കരിയറിൽ ഉയരാനും സ്വന്തമായി ഒരിടം നേടാനുമൊക്കെ സ്ത്രീകളും അതിയായി ആഗ്രഹിക്കുന്നുണ്ട്. . കുട്ടികൾ സ്വയം പര്യാപ്തരായാൽ അല്ലെങ്കിൽ മാതാപിതാക്കൾ ആരോഗ്യം വീണ്ടെടുക്കുകയോ അതുമല്ലെങ്കിൽ മരണപ്പെടുകയോ ചെയ്താൽ പങ്കാളിയെ പുതിയ കരിയർ കണ്ടെത്താൻ സഹായിക്കണം. പുതിയ ജോലിക്ക് ഉതകുന്ന നൈപുണ്യ വികസനം നേടാൻ ആവശ്യമായ സഹായങ്ങൾ അവർക്ക് ചെയ്തു കൊടുക്കണം. പുതിയ ജോലിയെക്കുറിച്ച് ചർച്ച ചെയ്ത് പരസ്പരം വളരാനുള്ള അന്തരീക്ഷം കുടുംബത്തിനുള്ളിൽ വളർത്തണം.
നീയും ഞാനും ഒരുപോലെ
കുടുംബ ചെലവിനുള്ള വരുമാനം ഞാനാണ് കൊണ്ടുവരുന്നത് എന്ന് പറഞ്ഞ് കുടുംബത്തിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും അഭിപ്രായപ്രകടനത്തിന് ഒരു അവസരം പോലും നൽകാത്ത ഒരുപാട് പുരുഷന്മാരുണ്ട്. പക്ഷേ പരസ്പരം ബഹുമാനത്തോടെ പെരുമാറുന്ന പങ്കാളിയെയാണ് സ്ത്രീകൾ പൊതുവേ ആഗ്രഹിക്കുന്നത്. പങ്കാളികളിൽ ഇരുവർക്കും വരുമാനമുണ്ടെങ്കിൽ കുടുംബത്തിലെ ചെലവുകൾ രണ്ടാളും ചേർന്ന് നിർവഹിക്കണം. ഇനി ഒരാൾക്കേ വരുമാനം ഉള്ളൂ എങ്കിൽ ചെലവുകളെ കുറിച്ച് ചർച്ച ചെയ്തു ഒരു തീരുമാനം എടുക്കാം. തങ്ങളുടെ മേൽ അധികാരം സ്ഥാപിക്കുന്ന പങ്കാളികളെക്കാൾ തങ്ങളെ ബഹുമാനിക്കുന്ന, തങ്ങളുടെ അഭിപ്രായങ്ങൾക്ക് വില കൽപിക്കുന്ന പങ്കാളിയെയാണ് സ്ത്രീകൾ കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്. ജീവിതത്തിലും ബന്ധങ്ങളിലും സമത്വം ആഗ്രഹിക്കുന്നവരാണ് സ്ത്രീകൾ.