ADVERTISEMENT

ചിത്രങ്ങളില്‍ കളിപ്പാട്ടത്തെ പോലെ തോന്നിപ്പിക്കുന്ന ചൊവ്വയിലിറങ്ങിയ പെഴ്‌സിവീറസിന് ഒരു കാറിനോളം വലുപ്പവും ആറ് ചക്രങ്ങളുമുണ്ട്. 2021 ഫെബ്രുവരി 18ന് ഇന്‍ജെന്യുയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനൊപ്പമാണ് പെഴ്‌സിവീറസ് ചൊവ്വയിലേക്ക് ഇറങ്ങുന്നത്. പിന്നീടിന്നുവരെ ചൊവ്വയെ സംബന്ധിക്കുന്ന ഒരുപാട് വിവരങ്ങള്‍ ശേഖരിക്കുകയും മനുഷ്യര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട് ഈ പേടകം. ഏഴു ശാസ്ത്രീയ ഉപകരണങ്ങളും 19 ക്യാമറകളും രണ്ട് മൈക്രോഫോണുകളുമുള്ള ചൊവ്വയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ പെഴ്‌സിവീറസിന്റെ നേട്ടങ്ങള്‍ നിരവധിയാണ്.

 

ഒരുകാലത്ത് വെള്ളം നിറഞ്ഞിരുന്നതെന്ന് കരുതപ്പെടുന്ന ജസീറോ കിടങ്ങിലാണ് പെഴ്‌സിവീറസ് ഇറങ്ങുന്നത്. ഒരുകാലത്ത് ചൊവ്വയില്‍ ജീവനുണ്ടായിരുന്നെങ്കില്‍ അതിന്റെ തെളിവുകള്‍ ശേഖരിക്കുകയെന്ന ദൗത്യവും പെഴ്‌സിവീറസിനുണ്ട്. ചൊവ്വയെ വാസയോഗ്യമാക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഈ പഠനങ്ങള്‍ വഴി സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമോ എന്നതടക്കമുള്ള പരീക്ഷണങ്ങള്‍ പെഴ്‌സീവിറന്‍സന്‍സിന്റെ ദൗത്യത്തില്‍ ഉള്‍പ്പെടും. 

 

പാറ തുളക്കാനും സാംപിളുകള്‍ ശേഖരിക്കാനുമുള്ള ഉപകരണങ്ങള്‍ വരെ പെഴ്‌സിവീറസിനുണ്ട്. ഇതുവരെ ചൊവ്വയിലെ 15 പാറകള്‍ തുരന്ന് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട് പെഴ്‌സിവീറസ്. ഒരുപടി കൂടി കടന്ന് മനുഷ്യ നിര്‍മിതമായ ആദ്യത്തെ അന്യഗ്രഹ സംഭരണശാല വരെ പെഴ്‌സിവീറസ് ചൊവ്വയില്‍ നിര്‍മിച്ചു കഴിഞ്ഞു. പലപ്പോഴായി ശേഖരിച്ച ചൊവ്വയിലെ സാംപിളുകളുടെ 10 ടൈറ്റാനിയം ട്യൂബുകളാണ് ഈ സംഭരണശാലയിലുള്ളത്. 

 

ഇൻജെന്യൂയിറ്റി ക്യാമറയിൽനിന്ന് എടുത്തയച്ച ചൊവ്വയുടെ ഉപരിതലത്തിന്റെ ചിത്രം. ഇൻജെന്യൂയിറ്റിയുടെ നിഴൽ ഉപരിതലത്തിൽ കാണാം.
ഇൻജെന്യൂയിറ്റി ക്യാമറയിൽനിന്ന് എടുത്തയച്ച ചൊവ്വയുടെ ഉപരിതലത്തിന്റെ ചിത്രം. ഇൻജെന്യൂയിറ്റിയുടെ നിഴൽ ഉപരിതലത്തിൽ കാണാം.

മൂന്നാം വര്‍ഷത്തില്‍ ജസീറോ കിടങ്ങിലെ തന്നെ ജെന്‍കിന്‍സ് ഗാപ്പ് എന്നുവിളിക്കുന്ന പ്രദേശത്തെ ചിത്രങ്ങള്‍ കൂടുതലായെടുക്കും. ചൊവ്വയില്‍ താരതമ്യേന ചൂട് കൂടുതലുള്ള പ്രദേശമെന്ന് കരുതപ്പെടുന്ന ജസീറോ കിടങ്ങില്‍ മൈനസ് 14 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാറുണ്ട്!. വാര്‍ഷികങ്ങള്‍ പുനരാലോചനയുടേയും ആഘോഷത്തിന്റേയും അവസരമാണ്. പെഴ്‌സിവീറസിന്റെ കാര്യത്തില്‍ ഇത് രണ്ടും നടക്കുന്നുണ്ടെന്നാണ് നാസ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്. 

 

This artist's concept depicts the rover Curiosity, of NASA's Mars Science Laboratory mission, as it uses its Chemistry and Camera (ChemCam) instrument to investigate the composition of a rock surface. ChemCam fires laser pulses at a target and views the resulting spark with a telescope and spectrometers to identify chemical elements. The laser is actually in an invisible infrared wavelength, but is shown here as visible red light for purposes of illustration. The rover is set to land on Mars in the late evening August 5, 2012.  REUTERS/ NASA/JPL-Caltech/Handout (UNITED STATES - Tags: SCIENCE TECHNOLOGY) FOR EDITORIAL USE ONLY. NOT FOR SALE FOR MARKETING OR ADVERTISING CAMPAIGNS. THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. IT IS DISTRIBUTED, EXACTLY AS RECEIVED BY REUTERS, AS A SERVICE TO CLIENTS
Photo: REUTERS/ NASA/JPL-Caltech/Handout

പെഴ്‌സിവീറസ് സംഭരിക്കുന്ന ചൊവ്വയിലെ സാംപിളുകള്‍ ശേഖരിക്കാനായി മറ്റൊരു ദൗത്യം കൂടി നടത്തുന്നുണ്ട്. നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ചേര്‍ന്ന് നടത്തുന്ന ഈ ദൗത്യം 2033 നുള്ളില്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആകെ 38 ടൈറ്റാനിയം സാംപിള്‍ ട്യൂബുകളാണ് പെഴ്‌സിവീറസിലുള്ളത്. ഇതില്‍ 18 എണ്ണം നിറയെ സാംപിളുകള്‍ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട് ഈ പേടകം.

 

പെഴ്‌സിവീറസ് ശേഖരിക്കുന്ന സാംപിളുകള്‍ തിരികെ ഭൂമിയിലേക്കെത്തിക്കാനായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ എര്‍ത്ത് റിട്ടേണ്‍ ഓര്‍ബിറ്റര്‍ (ERO) 2027ല്‍ വിക്ഷേപിക്കും. തൊട്ടടുത്ത വര്‍ഷം നാസയുടെ റോക്കറ്റ് സഹിതമുള്ള സാംപിള്‍ റിട്രൈവല്‍ ലാന്‍ഡര്‍ (SRL) വിക്ഷേപിക്കും. എല്ലാം പ്രതീക്ഷിച്ചപോലെ നടന്നാല്‍ എസ്ആര്‍‌എല്ലിലേക്ക് ശേഖറിച്ച സാംപിളുകള്‍ പെഴ്‌സിവീറസ് എത്തിക്കും. റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച് ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും മുകളിലേക്കെത്തുന്ന എസ്ആര്‍എല്‍ എര്‍ത്ത് റിട്ടേണ്‍ ഓര്‍ബിറ്ററിലേക്കെത്തും. തുടര്‍ന്ന് സാംപിളുകള്‍ ഭൂമിയിലേക്ക് തിരികെ എത്തിക്കാനുള്ള യാത്ര ആരംഭിക്കുകയും ചെയ്യും. 

 

ഏതാണ്ട് പത്തു വര്‍ഷത്തിന് ശേഷം നടക്കുന്ന ഈ സാംപിള്‍ തിരിച്ചെടുക്കല്‍ ദൗത്യങ്ങളുടെ സമയത്ത് പെഴ്‌സിവീറസ് പൂര്‍ണ ആരോഗ്യത്തോടെയുണ്ടാവുമെന്ന് നമുക്ക് ഉറപ്പ് പറയാനാവില്ല. അതുകൊണ്ടാണ് സാംപിളുകള്‍ സൂക്ഷിക്കുന്ന സംഭരണ ശാലകള്‍ നിര്‍മിക്കുന്നത്. വേണ്ടിവന്നാല്‍ ഇന്‍ജെന്യുയിറ്റിയെ പോലുള്ള ഹെലിക്കോപ്റ്ററുകള്‍ വഴി എസ്ആര്‍എല്‍ സാംപിളുകള്‍ ശേഖരിക്കും. 

 

പെഴ്‌സിവീറസ് ദൗത്യത്തിന്റെ ഭാഗമായ ഇന്‍ജെന്യുയിറ്റി ഹെലിക്കോപ്റ്റര്‍ മറ്റൊരു പരീക്ഷണമായിരുന്നു. 1.8 കിലോഗ്രാം മാത്രം ഭാരമുള്ള ഇന്‍ജെന്യുയിറ്റി വഴിയാണ് നേര്‍ത്ത അന്തരീക്ഷമുള്ള ചൊവ്വയില്‍ മനുഷ്യ നിര്‍മിത വസ്തുക്കള്‍ക്ക് പറക്കാനാവുമോ എന്ന് നമ്മള്‍ പരീക്ഷിച്ചറിഞ്ഞത്. 43 തവണയായി 8.9 കിലോമീറ്റര്‍ പറന്ന് വിജയം വരിക്കാന്‍ ഇന്‍ജെന്യുയിറ്റിക്ക് സാധിച്ചു. പെഴ്‌സിവീറസ് ഇതുവരെ 14.57 കിലോമീറ്റര്‍ ചൊവ്വയില്‍ സഞ്ചരിച്ചു കഴിഞ്ഞു. പെഴ്‌സിവീറസിന്റെ പല നേട്ടങ്ങളും അതിശയിപ്പിക്കുന്നതാണ്. 

 

ഇതുവരെ 1.66 ലക്ഷത്തിലേറെ ചൊവ്വയുടെ ചിത്രങ്ങളാണ് പെഴ്‌സിവീറസ് ഭൂമിയിലേക്ക് അയച്ചിട്ടുള്ളത്. ചൊവ്വയുടെ അകത്തു നിന്നുള്ള 6,76,828 ചെറു ശബ്ദങ്ങള്‍ വിവരങ്ങളാക്കി ഭൂമിയിലേക്കയക്കാന്‍ ഈ പേടകത്തിലെ റഡാറുകള്‍ക്ക് സാധിച്ചു. ചൊവ്വയിലെ പാറ തുളച്ചുകൊണ്ട് 2,30,554 തവണ ലേസറുകള്‍ പ്രവര്‍ത്തിച്ചു. ചൊവ്വയില്‍ നിന്നുള്ള 662 ശബ്ദ ശേഖരങ്ങളും പെഴ്‌സിവീറസ് ഭൂമിയിലേക്കയച്ചിട്ടുണ്ട്. ചൊവ്വയിലെ ഗാലെ കിടങ്ങില്‍ 2012ല്‍ ഇറങ്ങിയ അമേരിക്കന്‍ പേടകമായ ക്യൂരിയോസിറ്റിയുടെ പിന്‍ഗാമിയാണ് പെഴ്‌സിവീറസ്.

 

English Summary: Perseverance rover enters 3rd year on Mars with goal set to find ancient microbial life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com